സ്വപ്നങ്ങള്‍ വീണുടയും... കേന്ദ്രത്തിനെതിരെ നിലപാടെടുത്ത സംസ്ഥാന സര്‍ക്കാരിനെ വെള്ളം കുടുപ്പിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വര്‍ണക്കടത്ത് കേസിന് പിന്നാലെയും കളത്തിലിറങ്ങുന്നു; തെറ്റ് ചെയ്തവരെ വെറുതെ വിടില്ലെന്നും ദേശീയ അന്വേഷണ ഏജന്‍സികളില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും ഗവര്‍ണര്‍

ഒരു സമയത്ത് സംസ്ഥാന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ശക്തമായ മുഖം കേരളം കണ്ടതാണ്. കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ഗവര്‍ണറുടെ നിലപാട് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമായിരുന്നു. സംസ്ഥാനത്തിന് മുകളില്‍ ചോദിക്കാനും പറയാനും ഒരാളുണ്ടെന്ന പ്രതീതിയാണ് എല്ലാവര്‍ക്കും ഉണ്ടായത്. സര്‍ക്കാരിനെതിരെ പറയാനുള്ളത് ചാനലുകാരെ വിളിച്ച് വള്ളി പുള്ളി തെറ്റാതെ പറഞ്ഞപ്പോള്‍ സഖാക്കളുടെ കണ്ണിലെ കരടായി ഗവര്‍ണര്‍ മാറി.
കുറച്ച് നാളുകള്‍ക്ക് ശേഷം ഗവര്‍ണര്‍ വീണ്ടും കളത്തിലിറങ്ങിയിരിക്കുകയാണ്. സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായ സമയത്താണ് ഗവര്‍ണറുടെ ഈ രംഗപ്രവേശനം എന്നതും ശ്രദ്ധേയമാണ്. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സികളില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നത്. നിയമലംഘനം നടത്തിയവര്‍ രക്ഷപെടില്ലെന്ന് ഉറപ്പുണ്ട്. അക്ഷമരാകാതെ അന്വേഷണ ഏജന്‍സികളുടെ നിഗമനങ്ങള്‍ക്കായി കാക്കുകയാണ് വേണ്ടത്. തെറ്റ് ചെയ്തവരെ വെറുതെ വിടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറുടെ പെട്ടന്നുള്ള പ്രഖ്യാപനം രാഷ്ട്രീയ കേരളം ഉറ്റു നോക്കുകയാണ്. ഗവര്‍ണര്‍ ഇടപെടണമെന്നുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം മുന്നിലുള്ള സമയത്താണ് ഗവര്‍ണറുടെ ഈ മാസ് എന്‍ട്രി. വരും നാളുകളില്‍ ഗവര്‍ണറുടെ ശക്തമായ നിലപാടുകള്‍ കാണാം.
സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് എല്ലാ സഹായവും നല്‍കുന്നുണ്ടെന്ന് നേരത്തെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കേസില്‍ എന്‍.ഐ.എ.യുടെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നായിരുന്നു വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞത്. സ്വര്‍ണ്ണക്കടത്തു കേസില്‍ എന്‍.ഐ.എ അന്വേഷണം തുടരുകയാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ കൂടുതല്‍ ഒന്നും ഇപ്പോള്‍ പറയുന്നില്ല. അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെടുന്ന സഹകരണം വിദേശകാര്യമന്ത്രാലയം നല്‍കുന്നുണ്ട് എന്നായിരുന്നു അനുരാഗ് ശ്രീവാസ്തവയുടെ മറുപടി.
അതേസമയം കേസില്‍ കസ്റ്റംസ് പിടികൂടിയ മൂന്ന് പ്രതികള്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഒമ്പതാം പ്രതി മുഹമ്മദ് അന്‍വര്‍, 13ാം പ്രതി അബ്ദുള്‍ ഷമീം, 14ാം പ്രതി ജിഫ്‌സല്‍ സി.ബി എന്നിവരാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജികള്‍ നാളെ കോടതി പരിഗണിച്ചേക്കും. ഇവര്‍ നേരത്തെ നല്‍കിയ ജാമ്യഹര്‍ജി സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ കോടതി തള്ളിയിരുന്നു.
നയതന്ത്ര ചാനലിലൂടെയുള്ള ബാഗേജ് തടഞ്ഞുവച്ചതറിഞ്ഞ് കള്ളക്കടത്ത് സംഘത്തിന് അനുകൂലമായി ഇടപെട്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തെ കസ്റ്റംസ് അസി. കമ്മിഷണര്‍ വിവേകാനന്ദനെ കസ്റ്റംസ് പ്രിവന്റീവ് സംഘം ചാേദ്യം ചെയ്തു. സരിത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം വിശദമായി അന്വേഷിക്കാന്‍ പ്രിവന്റീവ് വിഭാഗം തീരുമാനിച്ചു.
ബാഗേജ് തടഞ്ഞ അസി. കമ്മിഷണര്‍ രാമമൂര്‍ത്തിക്കെതിരെ പരാതി നല്‍കണമെന്ന് പറഞ്ഞ് സരിത്തിനെ വിവേകാനന്ദന്‍ വിളിച്ചെന്നാണ് സ്വപ്‌നയുടെ മൊഴി. ജൂലായ് രണ്ടിന് സരിത്ത് സ്വപ്നയുടെ വീട്ടിലുള്ളപ്പോഴാണ് ഫോണ്‍ കോളെത്തിയത്. മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാന്‍ ഫോണ്‍ നമ്പരും ഇ മെയില്‍ വിലാസവും കൈമാറിയെന്ന് സരിത്ത് പറഞ്ഞതായും സ്വപ്‌ന മൊഴി നല്‍കിയിരുന്നു.
സരിത്തിന്റെ മൊഴിയില്‍ ഈ വിവരങ്ങളില്ല. സ്വപ്‌നയെ ചോദ്യംചെയ്യുന്നതിന് മുമ്പാണ് സരിത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നത്. ബാഗേജ് തടഞ്ഞ രഹസ്യവിവരം ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ എങ്ങനെ അറിഞ്ഞെന്നതിലും ദുരൂഹതയുണ്ട്. അതേസമയം ഈ ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടിക്ക് സാദ്ധ്യതയുണ്ട്. അങ്ങനെ സ്വര്‍ണക്കടത്തില്‍ സ്വപ്നയെ സഹായിച്ചവര്‍ ഒന്നൊന്നായി കുരുങ്ങുകയാണ്.
" f
https://www.facebook.com/Malayalivartha
























