പത്തനംതിട്ടയില്‍ കോവിഡ് ബാധിച്ച യുവതിയെ ആബുലന്‍സില്‍ വച്ച് പീഡിപ്പിച്ച ആംബുലന്‍സ് ഡ്രൈവറെ പിരിച്ചുവിടാന്‍ 108 ആംബുലന്‍സിന്റെ നടത്തിപ്പുകാരായ ജി.വി.കെ.യ്ക്ക് ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ കോവിഡ് ബാധിച്ച യുവതിയെ ആബുലന്‍സില്‍ വച്ച് പീഡിപ്പിച്ച ആംബുലന്‍സ് ഡ്രൈവറെ പിരിച്ചുവിടാന്‍ 108 ആംബുലന്‍സിന്റെ നടത്തിപ്പുകാരായ ജി.വി.കെ.യ്ക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. അത്യന്തം ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്താനുള്ള നടപടി സ്വീകരിക്കാന്‍ പോലീസിനോട് അവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം കോവിഡ് രോഗിയായ ഇരുപതുകാരിയെ ആംബുലന്‍സില്‍ വെച്ച് ഡ്രൈവര്‍ പീഡിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. 108 ആംബുലന്‍സ് ഡ്രൈവര്‍ കായംകുളം സ്വദേശി നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തു. അടൂരില്‍ നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് പോകുന്നതിനിടയിലാണ് പീഡനം നടന്നത്. ആംബുലന്‍സില്‍ രണ്ടു യുവതികള്‍ ഉണ്ടായിരുന്നു. ഒരാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഇറക്കാനാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ആംബുലന്‍സ് ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. ഇതുപ്രകാരം ഒരു യുവതിയെ ആശുപത്രിയിലിറക്കി, പീഡനത്തിനിരയായ 20 കാരിയുമായി ഇയാള്‍ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് യാത്ര തുടര്‍ന്നു.

യാത്രാമധ്യേ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ചികിത്സാ കേന്ദ്രത്തിലെത്തിയ ശേഷം പെണ്‍കുട്ടി പോലീസില്‍ വിവരമറിയിച്ചു. രാത്രി തന്നെ പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതേ തുടര്‍ന്ന് നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടിയിലായ പ്രതി നൗഫല്‍ കൊലക്കേസ് പ്രതിയാണ്. സമീപകാല കോവിഡ് പ്രവര്‍ത്തനങ്ങളില്‍ ഇയാള്‍ സജീവമായി പങ്കെടുത്തിരുന്നു. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം പോലീസ് അന്വേഷിച്ച് വരികയാണ്.
പെണ്‍കുട്ടിയെ ഞായറാഴ്ച വൈദ്യപരിശോധന്ക്ക് വിധേയയാക്കും. കോവിഡ് പോസിറ്റീവായ പെണ്‍കുട്ടിയെ ചികിത്സാകേന്ദ്രത്തിലെ പ്രത്യേക മുറിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ നടപടികള്‍ ഇന്നുണ്ടാകും. പിടിയിലായ നൗഫലിനെയും ക്വാറന്റീനില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha
























