സര്‍വീസിനു നല്‍കിയ കാര്‍ ഷോറൂമില്‍ നിന്നും മോഷ്ടിച്ചു കടന്ന കള്ളന്‍ പിടിയില്‍

വയനാട് കാക്കവയലിലെ ഷോറൂമില്‍ ബത്തേരി സ്വദേശി സര്‍വീസിനു കൊടുത്ത കാര്‍ മോഷ്ടിച്ചു കടന്ന കള്ളനെ ഉടമയും സംഘവും ചെയ്‌സ് ചെയ്തു പിടികൂടി. കാര്‍ മോഷ്ടിച്ച ബെംഗളൂരു സ്വദേശി നസീറിനെ (56) പൊലീസ് അറസ്റ്റ് ചെയ്തു. ഷോ റൂമില്‍ താക്കോല്‍ സഹിതം കാര്‍ കിടന്നതാണ് കള്ളന് കാര്യങ്ങള്‍ എളുപ്പമാക്കിയതെന്ന് പൊലീസ് പറയുന്നു.
റോഡില്‍ പരിശോധന നടത്തുകയായിരുന്ന പൊലീസിന്റെ ഇന്റര്‍സെപ്റ്ററില്‍ ദേശീയപാതയിലൂടെ അമിതവേഗത്തില്‍ പാഞ്ഞ കാര്‍ പതിഞ്ഞു. ഓവര്‍സ്പീഡിന്റെ വിവരം പറയാന്‍ കാര്‍ ഉടമയുടെ ഫോണിലേക്ക് പൊലീസ് വിളിച്ചു. പോലീസിന്റെ സന്ദേശം കിട്ടിയപ്പോഴാണ് സര്‍വീസിനു കൊടുത്ത വണ്ടി ഓവര്‍സ്പീഡിനു റഡാറില്‍ കുടുങ്ങിയെന്ന് ഉടമ അറിഞ്ഞത്. ഉടന്‍ തന്നെ ഉടമ ഷോറൂമില്‍ ബന്ധപ്പെട്ടു. അപ്പോഴാണ് ആരോ വണ്ടിയുമായി കടന്നുവെന്നറിയുന്നത്.
ഉടമയും സംഘവും മറ്റൊരു കാറില്‍ കള്ളനെ തിരഞ്ഞിറങ്ങി. ഉടമയ്ക്കു മുന്നിലും ഇതേ കാര്‍ പെട്ടു! പാഞ്ഞു പോയ കാര്‍ ചെറിയ റോഡിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ സമീപത്തെ ബൈക്കുകള്‍ ഇടിച്ചിട്ട് റോഡരികിലെ പൈപ്പുകളുടെ മുകളിലേക്ക് ഓടിക്കയറി. പിന്നെയും മുന്നോട്ട് ഓടിച്ച കാര്‍ കുറച്ചു ദൂരെയെത്തിയപ്പോള്‍ നിര്‍ത്തിയിട്ട് മോഷ്ടാവ് സ്ഥലംവിട്ടു.
പിന്നീട് ഇതിനടുത്തുള്ള കെട്ടിടത്തിനുള്ളില്‍ നിന്ന് മോഷ്ടാവിനെ തിരഞ്ഞു പിടിക്കുകയായിരുന്നു. ആളുകളെ കണ്ടതോടെ ബോധം കെട്ടതായി അഭിനയിച്ചു നിലത്തുകിടന്ന മോഷ്ടാവിനെ പിന്നീട് മീനങ്ങാടി പൊലീസ് എത്തി അറസ്റ്റ് ചെയ്തു. നസീര്‍ പറഞ്ഞ പേര് ഉള്‍പ്പെടെയുള്ളവ കൃത്യമാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha



























