കേരളത്തിലേക്ക് മടങ്ങാന് മോഹിച്ച് അതിഥി തൊഴിലാളികള്

ജന്മനാടുകളില് ക്വാറന്റീന് സമയത്ത് ലഭിച്ച സൗകര്യങ്ങളുടെ അഭാവം, ലോക്ഡൗണിനിടെ സമരമുള്പ്പെടെ നടത്തി ജന്മനാട്ടിലേക്ക് പോയ അതിഥി തൊഴിലാളികളില് പലരെയും കേരളത്തിലേക്ക് തന്നെ മടങ്ങി വരാന് പ്രേരിപ്പിക്കുന്നു. കേരളത്തില് നിന്ന് ബിഹാര്, ഒഡീഷ, ബംഗാള് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പോയ തൊഴിലാളികളാണ് കൂടുതലും മടങ്ങി വരാന് ശ്രമിക്കുന്നത്.
മടങ്ങിപ്പോയ അതിഥി തൊഴിലാളികളില് നിന്ന് തന്നെ, തിരികെ വരാനുള്ള പാസിനായി വിവിധ ജില്ലകളിലേക്ക് നൂറില്പരം അപേക്ഷകള് ലഭിച്ചുവെന്നാണ് വിവരം. പാലക്കാട് ജില്ലയില് മാത്രം 28,000 തൊഴിലാളികളുണ്ട്. ഇവരില് പകുതിയിലേറെ പേര് ജന്മനാടുകളിലേക്ക് മടങ്ങിയിരുന്നു. ഇവരില് പലരും മടങ്ങിവരാന് അപേക്ഷ നല്കിയിട്ടുണ്ട്.
ഇവര് ജോലി ചെയ്യുന്ന കമ്പനി മാനേജ്മെന്റിന്റെ സഹായവും ഇവരെ മടക്കിക്കൊണ്ടു വരാന് ലഭ്യമാക്കിയിട്ടുണ്ട്. റോഡ് മാര്ഗവും ട്രെയിന് മാര്ഗവും ഇവരെ എത്തിക്കാനാണ് ശ്രമം. മലയാളികള്ക്കൊപ്പം അഞ്ഞൂറിലേറെ അതിഥി തൊഴിലാളികള് കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ മടങ്ങിയെത്തിയിട്ടുണ്ടെന്നാണ് ചെക്പോസ്റ്റ് അധികൃതര് പറയുന്നത്.
ക്വാറന്റീന് കേന്ദ്രങ്ങളില് , നാട്ടില് തിരിച്ചെത്തിയ പലര്ക്കും കിടക്കാന് കട്ടില് പോലും ഇല്ലാത്ത സ്ഥിതിയായിരുന്നെന്നും നിലത്ത് കള്ളി വരച്ച് കിടക്കാനാണ് ആവശ്യപ്പെട്ടതെന്നും ഭക്ഷണം പോലും കൃത്യസമയത്ത് ലഭിച്ചിരുന്നില്ലെന്നും ഇവര് പറയുന്നു. ജോലി പോലും ഇല്ലാതെ ഇനിയുള്ള ദിവസങ്ങളില് എങ്ങനെ ജീവിക്കുമെന്ന ആശങ്കയും ഇവരെ അലട്ടിയിരുന്നു. ഇതോടെയാണ് പലരും തൊഴില് സ്ഥാപനങ്ങളുടെ സഹായത്തോടെ മടങ്ങിവരാനൊരുങ്ങുന്നത്. മടങ്ങിവരുന്നവര്ക്ക് അതീവ ജാഗ്രതാനിര്ദേശം നല്കിയെന്നും സുരക്ഷ ഉറപ്പാക്കുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.
https://www.facebook.com/Malayalivartha



























