ആനയറ ഓട്ടോ ഡ്രൈവർ വിപിൻ കൊലക്കേസ്; ആറു പ്രതികൾ ജൂലൈ 10 ന് ഹാജരാകാൻ കോടതി ഉത്തരവ്

തലസ്ഥാനത്തെ പാറ്റൂർ ജംഗ്ഷനിലെ ആർടെക് സെൻട്രൽ മാളിന് സമീപത്തെ ഓട്ടോറിക്ഷാ സ്റ്റാൻ്റിൽ നിന്ന് ആനയറ ആശുപത്രിയിലേക്കെന്ന് പറഞ്ഞ് സവാരി വിളിച്ചു കൊണ്ടു പോയി ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആറു പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. പ്രതികളെ ജുലൈ 10 ന് ഹാജരാക്കാൻ പേട്ട പോലീസ് സർക്കിൾ ഇൻസ്പെക്ടറോടാണ് കോടതി ഉത്തരവിട്ടത്.
കവർച്ചയുൾപ്പെടെ അനവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ചാക്ക സ്വദേശികളായ ചിക്കു എന്ന റസിംഖാൻ ( 30 ) , മുരുകൻ എന്ന ജയദേവൻ ( 27 ) , കരിക്കകം സ്വദേശി കൊച്ചുമോൻ എന്ന വിനീഷ് ( 23 ) , പേട്ട സ്വദേശികളായ അനുലാൽ ( 26 ) , ഉണ്ണി എന്ന ശിവ പ്രതാപ് ( 37 ) , കടകംപള്ളി സ്വദേശി റിജു ( 28 ) എന്നിവരാണ് വിപിൻ കൊലക്കേസിലെ ഒന്നു മുതൽ ആറുവരെയുള്ള പ്രതികൾ.
വഞ്ചിയൂരിന് സമീപം താഴശ്ശേരി നിവാസിയും പാറ്റൂർ ജംഗ്ഷനിൽ ഓട്ടോ റിക്ഷാ സ്റ്റാൻ്റിലെ ഓട്ടോ ഡ്രൈവറുമായ കൊച്ചുകുട്ടൻ എന്ന വിപിനിനെ ( 35 ) യാണ് അക്രമിസംഘം കൊലപ്പെടുത്തിയത്.
2019 ഒക്ടോബർ 20 ന് അർദ്ധരാത്രിയാണ് നഗരത്തെ നടുക്കിയ സംഭവം നടന്നത്. ശനിയാഴ്ച അർദ്ധരാത്രി വിപിൻ പതിവായി ഓട്ടോയിടുന്ന പാറ്റൂർ ജംഗ്ഷന് സമീപം സെൻട്രൽ മാളിന് സമീപമുള്ള ഓട്ടോസ്റ്റാൻറിൽ ഓട്ടോ പാർക്ക് ചെയ്ത് മാളിൽ നിന്ന് സെക്കൻ്റ് ഷോ സിനിമ കണ്ടിറങ്ങുന്നവരുടെ സവാരി കാത്ത് കാത്തിരിക്കുകയായിരുന്നു വിപിൻ. പുലർച്ചെ ഒരു മണിയോടെ കൊലയാളി സംഘാംഗമായ ഒരു പ്രതി വിപിൻ്റെ ഓട്ടോ ആനയറ ലോർഡ്സ് ആശുപത്രിയിലേക്കെന്ന് പറഞ്ഞ് സവാരി വിളിച്ചു കൊണ്ടുപോയി. കൂട്ടുപ്രതികൾ ബൈക്കിൽ മാരകായുധങ്ങളായ വാളുകൾ സഹിതം ബൈക്കിൽ ഓട്ടോയെ പിന്തുടർന്നു. ലോർഡ്സ് ആശുപത്രിക്ക് സമീപമെത്തിയപ്പോൾ പ്രതികൾ ഓട്ടോറിക്ഷ തടഞ്ഞു നിർത്തി മാരകായുധങ്ങളായ വാളുകൾ ഉപയോഗിച്ച് ഓട്ടോറിക്ഷയുടെ മുൻവശമുള്ള വിൻഡ് ഫീൽഡ് ഗ്ലാസ് അടിച്ചു പൊട്ടിച്ചു. തുടർന്ന് വിപിനെ തലങ്ങും വിലങ്ങും വെട്ടി ക്രൂരമായും മൃഗീയമായും കൊലപ്പെടുത്തുകയായിരുന്നു.
2019 ആഗസ്റ്റിൽ നഗരത്തിലെ ചാക്ക ബാറിൽ വച്ച് മദ്യപിക്കുന്നതിനിടെ പ്രതികളിലൊരാളായ കരിക്കകം സ്വദേശി വിനീഷിൻ്റെ സുഹൃത്തായ വൈശാഖനും വിപിനും തമ്മിൽ വാക്കേറ്റവും കലഹവുമുണ്ടായി. വാക്കേറ്റത്തിനൊടുവിൽ വിപിൻ്റെ കൈവശമിരുന്ന ഒരു ബിയർ കുപ്പി കൊണ്ട് വൈശാഖിന് പരിക്കേറ്റു. പരിക്കുകളോടെ വൈശാഖ് രക്ഷപ്പെട്ടെങ്കിലും വിപിനും വിപിൻ്റെ സംഘാംഗങ്ങളും വീണ്ടും ആക്രമിക്കുമെന്ന് വൈശാഖിൻ്റെ സുഹൃത്തുക്കളായ പ്രതികൾ ചിന്തിച്ചു. ഈ ഭയമാണ് വിപിനെ എന്നെന്നേക്കുമായി തീർക്കാൻ ആറംഗ സംഘത്തെ പ്രേരിപ്പിച്ചത്. ഗൂഢാലോചന നടത്തി പ്രതികൾ വിപിനെ വകവരുത്തുകയായിരുന്നു.
പിറ്റേന്ന് രാത്രി 8 മണിയോടെ ആറംഗ അക്രമിസംഘം തുമ്പ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. അവിടെ നിന്നും പ്രതികളെ പേട്ട പോലീസിന് കൈമാറുകയായിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 143 ( ന്യായവിരുദ്ധമായ സംഘം ചേരൽ ) , 147 ( ലഹളയുണ്ടാക്കൽ) , 148 ( മാരകായുധങ്ങളുമായി ലഹളയുണ്ടാക്കൽ ) , 149 ( ന്യായവിരുദ്ധ സംഘത്തിലെ അംഗമാകൽ ) , 120 - ബി (ക്രിമിനൽ ഗൂഢാലോചന ) , 341 ( അന്യായ തടസ്സം ചെയ്യയൽ ) , 342 ( അന്യായ തടങ്കലിൽ വയ്ക്കൽ ) , 201 ( കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മറയ്ക്കാനായി തെളിവ് അപ്രത്യക്ഷമാക്കൽ , കളവായ വിവരം നൽകൽ ) , 302 ( കൊലപാതകം ) എന്നീ വകുപ്പുകൾ ചുമത്തിയാണ് പേട്ട പോലീസ് സർക്കിൾ ഇൻസ്പെക്ടർ കുറ്റപത്രം സമർപ്പിച്ചത്.
https://www.facebook.com/Malayalivartha



























