പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും പണം വെട്ടിച്ചത് ചോദ്യം ചെയ്ത എസ് എഫ് ഐ ക്കാരെ സസീം മർദ്ദിച്ച കേസ്: നസീമടക്കം അഞ്ചു പ്രതികൾ ഹാജരാകാൻ കോടതിയുടെ അന്ത്യശാസനം: പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കോളേജിൽ നിന്ന് പിരിച്ച പണം വെട്ടിച്ചത് ജില്ലാ കമ്മിറ്റിയിൽ ഉന്നയിച്ചതിനാണ് മർദ്ദിച്ചത്

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും പണം വെട്ടിച്ചത് ചോദ്യം ചെയ്ത എസ് എഫ് ഐ ക്കാരെ സസീം മർദ്ദിച്ച കേസിൽ അഞ്ചു പ്രതികളോട് ഹാജരാകാൻ നിർദേശം. ദുരിതാശ്വാസ നിധിയിലേക്കുള്ള പണം വെട്ടിച്ചത് ചോദ്യം ചെയ്തതിനാണ് തലസ്ഥാനത്തെ യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതിയും പി എസ് സി കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതിയുമായ നസീമും യൂണിറ്റ് ഭാരവാഹികളും ചേർന്ന് എസ് എഫ് ഐ പ്രവർത്തകരെ ദേഹോപദ്രവം ഏൽപ്പിച്ചത്. ഈ കേസിൽ നസീമടക്കം അഞ്ച് പ്രതികൾ ആഗസ്റ്റ് 22 ന് കോടതിയിൽ ഹാജരാകാൻ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി അന്ത്യശാസനം നൽകി. വിചാരണക്ക് മുന്നോടിയായുള്ള കുറ്റം ചുമത്തലിനായി 2019 സെപ്റ്റംബർ 6 , ഡിസംബർ 5 , 2020 മാർച്ച് 5 , മെയ് 28 എന്നീ തീയതികളിൽ കേസ് പരിഗണിച്ചിട്ടും പ്രതികൾ ഹാജരാകാത്തതിനാലാണ് കോടതി അന്ത്യശാസനം നൽകിയത്.
ആക്രമണ കേസിൽ ഒന്നു മുതൽ അഞ്ചു വരെ പ്രതികളായ യുണിവേഴ്സിറ്റി കോളേജ് എസ് എഫ് ഐ യൂണിറ്റ് മുൻ സെക്രട്ടറി നസീം , യൂണിറ്റ് ഭാരവാഹികളായ ജിത്തു , അമൻ , അരുൺ കുമാർ , ആശിഖ് എന്നിവരാണ് കോടതിയിൽ ഹാജരാകേണ്ടത്.
കോളേജിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച പണം നസീമും കൂട്ടാളികളും വെട്ടിച്ചത് ജില്ലാ കമ്മിറ്റിയിൽ ഉന്നയിച്ചതിനാണ് എസ് എഫ് ഐ പ്രവർത്തകരെ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. മുൻ ജില്ലാ കമ്മിറ്റിയംഗവും വഞ്ചിയൂർ ഏരിയാ പ്രസിഡന്റുമായിരുന്ന അമ്പാടി ശ്യാം പ്രകാശിനെയും സുഹൃത്ത് അമലിനെയുമാണ് നസീമും യൂണിറ്റ് ഭാരവാഹികളും സംഘം ചേർന്ന് മർദ്ദിച്ചത്. അസഭ്യം വിളിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും തടഞ്ഞു വെച്ച് തടിക്കസേര കൊണ്ട് മുതുകത്തടിക്കുകയും ചെയ്തു. ഭയന്നോടിയ ശ്യാം പ്രകാശ് അന്തർദേശീയ സെമിനാർ ഹാളിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്.
നസീം കെ എ പി ( കേരള ആംഡ് പോലീസ് ) ബറ്റാലിയൻ കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്ന് പാർട്ടിയുടെ പല മേഖലകളിൽ നിന്നും കേസ് പിൻവലിക്കാൻ ഇവർക്ക് മേൽ സമ്മർദ്ദമുണ്ടായിരുന്നു. സി പി എം നേതാക്കളോടും എസ് എഫ് ഐ സംസ്ഥാന നേതാക്കളോടും ഇവർ പരാതിപ്പെട്ടിരുന്നു. എന്നാൽ പരാതിപ്പെടുന്നവരാണ് കുറ്റക്കാരെന്ന രീതിയാണ് പാർട്ടി സ്വീകരിച്ചതെന്നും ആരോപണമുണ്ട്. പരീക്ഷാ തട്ടിപ്പ് കേസായതിനെ തുടർന്ന് ചുരുക്കപ്പട്ടിക ലിസ്റ്റിൽ നിന്ന് നസീമിനെയും കൂട്ടുപ്രതി യൂണിവേഴ്സിറ്റി കോളേജ് എസ് എഫ് ഐ യൂണിറ്റ് മുൻ പ്രസിഡൻ്റ് ശിവരഞ്ജിത്തിനെയും നീക്കം ചെയ്തു. പരീക്ഷാ ഹാളിലിരുന്ന് ബ്ലൂറ്റൂത്ത് സ്മാർട്ട് വാച്ച് വഴി ഉത്തരങ്ങൾ പകർത്തിയെഴുതിയ ഇവർക്ക് റാങ്ക് പട്ടികയിൽ യഥാക്രമം മൂന്നാം റാങ്കും ഇരുപത്തിയാറാം റാങ്കും വീതം ലഭ്യമായിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 143 ( ന്യായ വിരുദ്ധമായ സംഘം ചേരൽ ) , 147 ( ലഹളയുണ്ടാക്കൽ ) , 148 ( മാരകായുധങ്ങൾ ഉപയോഗിച്ച് ലഹളയുണ്ടാക്കൽ ) , 149 ( ന്യായവിരുദ്ധ സംഘത്തിലെ അംഗമാകൽ ) , 294 - ബി ( അശ്ലീല പദപ്രയോഗം നടത്തൽ ) , 323 ( സ്വേച്ഛയാ ദേഹോപദ്രവം ഏൽപ്പിക്കൽ ) , 324 ( മാരകമായ ആയുധമുപയോഗിച്ചുള്ള ദേഹോപദ്രവം ഏൽപ്പിക്കൽ ) , 341 ( അന്യായമായി തടഞ്ഞു വെക്കൽ ) , 427 ( നാശനഷ്ടം വരുത്തി ദ്രോഹം ചെയ്യൽ ) എന്നീ ശിക്ഷാർഹമായ കുറ്റം ചുമത്തിയാണ് കൻ്റോൺമെൻ്റ് പോലീസ് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.
https://www.facebook.com/Malayalivartha

























