തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ഓട്ടം വിളിച്ചെത്തിയ ശേഷം പണം നല്‍കാതെ മുങ്ങി; പാറശാല സ്വദേശിയ്ക്കെതിരെ ആരോപണവുമായി തൃശൂരിലെ ഓട്ടോ തൊഴിലാളി

തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ഓട്ടം വിളിച്ചെത്തിയ ശേഷം പണം നല്‍കാതെ ഡ്രൈവറെ പറ്റിച്ചെന്ന് ആരോപണം. പാറശാല ഉദിയന്‍കുളങ്ങര സ്വദേശി നിശാന്താണ് ഓട്ടോക്കാശ് കൊടുക്കാതെ മുങ്ങിയത്. ഓട്ടോ ഡ്രൈവറായ തൃശൂര്‍ വരന്തരപ്പിള്ളി സ്വദേശി രേവത് ബാബുവിനെ നിശാന്ത് കബളിപ്പിച്ചെന്നാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഉദിയന്‍കുളങ്ങര സ്വദേശിയും സിനിമയിൽ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാണ് നിശാന്ത്. അമ്മ മരിച്ചു, അവസാനമായി ഒരു നോക്കുകാണാന്‍ തിരുവനന്തപുരത്തെത്തിക്കണമെന്ന് പറഞ്ഞ് ഓട്ടം വിളിച്ചെന്നും തിരുവനന്തപുരത്തെത്തിയപ്പോള്‍ പണം നല്‍കാതെ മുങ്ങിയെന്നുമാണ് ഡ്രൈവറുടെ പരാതി. എന്നാല്‍ അങ്ങിനെയൊന്നും പറഞ്ഞിട്ടില്ലെന്നാണ് നിശാന്ത് വാദിക്കുന്നത്. എന്നാല്‍ അമ്മ മരിച്ചെന്ന് പറഞ്ഞിട്ടില്ലെന്നും മൊബൈല്‍ വിറ്റ് പണം നല്കാന് ശ്രമിക്കുന്നതിനിടെ ഓട്ടോ ഡ്രൈവര്‍ മടങ്ങിയതിനാലാണു പണം കൊടുക്കാന്‍ സാധിക്കാത്തതെന്നുമാണ് നിശാന്ത് പറയുന്നത്.
തിരുവനന്തപുരത്തെത്തിയ ശേഷം ഏഴായിരം രൂപയ്ക്ക് മൊബൈല്‍ വിറ്റു. പണവുമായി തിരികെ വന്നപ്പോള്‍ ഓട്ടോക്കാരനെ കണ്ടില്ലെന്നും പറയുന്നു. തൃശൂരില്‍ നിന്ന് തിരുവനന്തപുരം വരെ ഓട്ടോയില്‍ വരാനുണ്ടായ സാഹചര്യം മുതല്‍ വഴിയില്‍ കണ്ടയാള്‍ക്ക് ഏഴായിരം രൂപയ്ക്ക് മൊബൈല്‍ വിറ്റു എന്നുവരെയാണ് നിശാന്തിന്റെ വാദം. എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു നടപടിയെടുക്കാന്‍ പൊലീസ് തയാറായിട്ടില്ല.
https://www.facebook.com/Malayalivartha
























