ഷാജി ഹീറോയാടാ ഹീറോ...! വിമാനത്താവളത്തിലെ ചായ, കാപ്പി, സ്നാക്സ് എന്നിവയുടെ തീപിടിച്ച വിലയെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് ഇ-മെയില്‍, വിമാനത്താവള അധികൃതര്‍ വില്‍പ്പന വില ക്രമീകരിച്ചു!

തൃശൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും അഭിഭാഷകനുമായ ഷാജി കോടങ്കണ്ടത്ത് ഡല്‍ഹിയിലേക്കു പെട്ടെന്നു നടത്തേണ്ടിവന്ന യാത്രയ്ക്കായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയതാണ്. തൊണ്ടവേദന കലശലായതിനാല്‍ ഒരു ചൂടുചായ കുടിക്കാമെന്ന് കരുതി. ചായയ്ക്ക് 150 രൂപയെന്ന് കേട്ടപ്പോള്‍ ഞെട്ടി. പോക്കറ്റില്‍ അതിനുള്ള പണമില്ല. മറ്റൊരു ടീസ്റ്റാളില്‍ അന്വേഷിച്ചെങ്കിലും വിലയില്‍ ഒട്ടും കുറവില്ല. തൊണ്ടവേദന കലശലായതിനാല്‍ ബ്ലാക്ക് ടീയില്‍ ഒതുക്കാമെന്ന കരുതിയെങ്കിലും വില 100 രൂപ.
ഇത്തിരിപോന്ന പേപ്പര്‍ കപ്പില്‍ ചൂടുവെള്ളവും ഒപ്പമൊരു ചെറു ടീ ബാഗും. ഇതിനാണ് 100 രൂപയെന്നറിഞ്ഞതോടെ ഷാജി കോടങ്കണ്ടത്തിന്റെ രക്തം തിളച്ചു. അവിടെ കണ്ട ഉദ്യോഗസ്ഥനോട് പരാതിപ്പെട്ടെങ്കിലും അദേഹവും കൈമലര്‍ത്തി.
ഷാജി കോടങ്കണ്ടത്ത് മണ്ണുത്തി- വടക്കാഞ്ചേരി ദേശീയ പാതാ നിര്‍മാണം അടക്കമുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് ഒട്ടേറെ ഇ-മെയില്‍ അയച്ചിട്ടുണ്ടെങ്കിലും, ഒരു നടപടിയുമില്ലാത്ത സാഹചര്യമാണെങ്കിലും യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെ ചായയുമായി ബന്ധപ്പെട്ട ദുരനുഭവം വിവരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിന് ഇ-മെയില്‍ അയക്കുകയെന്ന പതിവ് പരിപാടി തന്നെ ചെയ്തു.
ചായ വിലയുടെ പരാതിയിലും ഷാജി കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഷാജിയ്ക്ക് മറുപടി വന്നു- വിഷയം ഗൗരവത്തോടെ പരിഗണിച്ചിട്ടുണ്ടെന്നും പരാതി വ്യോമയാന മന്ത്രാലയത്തിന് കൈമാറിയെന്നും. വ്യോമയാന മന്ത്രാലയം വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് രാജ്യത്തെ എല്ലാ വിമാനത്താവള അതോറിറ്റിക്കും സന്ദേശം കൈമാറി.
ഷാജി പരാതി നല്‍കിയിരുന്നത് സിയാലില്‍ നിന്നുള്ള അനുഭവം വിവരിച്ചായിരുന്നു. അതിനാല്‍തന്നെ വെബ്സൈറ്റില്‍ ലഭ്യമായത് സിയാലിന്റെ മറുപടി. പരാതി പരിഗണിച്ച് ചായ 15, കാപ്പി-20, സ്നാക്സ് -15 എന്നിങ്ങനെ വില്‍പ്പന വില ക്രമീകരിച്ച തീരുമാനമാണ് സിയാല്‍ അറിയിച്ചത്. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇത് നിലവില്‍ വന്നിട്ടുമുണ്ട്. എന്നാല്‍ കോവിഡ് വ്യാപനം മൂലം വിമാനസര്‍വീസുകള്‍ മുടങ്ങിയതോടെ തീരുമാനം യാത്രക്കാര്‍ അറിഞ്ഞതുമില്ല.
കഴിഞ്ഞ ദിവസം സൈറ്റ് പരിശോധിച്ചപ്പോഴാണ് ഷാജിയും വിവരമറിഞ്ഞത്.
ബ്രാന്റഡ് കമ്പനികളുടെ ഭക്ഷണ-പാനീയങ്ങള്‍ നിരത്തുമ്പോള്‍ തന്നെ സാധാരണക്കാരന് കൂടി അനുവദനീയ വിലയിലും ഇവ ലഭ്യമാക്കാനുള്ള നടപടി വേണമെന്നാണ് ഷാജിയുടെ ആവശ്യം. വില തിരുത്താന്‍ കാരണക്കാരനായ ഷാജിക്ക് സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദനപ്രവാഹം. മറ്റ് വിമാനത്താവള അതോറിറ്റികള്‍ എന്ത് തീരുമാനമാണ് കൈകൊണ്ടതെന്ന് അറിവായിട്ടില്ല. ഇവ വിവരാവകാശ പ്രകാരം ശേഖരിക്കാനുള്ള നീക്കത്തിലാണ് അഡ്വ. ഷാജി.
https://www.facebook.com/Malayalivartha