കിണറ്റില്‍ വീണ പശുക്കിടാവിനെ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

കണ്ണൂര്‍ ജില്ലയില്‍, ഒരു വീട്ടിലെ മുപ്പത് കോല്‍ താഴ്ചയുള്ള കിണറ്റില്‍ വീണ 15 മാസം പ്രായമുള്ള പശു കിടാവിനെ അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി.
ഞായറാഴ്ച 11 മണിയോടെ അക്കര വട്ടോളി കൃഷ്ണാ നിവാസില്‍ സഹദേവന്റെ പശുവാണ് പുല്ല് തിന്നുന്നതിനിടയില്‍ കാല്‍ വഴുതി 30 അടി താഴ്ചയുള്ള കിണറ്റിനുള്ളില്‍ വീണത്.
കിണറ്റില്‍ വീണെങ്കിലും പശു വെള്ളത്തില്‍ പൊങ്ങി കിടന്നു. നാട്ടുകാരനായ നെല്ലിക്ക അശോകന്‍ കിണറ്റില്‍ ഇറങ്ങി പശുവിനെ കയര്‍ ഉപയോഗിച്ച് വെള്ളത്തില്‍ മുങ്ങി പോകാതെ കെട്ടി നിര്‍ത്തി. തുടര്‍ന്ന് കൂത്തുപറമ്പ് അഗ്‌നി രക്ഷാസേനാ ഫയര്‍ ഓഫിസര്‍ കെ.ശിവപ്രസാദിന്റെ നേതൃത്വത്തില്‍ കിണറ്റില്‍ ഇറങ്ങി രണ്ട് ബെല്‍റ്റ് വയറിനു ചുറ്റും കെട്ടി.
പിന്നീട് നാട്ടുകാരുടെ സഹായത്തോടെ കയര്‍ ഉപയോഗിച്ച് പശുക്കുട്ടിയെ മുകളില്‍ എത്തിക്കുകയായിരുന്നു. വീഴ്ചയില്‍ ഇരു കൊമ്പുകള്‍ക്കും പരുക്കേറ്റ കിടാവ് ചികിത്സയിലാണ്.
ഫയര്‍ ഓഫിസര്‍മാരായ ടി.സജേഷ്, കെ.പി.റനീഷ്, എം.പി.റിജില്‍, എം.സിമിത്ത്, എം.പി.സതീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























