കുന്തളംപാറയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ വീട്ടമ്മയുടേത്

കാണാതായ കുര്യാലില്‍ കാമാക്ഷിയുടെ ഭാര്യ അമ്മിണി(65)യുടെ മൃതദേഹമാണ് ഇടുക്കി കട്ടപ്പന കുരിശുപള്ളി കുന്തളംപാറയില്‍ കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ചു. മൃതദേഹത്തില്‍ കഴുത്തിനു പിന്‍ഭാഗത്ത് വെട്ടേറ്റ പാടുണ്ട്. ഇതേത്തുടര്‍ന്നാണ് കൊലപാതകമാണെന്ന നിഗമനത്തിലേക്ക് എത്തിയത്. കൊലപാതകശേഷം മറവ് ചെയ്യുകയായിരുന്നുവെന്നാണ് കരുതുന്നത്.
വയോധികയെ കാണാനില്ലെന്ന ബന്ധുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ വീടിനു സമീപം മറവു ചെയ്ത നിലയില്‍ ചൊവ്വാഴ്ച്ച രാവിലെയാണു മൃതദേഹം കണ്ടത്. ഒരു മാസമായി കാണാനില്ലാത്ത അമ്മിണിയുടെ അയല്‍വാസിയായ യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
ഇടുക്കി അസിസ്റ്റന്റ് കലക്ടര്‍ സൂരജ് ഷാജി, ആര്.ഡി.ഒ: അതുല്‍ സ്വാമിനാഥ് എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്നലെ രാവിലെ 11-ന് മൃതദേഹം പുറത്തെടുത്തു. മഹസര്‍ തയാറാക്കി പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ഇവരുടെ വീടു തുറന്ന് പരിശോധിച്ചപ്പോള്‍ മുറിയില്‍ അടിക്കാനുപയോഗിച്ചതെന്നു കരുതുന്ന തടിക്കഷണവും രക്തകറകളും കണ്ടെത്തി.
മൃതദേഹത്തിന് ഒരു മാസത്തെ പഴക്കമുള്ളതിനാല്‍ ഫോറന്‍സിക് സംഘം ശാസ്ത്രീയ തെളിവുകള്‍ പരമാവധി ശേഖരിക്കുവാനുള്ള ശ്രമത്തിലാണ്. ആന്തരികഅവയവങ്ങളുടെ പരിശോധനകള്‍ക്കു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ.
https://www.facebook.com/Malayalivartha

























