വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന സുപ്രഭാതം ഫോട്ടോഗ്രാഫര്‍ എസ്. ശ്രീകാന്ത് അന്തരിച്ചു

തിരുവനന്തപുരം പള്ളിമുക്ക് കുമാരപുരം റോഡില്‍ ജൂലൈ 31 രാത്രി പതിനൊന്ന് മണിയ്ക്ക് ഉണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന സുപ്രഭാതം തിരുവനന്തപുരം യൂണിറ്റ് ഫോട്ടോഗ്രാഫര്‍ ശ്രീകാന്ത്.എസ് (32) അന്തരിച്ചു. സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ നിയന്ത്രണംവിട്ട് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.
ശ്രീകാന്ത് കഴിഞ്ഞ ആറു ദിവസമായി അബോധാവസ്ഥയിലായിരുന്നു. തലക്കും നെഞ്ചിനും ഗുരുതര പരുക്കേറ്റ നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
നാലു വര്‍ഷമായി സുപ്രഭാതത്തില്‍ ഫോട്ടോ ഗ്രാഫറായി ജോലി ചെയ്തു വരികയായിരുന്നു. നേരത്തേ മംഗളത്തിലും ജോലി ചെയ്തിട്ടുണ്ട്. 2014-ല്‍ തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്നാണ് ഫോട്ടോ ജേണലിസം കോഴ്സ് പൂര്‍ത്തിയാക്കിയത്.
ശ്രീകണ്ഠേശ്വരം ഭജനമഠത്തില്‍ ശ്രീകുമാര്‍ നായരുടെയും രത്നമ്മയുടെയും മകനാണ്. ഭാര്യ രമ്യ (വര്‍ക്കല നഗരസഭ താല്‍ക്കാലിക ജീവനക്കാരി), മകന് : അങ്കിത്. സഹോദരി: ശ്രീകുമാരി.
ശ്രീകാന്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചനം രേഖപ്പെടുത്തി.
https://www.facebook.com/Malayalivartha
























