തിരുവനന്തപുരം കളക്ടറുടെ അക്കൗണ്ടില്‍ നിന്നും രണ്ട് കോടി രൂപ തട്ടിയെടുത്തു ; ട്രഷറി ഉദ്യോഗസ്ഥനെതിരേ അന്വേഷണം

തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍ നിന്നും രണ്ട് കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ ട്രഷറി ഉദ്യോഗസ്ഥനെതിരെ നടപടി ആവശ്യപ്പെട്ട് സബ് ട്രഷറി ഓഫീസര്‍ പരാതി നല്കി. വഞ്ചിയൂര്‍ സബ് ട്രഷറിയിലെ അക്കൗണ്ടില്‍ നിന്നുമാണ് പണം നഷ്ടപ്പെട്ടത്.
ജോലിയില്‍ നിന്നും മാസങ്ങള്‍ക്കു മുന്‍പ് പിരിഞ്ഞു പോയ ഉദ്യോഗസ്ഥന്റെ നെയിം, പാസ്വേഡ് എന്നിവ ഉപയോഗിച്ചാണ് പണം തട്ടിയത്. വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റാണ് രണ്ടു കോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയത്. വിരമിച്ചയാളുടെ പാസ് വേഡ് കൈക്കലാക്കി ട്രഷറിയിലെ ജീവനക്കാരന്‍ തന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം മാറ്റുകയായിരുന്നു. ശേഷം ഇടപാടിന്റെ വിശദാംശങ്ങള്‍ ഡിലീറ്റ് ചെയ്തു. എന്നാല്‍ ട്രഷറിയിലെ ഡേ ബുക്കില്‍ തുകയിലെ വ്യത്യാസം കണ്ടതോടെയാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്.
ജൂലായ് 27-നാണ് സബ് ട്രഷറിയിലെ ജീവനക്കാരന്‍ പണം തട്ടിയതെന്നാണ് വിവരം. സംഭവത്തില്‍ സബ് ട്രഷറി ഓഫീസര്‍ ട്രഷറി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതോടെയാണ് വിശദമായ അന്വേഷണം ആരംഭിച്ചത്. നേരത്തെയും ഇതുപോലെ പണം തട്ടിയിട്ടുണ്ടോ എന്നതും അന്വേഷിക്കും. തട്ടിപ്പ് നടത്തിയ ജീവനക്കാരനെതിരേ ഉടന്‍ വകുപ്പ് തല നടപടിയും സ്വീകരിക്കും.
https://www.facebook.com/Malayalivartha