ലൈഫ് പദ്ധതി: രണ്ടാം ഘട്ടത്തിലെ സോഫ്റ്റ്വെയര് പ്രശ്നം പരിഹരിക്കാനുള്ള കരാര്‍ നേടിയത് ശിവശങ്കറിന് താല്പര്യമുള്ള സ്റ്റാര്‍ട്ടപ് കമ്പനി

ലൈഫ് മിഷന് ഭവന പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ സോഫ്റ്റ്വെയര് പ്രശ്നം പരിഹരിക്കാന്‍, ഉദ്യോഗസ്ഥര്‍ക്ക് വിവരങ്ങള്‍ അപ്ലോഡ് ചെയ്യാനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ ലൈഫ് മിഷനു വേണ്ടി വികസിപ്പിച്ചു എന്ന മുന്‍പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ടെക്നോപാര്‍ക്ക് ആസ്ഥാനമായ സ്വകാര്യ സ്റ്റാര്‍ട്ടപ്പിന് ടെന്‍ഡര്‍ ഇല്ലാതെ കരാര്‍ നല്കി. മൊബൈല്‍ ആപ്ലിക്കേഷന്‍ തന്നെ പരാജയമായിരുന്നു. ഇപ്പോള്‍ ആരും അതുപയോഗിക്കുന്നില്ല. 3 ലക്ഷത്തോളം രൂപ അതിനായി കമ്പനിക്ക് മുന്‍പു നല്‍കിയിട്ടുണ്ട്.
ലൈഫ് മിഷന് ഇപ്പോള്‍ പ്രതിമാസം മുടക്കുന്നത് 1.10 ലക്ഷം രൂപ. പൂര്‍ണമായും സൗജന്യമായി പരിഹരിക്കേണ്ട പ്രശ്നങ്ങള്‍ക്കായാണ് ഈ പാഴ്ചെലവ്.
ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് (ഐകെഎം) പൂര്‍ണ ഉത്തരവാദിത്തം എന്ന് വാദിക്കുന്നുണ്ടെങ്കിലും ഫണ്ട് വിനിയോഗിക്കുന്നത് ലൈഫ് മിഷന്റെ ഭരണപരമായ ചെലവുകള്‍ക്ക് നീക്കി വച്ചിരിക്കുന്ന 5 കോടിയില്‍ നിന്നാണ്.
ലൈഫ് മിഷന് രണ്ടാം ഘട്ടം ഐകെഎമ്മിനെ ഏല്പിച്ചത് വിവരങ്ങള്‍ സ്വകാര്യ കമ്പനിയുടെ കൈയ്യിലെത്തും എന്ന കാരണം പറഞ്ഞാണ്. വിവര ശേഖരണത്തിനുള്ള സോഫ്റ്റ്വെയര് തകരാറിലായതിനെ തുടര്‍ന്ന് ഇവരെ ഒഴിവാക്കി. മൂന്നാം ഘട്ടത്തിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് കേരളയെ (ഐഐഐടിഎംകെ) ചുമതലപ്പെടുത്തിയെങ്കിലും രണ്ടാം ഘട്ടം സോഫ്റ്റ് വെയറിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന ജോലി സ്റ്റാര്‍ട്ടപ്പിനു നല്‍കുകയായിരുന്നു. ടെന്‍ഡറോ മറ്റു കമ്പനികളില്‍ നിന്ന് താല്പര്യപത്രം ക്ഷണിക്കലോ ഉണ്ടായില്ല.
ഓരോ ചെറിയ വിവരങ്ങളും വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുന്ന വിധത്തിലായിരുന്നു ലൈഫ് മിഷന് ആദ്യ ഘട്ടത്തിലെ സോഫ്റ്റ്വെയര്. പഞ്ചായത്തു തോറും എത്ര ഗുണഭോക്താക്കള്‍, എത്ര തുക ചെലവഴിച്ചു, എത്ര തുക അനുവദിച്ചു തുടങ്ങിയ വിവരങ്ങളെല്ലാം ക്രോഡീകരിക്കാന്‍ സാധിച്ചു. എന്നാല്‍ രണ്ടാം ഘട്ട സോഫ്റ്റ്വെയര് തകരാറിലായതോടെ ഈ വിവരങ്ങള്‍ അപ്ലോഡ് ചെയ്യാന്‍ സാധിക്കാതെയാകുകയായിരുന്നു.
ലൈഫ് മിഷന്റെ ഒന്നാം ഘട്ടത്തില്‍ വിവര ശേഖരണവും മറ്റു പ്രവര്‍ത്തനങ്ങളും ഏറ്റവും നല്ല രീതിയില്‍ പുരോഗമിച്ചിരുന്നു. സ്വകാര്യ കമ്പനിക്ക് വിവരങ്ങള്‍ ലഭ്യമാവും എന്നു വിലയിരുത്തിയാണ് ഈ പദ്ധതി ഐകെഎമ്മിനെ ഏല്പിച്ചത്. സോഫ്റ്റ്വെയര് ശരിയാക്കാന്‍ മറ്റൊരു സ്വകാര്യ കമ്പനിയെ ഏല്പിച്ചതോടെ വിവരങ്ങള്‍ ചോരുമെന്ന പ്രശ്നം നിലനില്ക്കുന്നു.
ലൈഫ് പദ്ധതി അതിന്റെ അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണല്ലോ. സംഭവബഹുലമായ ഈ യാത്രയുടെ വഴിത്തിരിവില്‍ ഞാന്‍ നിങ്ങളോട് യാത്ര പറയുകയാണ്. വലിയൊരു പുണ്യ പ്രവൃത്തിയാണ് നിങ്ങള്‍ ഏറ്റെടുത്ത് പരിസമാപ്തിയിലേക്ക് എത്തിക്കുന്നത്. ഇതിന്റെ നന്മ ഓരോരുത്തര്‍ക്കും എപ്പോഴും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. (ലൈഫ് മിഷന് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പില്‍ ശിവശങ്കര്‍ ചൊവ്വാഴ്ച രാത്രി എഴുതിയത്. ഇതിനു പിന്നാലെ അദ്ദേഹം ഗ്രൂപ്പില്‍ നിന്ന് ഒഴിവാകുകയും ചെയ്തു)
https://www.facebook.com/Malayalivartha
























