സ്വര്‍ണ വഴിയേയൊരു യാത്ര... ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടേയും മാതാപിതാക്കളുടേയും മൊഴിയിലെ ദു:സൂചനകളില്‍ പിടിച്ച് നിര്‍ണായക നീക്കം നടത്തി നേരറിയാന്‍ സിബിഐ; സ്വര്‍ണക്കടത്തിലേക്കുള്ള സംശയം ഉന്നയിച്ച കലാഭവന്‍ സോബിന്റെ ചോദ്യം ചെയ്യലില്‍ കേസ് മാറി മറിയും; മൂടിവച്ചതെല്ലാം അടപടലം പുറത്താക്കാനുറച്ച് സിബിഐ

മലയാളികളുടെ നൊമ്പരമായി മാറിയ ബാലഭാസ്കര്‍ എന്ന ബാലുവിന്റെ കുടുംബത്തിന് നീതി ലഭിക്കുന്ന സൂചനകളാണ് സിബിഐയുടെ പ്രാഥമിക അന്വേഷണത്തില്‍ നിന്നുതന്നെ പുറത്താകുന്നത്. ബാലുവിന്റെ ഭാര്യ ലക്ഷ്മി, അവരുടെ സഹോദരന് പ്രസാദ്, അമ്മ ഓമനകുമാരി, ബാലുവിന്റെ പിതാവ് സി.കെ. ഉണ്ണി, അമ്മ ശാന്തകുമാരി എന്നിവരുടെ മൊഴിയാണ് സിബിഐ രേഖപ്പെടുത്തിയത്. വൈകാരികമായ ഒരു അനുഭവമായിരുന്നു ഇവരുടെ മൊഴിയെടുക്കല്‍. ബാലുവിനെ ആ കുടുംബം എത്രമാത്രം സ്നേഹിക്കുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമാകുന്ന മൊഴിയെടുക്കല്‍.
ബാലുവിന്റെ ഭാര്യ ലക്ഷ്മിയുടെ പൊട്ടിക്കരച്ചില്‍ എല്ലാവരുടേയും കണ്ണ് നനയിപ്പിച്ചു. സ്വന്തം മോളേയും ഭര്‍ത്താവിനേയും നഷ്ടപ്പെട്ട ഒരവസ്ഥ പറയുന്നതിലും അപ്പുറമാണ്. മകനെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ ഏങ്ങലിന് മുമ്പില്‍ കളങ്കമില്ല. വിതുമ്പലിനിടെ അവര്‍ നല്കിയ സൂചനകള്‍ മാത്രം മതിയായിരുന്നു സിബിഐയ്ക്ക്. ഇതെല്ലാം വഴിചൂണ്ടുന്നത് ബാലഭാസ്കറിന്റേത് അപകട മരണമല്ലായെന്നും പലര്‍ക്കും അതില്‍ പങ്കുണ്ടെന്നുമാണ്. ലക്ഷ്മി പലകാര്യങ്ങളും പൊട്ടിക്കരച്ചിലില്‍ ഒതുക്കി പറയുമ്പോഴും പിതാവ് ഉണ്ണി തുറന്ന് പറയുമ്പോഴും കാര്യങ്ങള്‍ വ്യക്തമായിരുന്നു. എല്ലാം നീളുന്നതും പ്രമാദമായ സ്വര്‍ണക്കടത്തിലേക്കാണ്.
കാര്‍ ഓടിച്ചത് അര്ജുന് തന്നെയാണെന്നാണ് ലക്ഷ്മിയുടെ മൊഴി. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്കര്‍ വാഹനമോടിക്കാറില്ലെന്നും, അപകട സമയത്തു വാഹനം ഓടിച്ചത് അര്ജുന് തന്നെയാണെന്നും ലക്ഷ്മി ആവര്‍ത്തിച്ചു. കാറോടിച്ചത് താനാണെന്ന് ആദ്യം പറഞ്ഞ അര്ജ്ജുന്, കൊല്ലം മുതല്‍ വാഹനമോടിച്ചത് ബാലഭാസ്കറാണെന്ന് പിന്നീട് മാറ്റിപ്പറഞ്ഞു. ഏറെക്കാലമായി കുടുംബവുമായി ബാലു അകന്നു കഴിയുകയായിരുന്നുവെന്നാണ് ബാലുവിന്റെ പിതാവ് പറയുന്നത്. അടുത്തിടെ എല്ലാവരും യോജിപ്പിലായി. ഇത് സഹിക്കാത്തവര്‍ അപകടത്തിന് പിന്നിലുണ്ടോയെന്ന് സംശയമുണ്ട്. ഞങ്ങള്‍ക്ക് ഇനിയൊന്നും ബാക്കിയില്ല. ഇങ്ങനെയൊരു ലോകത്ത് ജീവിക്കണമെന്നില്ല. പണത്തിനൊന്നും കൊതിയില്ല. അവനെ ഞങ്ങള്‍ക്ക് കിട്ടുമായിരുന്നു. സത്യം കണ്ടെത്തണമെന്നും സിബിഐ സംഘത്തോട് വിതുമ്പിക്കൊണ്ട് ഉണ്ണി പറഞ്ഞു.
