സ്വര്‍ണക്കടത്തിനായി പ്രതികള്‍ സമാഹരിച്ചത് എട്ടു കോടി രൂപ... പണം സമാഹരിച്ചത് റമീസും, ജലാലും, സന്ദീപും ചേര്‍ന്ന്, ഇടനിലക്കാരായ സ്വപ്നയ്ക്കും സരിത്തിനും കമ്മീഷന്‍ ഏഴ് ലക്ഷം രൂപ, തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്...

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ജ്വല്ലറികളില്‍ വില്‍ക്കാന്‍ വേണ്ടിയാണ് ദുബായില്‍ നിന്ന് സ്വര്‍ണം എത്തിച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. എട്ട് കോടി രൂപയാണ് സ്വര്‍ണക്കടത്തിനായി പ്രതികള്‍ സമാഹരിച്ചത്. റമീസും, ജലാലും, സന്ദീപും ചേര്‍ന്നാണ് പണം സമാഹരിച്ചത്. ജലീലാണ് ജ്വല്ലറികളുമായി കരാറുണ്ടാക്കിയത്. ഇടനിലക്കാരായ സ്വപ്നയ്ക്കും സരിത്തിനും ഏഴ് ലക്ഷം രൂപയാണ് കമ്മീഷന്‍. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരുടെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തി.
മഞ്ചേരി സ്വദേശി അന്‍വറിന്റെയും, വേങ്ങര സ്വദേശി സെയ്തലവിയുടെയും അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൂടുതല്‍ അറസ്റ്റുകള്‍ ഇന്നുണ്ടായേക്കുമെന്നാണ് സൂചന. അതേസമയം, പ്രതിയായ സന്ദീപ് നായരില്‍ നിന്ന് പിടിച്ചെടുത്ത രഹസ്യ ബാഗ് ഇന്നലെ തുറന്നു പരിശോധിച്ചു. കള്ളക്കടത്തുമായി ബന്ധപ്പെട്ട ചില രേഖകള്‍ ലഭിച്ചതായി സൂചനയുണ്ടെങ്കിലും വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഇന്നലെ വൈകിട്ട് നാലു മണിയോടെ തുറന്ന ബാഗിന്റെ പരിശോധനാ നടപടികള്‍ രാത്രി ഏഴരയോടെയാണ് പൂര്‍ത്തിയായത്.
കഴിഞ്ഞ ദിവസം തന്നെ ബാഗ് തുറന്നു പരിശോധിക്കണമെന്ന ആവശ്യവുമായി എന്‍.ഐ.എ സംഘം കൊച്ചിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
"
https://www.facebook.com/Malayalivartha

























