കളക്ടറുടെ അക്കൗണ്ടില്‍നിന്നു പണം നഷ്ടമായിട്ടില്ല; ട്രഷറി ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്കി

വഞ്ചിയൂര്‍ അഡീഷണല്‍ സബ്ട്രഷറിയിലെ ജില്ലാ കളക്ടറുടെ അക്കൗണ്ടില്‍നിന്നു പണം നഷ്ടമായിട്ടില്ലെന്നു തിരുവനന്തപുരം കളക്ടര്‍ നവ്ജ്യോത് ഖോസ അറിയിച്ചു. ഇതു സംബന്ധിച്ചു ട്രഷറി ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്കി.
കളക്ടറുടെ അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും ട്രഷറി വകുപ്പിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥന് സര്‍ക്കാര്‍ അക്കൗണ്ടിലെ പണം തിരിമറികള്‍ക്കായി ഉപയോഗിച്ചതായി കണ്ടെത്തി. ഇതേതുടര്‍ന്ന് അക്കൗണ്ട്സ് ഓഫീസര്‍ ബിജുലാലിനെ സസ്പെന്‍ഡ് ചെയ്തു. ഇദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ട്രഷറി ഡയറക്ടര്‍ കളക്ടര്‍ക്കു നല്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. വഞ്ചിയൂര്‍ സബ് ട്രഷറിയിലെ അക്കൗണ്ടില്‍ നിന്നു പണം നഷ്ടപ്പെട്ടതായാണു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ജോലിയില്‍ നിന്നും മാസങ്ങള്‍ക്കു മുന്‍പു പിരിഞ്ഞുപോയ ഉദ്യോഗസ്ഥന്റെ യൂസര്‍ നെയിം, പാസ്വേഡ് എന്നിവ ഉപയോഗിച്ചാണു പണം തിരിമറി നടത്തിയത്. വഞ്ചിയൂര്‍ സബ് ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റാണു ബിജുലാല്‍.
സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ട്രഷറി വകുപ്പ് പോലീസില്‍ പരാതി നല്കി. വഞ്ചിയൂര്‍ പോലീസിനും സിറ്റി പോലീസ് കമ്മീഷണര്ക്കുമാണു പരാതി നല്‍കിയത്. അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നു ട്രഷറി ഉദ്യോഗസ്ഥന് പറഞ്ഞു.
https://www.facebook.com/Malayalivartha