ഇവരുടെ കണ്ണീരിനും ഏങ്ങലിനും വിരാമമിടാനായി സിബിഐ അടുത്ത നീക്കം തുടങ്ങി കഴിഞ്ഞു. ഇന്ന് കലാഭവന്‍ സോബിയെ സിബിഐ ചോദ്യം ചെയ്യുകയാണ്. ഹാജരാകാന്‍ സോബിയോട് കഴിഞ്ഞ ദിവസം അന്വേഷക സംഘം ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ പകല്‍ 2.30നാണ് ചോദ്യം ചെയ്യല്‍.
അതേസമയം സംഭവ സ്ഥലത്ത് കണ്ട മുഴുവന്‍ കാര്യങ്ങളും സിബിഐക്ക് മുന്നില്‍ വെളിപ്പെടുത്തുമെന്ന് സോബി പറഞ്ഞു. തനിക്കുണ്ടായ ഭീഷണികളുടെ വിശദാംശങ്ങളും പറയും. തന്റെ മൊഴി കേസിന് ഗുണകരമാകും. ആറോളം പേരെ തനിക്ക് തിരിച്ചറിയാന്‍ സാധിക്കുമെന്നും സോബി പ്രതികരിച്ചു.
ബാലഭാസ്കറിന് അപകടമുണ്ടായ സ്ഥലത്ത് സംശയാസ്പദ സാഹചര്യത്തില്‍ ചിലരെ കണ്ടതായി സോബി വെളിപ്പെടുത്തിയിരുന്നു. ചാലുക്കുടിയില് നിന്ന് തിരുനല്‍വേലിയിലേക്കുള്ള യാത്രയിലായിരുന്നു താനെന്നായിരുന്നു സോബിയുടെ വെളിപ്പെടുത്തല്‍. പന്ത്രണ്ടരയോടെ ഉറക്കം വന്നതിനെത്തുടര്‍ന്ന് മംഗലപുരത്ത് വണ്ടി നിറുത്തി ഉറങ്ങാന്‍ തുടങ്ങി. ഏകദേശം മൂന്നേകാലായപ്പോള് ഒരു വെള്ള സ്കോര്‍പ്പിയോയില്‍ കുറച്ചു പേര് വന്നിറങ്ങി. അതുകഴിഞ്ഞ് നീല സ്കോര്‍പ്പിയോ വന്ന് മരത്തില്‍ ഇടിച്ചു. ഒരാള്‍ സ്കോര്‍പ്പിയോയുടെ ഗ്ലാസ് അടിച്ച് പൊട്ടിക്കുന്നത് കണ്ടു. വീണ്ടും ഒരു സ്കോര്‍പ്പിയോ വന്നു. പത്തുപന്ത്രണ്ട് പേര് മൊത്തം ഉണ്ടായിരുന്നു. അവിടെ നില്‍ക്കുന്നത് പന്തിയല്ലെന്ന് തോന്നിയതുകൊണ്ട് ഞാന്‍ അവിടെ നിന്നും പോയി. തിരുവനന്തപുരം ഭാഗത്ത് നിന്നും ഒരു വണ്ടി അതിവേഗം വരുന്നത് കണ്ടു. ബാലഭാസ്ക്കറിന്റെ വണ്ടി മറിഞ്ഞുകിടക്കുന്നതായിട്ടാണ് എന്റെ ഓര്മ. സാധാരണഗതിയില്‍ ഒരു അപകടം കണ്ടാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്ന വ്യക്തിയാണ് ഞാന്‍. എന്നാല്‍ ഇത്തരമൊരു അസാധാരണ സാഹചര്യം ഉള്ളതുകൊണ്ടാണ് അവിടെ നില്‍ക്കാതിരുന്നത്. ഇടതുവശത്ത് കൂടി ഒരു പയ്യന് ഓടി പോകുന്നതും ഒരാള്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോകുന്നതും നല്ല ഓര്‍മയുണ്ടെന്നാണ് സോബി പറഞ്ഞത്. എന്തായാലും സോബിനെ സിബിഐ ചോദ്യം ചെയ്യുന്നതോടെ അന്വേഷണത്തിന്റെ ഗതിതന്നെ മാറാനാണ് സാധ്യത.
"
https://www.facebook.com/Malayalivartha
























