എന്‍ഐഎ സംഘം ഇന്നലെ തലസ്ഥാനം വിടുന്നതു വരെ 60-ല്‍ ഏറെ പേരെ ചോദ്യം ചെയ്തു, ചില പ്രത്യേക സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ വേണമെന്ന് ചീഫ് സെക്രട്ടറിക്ക് എന്‍ഐഎ കത്തു നല്‍കും
തലസ്ഥാനത്ത് മൂന്നു ദിവസത്തെ അന്വേഷണത്തിനു ശേഷം എന്‍ഐഎ സംഘം ഇന്നലെ തലസ്ഥാനം വിട്ടു. അതിനിടെ അറുപതിലധികം പേരെയാണ് ചോദ്യം ചെയ്തത്. ഇതിനിടെ സെക്രട്ടേറിയറ്റിലെത്തി പരിശോധനയും നടത്തിയാണ് സംഘം ഇന്നലെ തലസ്ഥാനം വിട്ടത്.
മൊഴിയിലെ ചില നിര്‍ണായക വിവരങ്ങള്‍ കൂട്ടിയിണക്കുന്നതിന് ആവശ്യമായ തെളിവുകള്‍ക്കു വേണ്ടിയാണു ചിലരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്.
സെക്രട്ടേറിയറ്റിലെ ചില പ്രത്യേക സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ വേണമെന്ന് ചീഫ് സെക്രട്ടറിക്ക് എന്‍ഐഎ കത്തു നല്‍കും. നേരത്തേ സെക്രട്ടേറിയറ്റിലെ ചില ബ്ലോക്കുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു.
കൂടാതെ രഹസ്യകേന്ദ്രങ്ങളില്‍ വച്ച് യുഎഇ കോണ്‍സുലേറ്റിലെ മുഴുവന്‍ ഇന്ത്യന്‍ ജീവനക്കാരെയും ഈ ദിവസങ്ങളില്‍ എന്‍ഐഎ സംഘം ചോദ്യം ചെയ്തു. സ്വപ്ന സുരേഷും പി.എസ്.സരിത്തും ഇവിടെ പ്രവര്‍ത്തിക്കുമ്പോള്‍ ചെയ്ത കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്നതിനായിരുന്നു ഇത്. യുഎഇയുടെ അന്വേഷണ സംഘം ഈ ആഴ്ച കോണ്‍സുലേറ്റില്‍ പരിശോധനയ്ക്കായി വരുന്നുണ്ട്.
കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരും സ്വപ്നയും സരിത്തും ചേര്‍ന്നു നടത്തിയ യാത്രകള്‍, പാര്‍ട്ടികള്‍, കോണ്സുലേറ്റിലേക്കു വന്ന പ്രമുഖര്‍ തുടങ്ങിയ വിവരങ്ങളും എന്‍ഐഎ സംഘം ശേഖരിച്ചുവെന്നാണു സൂചന.
സ്വര്‍ണക്കടത്തിന്റെ സൂത്രധാരനായി പ്രവര്‍ത്തിച്ച കെ.ടി.റമീസ് താമസിച്ച ഹോട്ടലുകളില്‍ ആ സമയത്തു ജോലിക്കുണ്ടായിരുന്ന ജീവനക്കാരെയും മൊഴിയെടുക്കാനായി എന്‍ഐഎ വിളിപ്പിച്ചിരുന്നു. ഹോട്ടലുകളില്‍ നിന്ന് ആ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തേ ശേഖരിച്ചിരുന്നു.
https://www.facebook.com/Malayalivartha