അഞ്ചുപേര്‍ക്ക് ഒരുകോടിരൂപ വീതം ലഭിക്കുന്ന 'ഭാഗ്യമിത്ര' ഭാഗ്യക്കുറി അടുത്തമാസം വിപണിയിലെത്തും

ഒരുകോടിരൂപ വീതം അഞ്ചുപേര്‍ക്ക് ഒന്നാംസമ്മാനം ലഭിക്കുന്ന 'ഭാഗ്യമിത്ര' ഭാഗ്യക്കുറി അടുത്തമാസം വിപണിയിലെത്തും. ഇതിന്റെ സമ്മാനഘടന സംബന്ധിച്ചുള്ള വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. ഞായറാഴ്ചകളിലെ പൗര്‍ണമി ടിക്കറ്റുകള്‍ റദ്ദാക്കിയതോടെയുള്ള പ്രതിസന്ധി മറികടക്കാനാണ് ഭാഗ്യമിത്ര പുറത്തിറക്കുന്നത്. ഒന്നാംസമ്മാനം ഒന്നിലധികം പേര്‍ക്കുനല്‍കുന്ന ഏക ടിക്കറ്റാണിത്. 78.13 രൂപയാണ് ടിക്കറ്റുവിലയെങ്കിലും 28 ശതമാനം ജി.എസ്.ടി. കൂടി ഉള്‍പ്പെടുത്തിയാണ് 100 രൂപ നിശ്ചയിച്ചിരിക്കുന്നത്. വിജ്ഞാപനംവന്നശേഷം അച്ചടി ആരംഭിക്കും.
ഒക്ടോബര്‍ 10-നുമുന്‍പ് വിപണിയിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറിവകുപ്പ്. ഒന്നാം സമ്മാനത്തിനു പുറമെ രണ്ടുംമൂന്നും സമ്മാനങ്ങളായി യഥാക്രമം 10 ലക്ഷവും രണ്ടുലക്ഷവും 5000, 2000, 1000, 500, 300 എന്നിങ്ങനെയും ഉള്‍പ്പെടുത്തി ആകെ 24 കോടിയിലധികം രൂപയുടെ സമ്മാനങ്ങള്‍ നല്‍കാനാണ് ഭാഗ്യക്കുറിവകുപ്പ് ആലോചിക്കുന്നത്.
72 ലക്ഷം ടിക്കറ്റുകള്‍ അച്ചടിക്കാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ 40 ലക്ഷത്തില്‍ത്താഴെമാത്രമെ അച്ചടിക്കൂ. നവംബര്‍ ഒന്നിനാവും നറുക്കെടുപ്പ്. 20 ദിവസത്തോളം വില്‍പ്പനയ്ക്കുലഭിക്കും. ഒരോമാസവും ആദ്യഞായറാഴ്ച നറുക്കെടുക്കാനാണ് ആലോചന. അടുത്തമാസംമുതല്‍ ആഴ്ചയില്‍ നാലുനറുക്കെടുപ്പു വീതം നടത്താന്‍ തീരുമാനമായി. നിലവില്‍ മൂന്നുദിവസങ്ങളിലാണ് നറുക്കെടുപ്പ്.
https://www.facebook.com/Malayalivartha



























