ഡോക്ടര്‍ ഐഷയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രവും കുറിപ്പും വ്യാജമെന്ന് ചൂണ്ടിക്കാട്ടി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ രംഗത്ത്

ഡോക്ടര്‍ ഐഷ കോവിഡിനോട് പൊരുതി മരിച്ചെന്നും അവര്‍ അവസാന നിമിഷം പങ്കുവച്ച വാക്കുകളാണിതെന്നും പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രവും കുറിപ്പും വ്യാജമെന്ന് ചൂണ്ടിക്കാട്ടി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത്.
സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായ ഈ കുറിപ്പില്‍ പരാമര്‍ശിക്കപ്പെടുന്ന ഒരു വ്യക്തി തന്നെയില്ലെന്നും ഇതു വ്യാജമാണെന്നുമാണ് സമൂഹ മാധ്യമങ്ങളിലൂടെ തന്നെ ചിലര്‍ പറയുന്നത്. 2017-ലുള്ള ചിത്രമാണ് പ്രചരിക്കുന്നതെന്നും തെളിവ് സഹിതം സമര്‍ഥിക്കുന്നു. ഈ പോസ്റ്റ് ആദ്യം പങ്കുവച്ച ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോള്‍ നിലവിലില്ല. ആശുപത്രി കിടക്കയിലെ ചിത്രം എന്ന് പ്രചരിപ്പിക്കുന്നത് ഒരു ദന്താശുപത്രിയിലെ ചിത്രമാണെന്നുമാണു വ്യക്തമാകുന്നത്.
യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ പങ്കുവച്ച കുറിപ്പ്:
ഇന്ന് ഏറ്റവും കൂടുതല്‍ കണ്ടത് ഡോക്ടര്‍ ഐഷയുടെ വിയോഗമാണ്. ഏത് ഐഷ? എവിടെയാണ് നാട്? ഏത് ആശുപത്രിയില്‍ മരിച്ചു? എന്ന ചോദ്യങ്ങളൊക്കെ നിലനില്‍ക്കെ തന്നെയാണ് ഈ വാര്‍ത്ത വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. ആരോ ഒരാള്‍ ഐഷ എന്ന പേരില്‍ ക്രിയേറ്റ് ചെയ്ത ട്വിറ്റര്‍ ഐഡിയില്‍ നിന്നും തന്റെ അന്ത്യനിമിഷം എന്ന പേരില്‍ കുറിച്ച എഴുത്താണ് ഇപ്പോള്‍ വൈറലായി ഓടുന്നത്.
ട്വിറ്റര്‍ അക്കൗണ്ട് തിരഞ്ഞു പോയപ്പോള്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തതായാണ് കാണുന്നത്. ആശുപത്രിയില്‍ ഉള്ള ചിത്രം എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നത് സാവിന ഡെന്റല്‍ ആശുപത്രിയുടെ സൈറ്റിലെ ഒരു ചിത്രവുമാണ്.
ഉറവിടമില്ലാത്ത ഇത്തരം വാര്‍ത്തകള്‍ക്ക് എത്ര പെട്ടെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം കിട്ടുന്നത് എന്നാണ് ചിന്തിക്കുന്നത്. ഇത്രയും ബലഹീനരാണോ മനുഷ്യര്‍?
സമൂഹമാധ്യമങ്ങളില്‍ ധാരാളം പേര്‍ പങ്കുവച്ച ആ സന്ദേശം:
കണ്ണീരോര്‍മയായി.. ഡോക്ടര്‍ ഐഷയ്ക്ക് പ്രണാമം. ഡോ. ഐഷയുടെ അവസാന സന്ദേശം. കോവിഡ് ബാധിച്ച് മരിക്കുന്നതിനു തൊട്ടുമുമ്പ്, വെന്റിലേറ്ററിലേക്ക് മാറ്റപ്പെടുന്നതിന് തൊട്ടുമുമ്പ്, ഡോ.ഐഷ ട്വിറ്ററില്‍ കുറിച്ച അവസാന സന്ദേശം.!ഹായ്, എന്നെ സംബന്ധിച്ചിടത്തോളം കോവിഡിനെ നേരിടുന്നത് അത്ര എളുപ്പമല്ല. ശ്വാസംമുട്ടല്‍ കൂടുന്നതേയുള്ളൂ. ഇന്ന് എപ്പോഴെങ്കിലും എന്നെ വെന്റിലേറ്ററിലേക്ക് മാറ്റും. എന്നെ ഓര്‍ക്കുക, എന്റെ പുഞ്ചിരി, എപ്പോഴും ഓര്‍മയുണ്ടാകണം. സുരക്ഷിതമായിരിക്കുക. ഈ മാരകമായ വൈറസിനെ ഗൗരവമായി എടുക്കുക. ലവ് യു, ബൈ ഐഷ.
https://www.facebook.com/Malayalivartha