കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ. അഞ്ചുലക്ഷം രൂപയാണ് ചാണ്ടി ഉമ്മന്‍ പ്രഖ്യാപിച്ചത്. ഈ തുക ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷനാണ് നല്‍കുക. നേരത്തെ സര്‍ക്കാര്‍ ബിന്ദുവിന്റെ സംസ്‌കാരത്തിനായി 50,000 രൂപ ധനസഹായം നല്‍കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്റേയും ധനസഹായ പ്രഖ്യാപനം.
അതേസമയം, ബിന്ദുവിന്റെ സംസ്‌കാരച്ചടങ്ങുകള്‍ ഇന്ന് ഉച്ചയോടെ വീട്ടുവളപ്പില്‍ നടന്നു. മകന്‍ നവനീതാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തിലായിരുന്നു സംസ്‌കാരം. രാവിലെ പത്ത് മണിയോടെയാണ് ബിന്ദുവിന്റെ മൃതദേഹം വീട്ടില്‍ കൊണ്ടുവന്നത്. അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനടക്കം നേതാക്കളും വന്‍ ജനാവലിയും ഇവിടെ എത്തിയിരുന്നു.
ബിന്ദുവിന്റെ മരണം അതിദാരുണമായിരുന്നുവെന്നാണ് പ്രാഥമിക പാേസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ആന്തരികാവയവങ്ങളിലുണ്ടായ ക്ഷതം കാരണമാണ് ബിന്ദു മരിച്ചതെന്നാണ് റിപ്പോര്‍ട്ടിലുളളത്. ഭാരമുള്ള വസ്തുക്കള്‍ ശരീരത്തിലേക്ക് വീണാണ് ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കോണ്‍ക്രീറ്റ് തൂണുകള്‍ വീണ് ബിന്ദുവിന്റെ തലയോട്ടി തകര്‍ന്നതായാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിന്ദുവിന്റെ മുഖത്തും സാരമായ പരിക്കേറ്റിരുന്നു. വാരിയെല്ല് ഒടിഞ്ഞിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha