എസ്.എസ്.എല്.സി വിജയിച്ച വിദ്യാര്ഥികള്ക്കായി സംസ്ഥാനത്തെ ഹയര് സെക്കന്ഡറി സ്കൂളുകളിലുള്ളത് 361746 പ്ലസ് വണ് സീറ്റുകള്, അപേക്ഷ സമര്പ്പണം ജൂലൈ 15ന് മുമ്പ് ആരംഭിക്കും

എസ്.എസ്.എല്.സി വിജയിച്ച വിദ്യാര്ഥികള്ക്കായി സംസ്ഥാനത്തെ ഹയര് സെക്കന്ഡറി സ്കൂളുകളിലുള്ളത് 361746 പ്ലസ് വണ് സീറ്റുകള്. ഇതില് 141050 സീറ്റുകള് സര്ക്കാര് സ്കൂളുകളിലും 165100 സീറ്റുകള് എയ്ഡഡ് മേഖലയിലുമാണ്. 55596 സീറ്റുകള് അണ്എയ്ഡഡ് സ്കൂളുകളില്. സര്ക്കാര് സ്കൂളുകളിലെ മുഴുവന് സീറ്റുകളും എയ്ഡഡ് സ്കൂളുകളിലെ കമ്യൂണിറ്റി, മാനേജ്മന്റെ് ക്വോട്ട സീറ്റുകള് ഒഴികെയുള്ള സീറ്റുകളുമാണ് സര്ക്കാര് നേരിട്ട് നടത്തുന്ന ഏകജാലക പ്രവേശനത്തിന് കീഴില് വരുന്നത്.
കഴിഞ്ഞ വര്ഷം സര്ക്കാര്, എയ്ഡഡ് സ്കൂളുകളില് നിലവിലുള്ള ബാച്ചുകളില് 20 ശതമാനം വരെ ആനുപാതിക സീറ്റ് വര്ധന അനുവദിച്ചിരുന്നു. ഇത്തവണ ആനുപാതിക സീറ്റ് വര്ധന അനുവദിച്ചുള്ള ഉത്തരവ് ഇറങ്ങിയിട്ടില്ല. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില് എസ്.എസ്.എല്.സി വിജയിച്ച കുട്ടികളുടെ എണ്ണത്തെക്കാള് പ്ലസ് വണ് സീറ്റുകളുണ്ട്. എന്നാല്, മലപ്പുറത്ത് പ്ലസ് വണ് സീറ്റുകളെക്കാള് 23408 പേര് കൂടുതലായി എസ്.എസ്.എല്.സി വിജയിച്ചവരായുണ്ട്.
കോഴിക്കോട്, പാലക്കാട്, കണ്ണൂര്, കാസര്കോട് തുടങ്ങിയ ജില്ലകളിലും എസ്.എസ്.എല്.സി വിജയിച്ചവരുടെ എണ്ണം പ്ലസ് വണ് സീറ്റുകളെക്കാള് കൂടുതലാണ്. അപേക്ഷ സമര്പ്പണം ജൂലൈ 15ന് മുമ്പ് ആരംഭിക്കും
പ്ലസ് വണ് ഏകജാലക പ്രവേശനത്തിന് ജൂലൈ 15ന് മുമ്പ് ഓണ്ലൈന് അപേക്ഷ സ്വീകരിച്ചുതുടങ്ങും. പ്രവേശന സമയക്രമത്തില് തീരുമാനമെടുക്കാന് ഉന്നതതലയോഗം ബുധനാഴ്ചയോ വ്യാഴാഴ്ചയോ നടക്കും. ജൂലൈ 15ന് മുമ്പ് തുടങ്ങുന്ന അപേക്ഷ സമര്പ്പണം പത്തുദിവസം നീളും. ജൂലൈ 15ന് പ്രസിദ്ധീകരിക്കുന്ന സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ വിജയിക്കുന്നവര്ക്കുകൂടി സംസ്ഥാന സിലബസില് പ്ലസ് വണ് പഠനത്തിന് അപേക്ഷിക്കാന് അവസരമൊരുക്കും. പ്രവേശനനടപടികള് ഓണ്ലൈനായതിനാല് നിയന്ത്രണങ്ങള് ബാധിക്കില്ലെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.
അലോട്ട്മന്റെ് പൂര്ത്തിയാകുന്ന സമയത്ത് സ്കൂളുകള് തുറക്കാനാകാത്ത സാഹചര്യമാണെങ്കില് പ്ലസ് വണ് ക്ലാസുകളും ഓണ്ലൈന് രീതിയില് തുടങ്ങും. പ്ലസ് വണ് പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്ഥികള്ക്കും സൗകര്യമൊരുക്കും. നിലവില് ഹയര്സെക്കന്ഡറി, ഐ.ടി.ഐ, പോളിടെക്നിക് എന്നിവിടങ്ങളിലായി 423975 സീറ്റുകളുണ്ട്. പ്രാഥമിക വിലയിരുത്തലില് എസ്.എസ്.എല്.സി ജയിച്ച എല്ലാ കുട്ടികള്ക്കും പ്രവേശനം ലഭ്യമാകുമെന്നാണ് കരുതുന്നത്. പല ജില്ലയിലും പ്ലസ് വണ് സീറ്റുകള് ഒഴിഞ്ഞുകിടക്കുന്നത് പരിശോധിച്ച് ആവശ്യമായ ക്രമീകരണം നടത്തും. മുന് വര്ഷത്തെ അപേക്ഷിച്ച് 9412 വിദ്യാര്ഥികള് കുറവാണ് ഇത്തവണ എസ്.എസ്.എല്.സി ജയിച്ചവര്.
https://www.facebook.com/Malayalivartha



























