ഏത് സമയത്താണോ എന്തോ... സരിത്തിനെപ്പോലും വെട്ടിലാക്കി സ്വപ്നയുടെ മൊഴി; നയതന്ത്ര പാഴ്‌സല്‍ വഴി സ്വര്‍ണം കടത്താനുള്ള ആശയം സന്ദീപിന്റേതാണെങ്കിലും അതിന് പിന്നിലെ തല തേടി അന്വേഷണ സംഘം; മൊഴികളിലെ വൈരുദ്ധ്യം തേടി കസ്റ്റംസ്; സ്വപ്നയ്ക്ക് പാരയായി വ്യാജ സര്‍ട്ടിഫിക്കറ്റ്

സ്വര്‍ണക്കടത്തു കേസില്‍ ശിവശങ്കറിനെ മാരത്തോണ്‍ ചര്‍ച്ചയ്ക്ക് ശേഷം വിട്ടയച്ചപ്പോള്‍ ആശ്വാസ തീരത്താണ് പലരും. ഇതോടെ ചാനലുകളും പത്രങ്ങളും മറ്റ് പല വിഷയങ്ങളിലേക്കും കടന്നു. എന്നാല്‍ സ്വര്‍ണക്കടത്ത് കേസിലെ ഓരോ വഴികളും അന്വേഷിക്കുകയാണ് എന്‍ഐഎയും കസ്റ്റംസും.
കസ്റ്റംസിന്റെ കേസ് പുരോഗമിക്കും തോറും സരിത്തിനെ വെട്ടിലാക്കുന്ന മൊഴിയാണ് സ്വപ്ന നല്‍കിയത്. സരിത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാന്‍ വേണ്ടിയാണു സ്വര്‍ണക്കടത്തിനു കൂട്ടുനിന്നതെന്നാണ് സ്വപ്നയുടെ മൊഴി. നയതന്ത്ര പാഴ്‌സലില്‍ നിന്ന് 30 കിലോഗ്രാം സ്വര്‍ണം പിടികൂടിയ കേസില്‍ കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിലാണു സ്വപ്ന ഇക്കാര്യം വെളിപ്പെടുത്തിയത്.
നയതന്ത്ര പാഴ്‌സല്‍ വഴി സ്വര്‍ണം കടത്താനുള്ള ആശയം സന്ദീപിന്റേതാണെന്നാണു കസ്റ്റംസിന് ഇതുവരെ ലഭിച്ച വിവരം. എന്നാല്‍, ഇത്രയും സുരക്ഷിതമായ മാര്‍ഗം സന്ദീപിനു പറഞ്ഞു കൊടുത്തതു മറ്റാരെങ്കിലുമായിരിക്കുമെന്നു കസ്റ്റംസ് കരുതുന്നു.
സ്വപ്നയുടെയും സന്ദീപിന്റെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്. ചൊവ്വാഴ്ച കസ്റ്റഡിയില്‍ ലഭിച്ച 10 പ്രതികളില്‍ ജലാല്‍ മുഹമ്മദ്, അംജദ് അലി, മുഹമ്മദ് അബ്ദു ഷമീം എന്നിവരെ ചോദ്യം ചെയ്യലിനു ശേഷം സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ ജില്ലാ ജയിലിലേക്കയച്ചു. കസ്റ്റഡിയില്‍ ലഭിച്ച ബാക്കി പ്രതികളെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. ഇവരെ ഇന്ന് 5 വരെയാണു കസ്റ്റംസിന്റെ കസ്റ്റഡിയില്‍ നല്‍കിയത്. സന്ദീപും സ്വപ്നയുമൊഴികെയുള്ളവര്‍ നേരത്തെ നല്‍കിയ മൊഴികളിലെ വൈരുധ്യങ്ങളാണു കസ്റ്റംസ് പ്രധാനമായും പരിശോധിക്കുന്നത്.
അതേസമയം, എയര്‍ കാര്‍ഗോ അസോസിയേഷന്‍ നേതാവ് ഹരിരാജിനോട് ഇന്നു വീണ്ടും ഹാജരാകാന്‍ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഒരു തവണ ഹരിരാജിനെ ചോദ്യം ചെയ്തിരുന്നു.
അതേസമയം സരിതയ്ക്ക് മറ്റൊരു കുരുക്കുകൂടി മുറുകുകയാണ്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് തിരുവനന്തപുരത്തെ സ്‌പേസ് പാര്‍ക്കില്‍ ഉന്നത നിയമനം നേടിയ കേസില്‍ സ്വപ്ന സുരേഷിന്റെ അറസ്റ്റ് പോലിസ് ഉടന്‍ രേഖപ്പെടുത്തും. നിലവില്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിനെ കസ്റ്റഡി കാലവധി കഴിഞ്ഞ് ജയിലില്‍ പ്രവേശിപ്പിച്ച ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. അറസ്റ്റിന് ശേഷം കോടതിയുടെ അനുവാദത്തോടെ പോലിസ് സ്വപ്നയെ ജയിലില്‍ ചോദ്യം ചെയ്യും. ആവശ്യമെങ്കില്‍ ഇവരെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവെടുക്കും. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസാണ് വ്യാജ ബിരുദ കേസില്‍ സ്വപ്‌നയ്ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ സുനീഷ് ബാബുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് പുറത്തായ ശേഷം ഐടി വകുപ്പിന് കീഴിലുള്ള സ്‌പേസ് പാര്‍ക്കില്‍ ഓപ്പറേഷന്‍സ് മാനേജര്‍ തസ്തികയില്‍ ഇവരെ നിയമിച്ചത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുടെ ശുപാര്‍ശയലാണെന്ന് കണ്ടെത്തിയിരുന്നു. ഇവരുടെ ഡിഗ്രി സര്‍ട്ടിഫിക്കേറ്റ് വ്യാജമാണെന്ന വാര്‍ത്തകളെ തുടര്‍ന്ന് കേരള ഐടി ഇന്‍ഫ്രാസ്ട്രക്ചറല്‍ ലിമിറ്റഡാണ് സ്വപ്‌നയ്ക്ക് എതിരെ പരാതി നല്‍കിയത്. മഹാരാഷ്ട്ര ദാദാ സാഹേബ് അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബികോം സര്‍ട്ടിഫിക്കേറ്റ് ഉപയോഗിച്ചാണ് സ്വപ്‌ന സ്‌പേസ് പാര്‍ക്കില്‍ ജോലി സ്വന്തമാക്കിയത്. എന്നാല്‍ ദാദാ സാഹേബ് അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ ബികോം ബിരുദമില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ സ്വപ്ന പത്താം ക്ലാസ് പാസായോയെന്ന് സംശയമുണ്ടെന്ന് സഹോദരനും വെളിപ്പിടുത്തിയിരുന്നു. 10 ക്ലാസില്ലെങ്കിലും ഒരു ലക്ഷം രൂപയുടെ സാലറി ലഭിക്കുമോ സാറെയെന്ന ചോദ്യം ഇതോടെ പലരും ചോദിച്ചു തുടങ്ങി.
https://www.facebook.com/Malayalivartha