നിലമ്പൂരില്‍ അതീവജാഗ്രത; രണ്ട് പ്രളയകാലത്തും പ്രദേശത്തുണ്ടായത് കനത്ത നാശനഷ്ടം; ചാലിയാര്‍ പുഴ നിറഞ്ഞൊഴുകുന്നു; ഭീതിയോടെ ജനം; ഇനിയൊരു കവളപ്പാറ അതിജീവിക്കുക അതീവ ദുഷ്‌കരം

കഴിഞ്ഞ രണ്ട് പ്രാളയകാലത്തും നിലമ്പൂര്‍ മേഖലയില്‍ നേരിണ്ടേണ്ടി വന്നത് കനത്ത നാശനഷ്ടമാണ്. ഇത്തവണയും പ്രദേശത്ത് ലഭിക്കുന്നത് കനത്ത മഴയാണ്. നിലമ്പൂര്‍ ജനതപ്പടിയിലെ റോഡിലേക്ക് ചാലിയാര്‍ പുഴയില്‍ നിന്ന് വെള്ളം ഇരച്ചുകയറുകയാണ്. നിലമ്പൂര്‍ ഗൂഡല്ലൂര്‍ അന്തര്‍സംസ്ഥാനപാതയിലേക്കാണ് വെള്ളം കയറുന്നത്. ഇന്നലെയും സമാനമായ രീതിയില്‍ വെള്ളം കയറി ഈ പാതയില്‍ ഗതാഗതം സ്തംഭിച്ചിരുന്നു. നിറയെ വ്യാപാരസ്ഥാപനങ്ങള്‍ ഉള്ള പ്രദേശമാണ് ജനതപ്പടി.
വയനാട് ഭാഗത്ത് രാത്രിയുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് ചാലിയാര്‍ പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. ഇതിന്റെ ഭാഗമായി ഇരുവഴഞ്ഞി, പൂനൂര്‍ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. പുതുപ്പാടി, കോടഞ്ചേരി പുഴകളിലും മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലുമുണ്ടായിട്ടുണ്ട്. മലമ്പ്രദേശങ്ങളില്‍ ശക്തമായ മഴ പെയ്യുന്നത് ചാലിയാറില്‍ ജലനിരപ്പ് ഉയരാനും കാരണമായി. മുക്കത്ത് റോഡുകള്‍ വെള്ളത്തിനടിയിലാണ്. നിലമ്പൂരില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു യൂണിറ്റ് നിലമ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്. കരുളായി, ചുങ്കത്തറ, മൂത്തേടം, പഞ്ചായത്തുകളില്‍ കരിമ്പുഴ തീരത്ത് താമസിക്കുന്നവരും നിലമ്പൂര്‍ മുനിസിപ്പാലിറ്റി, പോത്തുക്കല്ല്, ചുങ്കത്തറ, ചാലിയാര്‍ ,മാമ്പാട്, പഞ്ചായത്തുകളില്‍ ചാലിയാറിന്റെ തീരത്ത് താമസിക്കുന്നവരും അടിയന്തരമായി ബന്ധുവീടുകളിലോ ക്യാമ്പുകളിലേക്കോ മാറിത്താമസിക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
മുണ്ടേരിയിലെ മരപ്പാലം ഒലിച്ചുപോയതോടെ, ഇരുട്ടുകുത്തി വാണിയമ്പലം, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനികള്‍ ഒറ്റപ്പെട്ടു. കഴിഞ്ഞ പ്രളയത്തില്‍ പാലം ഒലിച്ചു പോയ ശേഷം സ്ഥാപിച്ച മുളപ്പാലമാണ് ഒലിച്ചു പോയത്. കരിമ്പുഴ നിറഞ്ഞുകവിഞ്ഞതോടെ, കരുളായി, നെടുങ്കയം കോളനി നിവാസികളെ പുള്ളിയില്‍ സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലേക്ക് മാറ്റി. കനത്ത മഴയില്‍ മലപ്പുറം ഒതായിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ഒരു ഭാഗം തകര്‍ന്നു വീണു. പള്ളിപ്പറമ്പന്‍ നൗഷാദിന്റെ വീടിന്റെ ഒരു ഭാഗമാണ് തകര്‍ന്നുവീണത്. ആളപായമില്ല. നിലമ്പൂരില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നിട്ടുണ്ട്. ഇതോടെ മേഖലയില്‍ ആകെ ആറ് ക്യാമ്പുകളായി. 74 കുടുംബങ്ങളിലെ 366 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുന്നത്. കനത്ത മഴ തുടരുന്നതിനാല്‍ കരുവാരക്കുണ്ട് ആര്‍ത്തല കോളനിയിലെ അഞ്ചു കുടുംബങ്ങളെ കരുവാരക്കുണ്ട് ഗവ. സ്‌കൂളിലെ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. സാഹചര്യം നേരിടാന്‍ സംവിധാനമൊരുക്കണമെന്ന് രാഹുല്‍ഗാന്ധി എംപി മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വടക്കന്‍ കേരളത്തില്‍ മഴ ശക്തമായതോടെ കഴിഞ്ഞ വര്‍ഷത്തിലെന്ന പൊലെ മലബാര്‍ മേഖലയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. മലബാര്‍ മേഖലയില്‍ ശക്തമായ കാറ്റും ഒപ്പം മഴയും ഉണ്ടാകുമെന്ന മുന്നയിപ്പുണ്ട്. കവളപ്പാറ ദുരന്തത്തിന് നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകുകയാണ്. 2019 ഓഗസ്റ്റ് 8 നായിരുന്നു കവളപ്പാറയിലെ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായത്. 59 പേര്‍ മരണപ്പെടുകയും 44 ഓളം വീടുകള്‍ ഒലിച്ചു പോവുകയും ചെയ്തു. കനത്ത മഴ ഇതെ സാഹചര്യം വീണ്ടും ഉണ്ടാകുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍.
https://www.facebook.com/Malayalivartha
























