തലസ്ഥാനത്തെ ഞെട്ടിച്ച് കോടികളുടെ തട്ടിപ്പ്; ജില്ലാ കളക്ടറുടെ പേരിലുള്ള അക്കൗണ്ടില്‍നിന്ന് രണ്ട് കോടിയോളം രൂപ തട്ടിയെടുത്തു; തട്ടിപ്പ് വിരമിച്ച ഉദ്യോഗസ്ഥന്റെ യുസര്‍ ഐടിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് ; പിന്നില്‍ സിനീയര്‍ അക്കൗണ്ടന്റ് മാത്രമോ?

വഞ്ചിയൂര്‍ സബ് ട്രഷറിയില്‍ കോടിക്കണക്കിന് രൂപയുടെ തിരുമറി. ജില്ലാ കളക്ടറുടെ പേരിലുള്ള അക്കൗണ്ടില്‍നിന്ന് രണ്ട് കോടിയോളം രൂപയാണ് തട്ടിയത്. സംഭവത്തില്‍ ട്രഷറി ജീവനക്കാരനെതിരേ അന്വേഷണം ആരംഭിച്ചു. നടപടി ആവശ്യപ്പെട്ട് സബ് ട്രഷറി ഓഫീസറും പരാതി നല്‍കി. മെയ് 31ന് വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസര്‍നെയിമും പാസ് വേഡും ഉപയോഗിച്ചാണ് ജീവനക്കാരന്‍ തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. വിരമിച്ചയാളുടെ പാസ് വേഡ് കൈക്കലാക്കി ട്രഷറിയിലെ ജീവനക്കാരന്‍ തന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം മാറ്റുകയായിരുന്നു. ശേഷം ഇടപാടിന്റെ വിശദാംശങ്ങള്‍ ഡിലീറ്റ് ചെയ്തു. എന്നാല്‍ ട്രഷറിയിലെ ഡേ ബുക്കില്‍ തുകയിലെ വ്യത്യാസം കണ്ടതോടെയാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.
വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് ബിജുലാലാണ് രണ്ടു കോടിരൂപ തട്ടിയെടുത്തതെന്നാണ് ആരോപണം. അന്വേഷണത്തില്‍ ഇയാളുടെ പങ്ക് വ്യക്തമായിട്ടുണ്ട്. ഇതിന് പിന്നില്‍ ബിജുലാല്‍ ഒറ്റയ്ക്കാണോ അതോ കൂടുതല്‍ പേര്‍ ഉണ്ടോയെന്ന് അന്വേഷണം നടക്കുകയാണ്. വ്യാപക തട്ടിപ്പുകള്‍ വഞ്ചിയൂര്‍ സബ്ട്രഷറിയില്‍ നടന്നോ എന്നതിക്കുറിച്ചുമൊക്കെ പരിശോധിക്കേണ്ടതുണ്ട്. ബിജുലാലിനെതിരെ ട്രെഷറി ഓഫീസര്‍ വഞ്ചിയൂര്‍ പോലീസില്‍ പരാതി നല്‍കിയതായും വിവരമുണ്ട്. ട്രഷറികളില്‍ പണം ഇടപാട് കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥന്മാര്‍ വിരമിക്കുമ്പോഴോ ട്രാന്‍സഫര്‍ ആകുമ്പോഴോ അവരുടെ യൂസര്‍ നൈയിമും പാസ് വേഡും അതാത് ദിവസം തന്നെ ഡിലീറ്റ് ചെയ്യുകയാണ് പതിവ്.
കോവിഡ് കാലമായതിനാല്‍ വിരമിക്കലിന് മാസങ്ങള്‍ക്കു മുമ്പ് ഉദ്യോഗസ്ഥന്‍ ലീവില്‍ പോയി. ഇദ്ദേഹത്തിന്റെ പാസ്‌വേഡ് കൈക്കലാക്കി സഹപ്രവര്‍ത്തകന്‍ ഈ സമയത്ത് വെട്ടിപ്പു നടത്തിയതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. സര്‍ക്കാര്‍ അക്കൗണ്ടില്‍ നിന്ന് തന്റെ ട്രഷറി അക്കൗണ്ടിലേക്ക് ഘട്ടംഘട്ടമായി ഉദ്യോഗസ്ഥന്‍ പണം മാറ്റി. പിന്നീട് സ്വകാര്യ ബാങ്കിലെ അക്കൗണ്ടുകളിലേക്കു മാറ്റുകയായിരുന്നു.തുക മാറ്റുന്നതിനായി ഉദ്യോഗസ്ഥന്‍ ട്രാന്‍സാക്ഷന്‍ നമ്പര്‍ ജനറേറ്റ് ചെയ്തതിനുശേഷം പിന്നീട് റദ്ദാക്കിയതും റിസര്‍വ് ബാങ്ക് ഡിപ്പോസിറ്റ് ടാലിയാകാത്തതും സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ശ്രദ്ധിച്ചു. തട്ടിപ്പു നടന്നതായി ഉദ്യോഗസ്ഥര്‍ സബ്ട്രഷറി ഉദ്യോഗസ്ഥരെ അറിയിച്ചതിനെത്തുടര്‍ന്നാണ് പരിശോധന ആരംഭിച്ചത്.
ജൂലായ് 27നാണ് സബ് ട്രഷറിയിലെ ജീവനക്കാരന്‍ പണം തട്ടിയതെന്നാണ് വിവരം. സംഭവത്തില്‍ സബ് ട്രഷറി ഓഫീസര്‍ ട്രഷറി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതോടെയാണ് വിശദമായ അന്വേഷണം ആരംഭിച്ചത്. നേരത്തെയും ഇതുപോലെ പണം തട്ടിയിട്ടുണ്ടോ എന്നതും അന്വേഷിക്കും. തട്ടിപ്പ് നടത്തിയ ജീവനക്കാരനെതിരേ ഉടന്‍ വകുപ്പ് തല നടപടിയും സ്വീകരിക്കും.
https://www.facebook.com/Malayalivartha