നിര്‍മാണമേഖലയ്ക്ക് കനത്ത തിരിച്ചടിയായി സിമെന്റിന്റെ കൃത്രിമ ക്ഷാമം

കോവിഡിന്റെ തുടക്കത്തില്‍ സ്തംഭിച്ച നിര്‍മാണ മേഖല ഉണര്‍ന്നുവരുന്ന അവസരത്തില്‍ സംസ്ഥാനത്ത് സിമെന്റ് ക്ഷാമം രൂക്ഷമാകുന്നു. പ്രമുഖ സിമെന്റ് ബ്രാന്‍ഡുകള്‍ ചില്ലറ വില്‍പന കടകളില്‍ ലഭ്യമല്ലാതായിട്ട് ഒരാഴ്ചയായി. ചെറുകിട നിര്‍മാണ സൈറ്റുകളില്‍ പണികള്‍ നിര്‍ത്തിക്കഴിഞ്ഞു.
പ്രതിമാസം രണ്ടുകോടി സിമെന്റ് ബാഗാണ് കേരളത്തില്‍ വിറ്റഴിക്കുന്നത്. കോണ്‍ക്രീറ്റിന് ഉപയോഗിക്കാന്‍ കഴിയാത്ത വിലകുറഞ്ഞ സിമെന്റാണ് ഇപ്പോള്‍ കടകളില്‍ ലഭിക്കുന്നത്. സിമെന്റ് കമ്പനികളുടെ ഗോഡൗണുകളില്‍ ലക്ഷക്കണക്കിനു ബാഗ് സിമെന്റ് കെട്ടിക്കിടക്കുമ്പോള്‍ വില കൂട്ടാന്‍ നടത്തുന്ന നീക്കത്തിന്റെ ഭാഗമായാണ് കൃത്രിമ ക്ഷാമമെന്ന് കേരള സ്റ്റേറ്റ് സിമെന്റ് ഡീലേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആരോപിച്ചു. പൂഴ്ത്തിവയ്പിനെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
മൊത്തവിതരണക്കാര്‍ സിമെന്റ് കടകളില്‍ എത്തിക്കുന്നതില്‍ സമരം പ്രഖ്യാപിച്ചതാണ് ക്ഷാമത്തിനു കാരണമെന്നു സിമെന്റ് കമ്പനികള്‍ പറയുന്നു. എന്നാല്‍, കമ്പനികള്‍ ഗോഡൗണുകള്‍ അടച്ചിട്ടതാണ് കാരണമെന്ന് ഒരുവിഭാഗം ഡീലര്‍മാരും വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം മാര്‍ച്ച് മാസത്തില്‍ സിമെന്റ് കമ്പനികള്‍ കേരളത്തില്‍ മാത്രം വില വര്‍ധിപ്പിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു. സിമെന്റ് ബാഗിന് നിലവിലുള്ളതിനേക്കാള്‍ 50 രൂപയെങ്കിലും കൂട്ടാനാണ് നീക്കമെന്നാണ് സൂചന. മലപ്പുറത്തും കൊല്ലത്തും കമ്പനികളുടെ ഗോഡൗണുകള്‍ക്കു മുന്നില്‍ സംഘര്‍ഷമുണ്ടായതായി കേരള സ്റ്റേറ്റ് സിമെന്റ് ഡീലേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ് സിറാജുദീന്‍ ഇല്ലത്തൊടി പറഞ്ഞു.
https://www.facebook.com/Malayalivartha