20 കോടി രൂപയിലധികം വില വരുന്ന കഞ്ചാവുമായെത്തിയ കണ്ടെയ്നര്‍ ലോറി ആറ്റിങ്ങലില്‍ എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി
ആറ്റിങ്ങലില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവുവേട്ട. 20 കോടി രൂപയിലധികം വില വരുന്ന 501.5 കിലോഗ്രാം കഞ്ചാവുമായെത്തിയ കണ്ടെയ്നര്‍ ലോറി എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. മൈസൂരു കേന്ദ്രമായുള്ള മലയാളി സംഘമാണു കടത്തിനു പിന്നില്‍.
ചിറയിന്‍കീഴ് മുടപുരം സ്വദേശിയുടെ ഗോഡൗണില്‍ സൂക്ഷിക്കാനായി മൈസൂരുവില്‍ നിന്നു കൊണ്ടുവന്ന കഞ്ചാവ് ആറ്റിങ്ങല്‍ കോരാണിയിലാണു പിടികൂടിയത്. ഗോഡൗണ്‍ ഉടമയും വലയിലായെന്നാണു സൂചന. ലോറി ഡ്രൈവര്‍ പഞ്ചാബ് സ്വദേശി കുല്‍ദീപ് സിങ് (32), ക്ലീനര്‍ ജാര്‍ഖണ്ഡ് സ്വദേശി കൃഷ്ണ (23) എന്നിവരെ അറസ്റ്റ് ചെയ്തു.
ഹൈദരാബാദിലുള്ള പഞ്ചാബ് സ്വദേശി രാജു ഭായിയാണു കഞ്ചാവ് നല്‍കിയതെന്ന് പ്രതികള്‍ പറഞ്ഞു. വയനാട്ടില്‍ ഒരു മാസം മുന്‍പു പിടിച്ച 100 കിലോഗ്രാം കഞ്ചാവും ഇയാളാണ് നല്‍കിയതെന്ന് എക്സൈസ് പറഞ്ഞു. പിടിച്ചെടുത്ത ലോറിയും രാജുവിന്റേതാണ്. തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലെ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് കഞ്ചാവ് എത്തിച്ചത്.
ഇയാളില്‍ നിന്നു കഞ്ചാവ് മൊത്തമായി വാങ്ങി ഇടനിലക്കാര്‍ വഴി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്പന നടത്തുന്നത് മൈസൂരുവില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശി ജിതിന് രാജാണ്. ഇടനിലക്കാരായ തൃശൂര്‍ സ്വദേശിക്ക് 300 കിലോഗ്രാമും, തലശ്ശേരി, കോഴിക്കോട് സ്വദേശികള്‍ക്ക് 100 കിലോഗ്രാമും വീതം പങ്കിട്ടു നല്‍കാനായിരുന്നു നീക്കം. 2 മുതല്‍ 5 കിലോവരെയുള്ള 229 പൊതികളിലാക്കി, ഡ്രൈവര്‍ ക്യാബിനു മുകളിലെ രഹസ്യ അറയിലാണു ഒളിപ്പിച്ചിരുന്നത്.
https://www.facebook.com/Malayalivartha