ചിരി മായുമ്പോള്‍... സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്‌കരണത്തിന് ഹൈക്കോടതി തടയിട്ടതോടെ സന്തോഷത്തോടെ സര്‍ക്കാര്‍; മോഹന്‍ദാസ് ശമ്പള പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശകള്‍ തുലാസില്‍

മോഹന്‍ദാസ് ചെയര്‍മാനായ ശമ്പള പരിഷ്‌കരണ കമ്മീഷന്റെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ സാധ്യതയില്ല. ഹൈക്കോടതി പരാമര്‍ശം പുറത്തു വന്നതോടെ ഇതുസംബന്ധിച്ച കൂടിയാലോചനകള്‍ സര്‍ക്കാര്‍ തലത്തില്‍ സജീവമായി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്‌കരണത്തിന് ഹൈക്കോടതി തടയിട്ടതോടെ വൈദ്യന്‍ കല്‍പ്പിച്ചതും രോഗി ഇച്ഛിച്ചതും പാല് എന്ന മട്ടില്‍ ആര്‍ത്തുല്ലസിക്കുകയാണ് പിണറായി വിജയനും അദ്ദേഹത്തിന്റെ സര്‍ക്കാരും. തന്റെ മനസറിഞ്ഞ് ഇത്തരമൊരു ഉത്തരവിറക്കിയ ഹൈക്കേടതിയെ മനസാ വന്ദിക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി.
എന്നാല്‍ ഹൈക്കോടതി പറയുന്നത് കേട്ട് തുള്ളിയാല്‍ പിണറായി വിജയനെ നുള്ളികളയുമെന്നാണ് സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍ പറയുന്നത്. ഭരണത്തിലേറിയ ദിവസം മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയാണ് മുഖ്യമന്ത്രിയുടെ മനസ്സ്. സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിയെടുക്കുന്നില്ല എന്നു തന്നെയാണ് അദ്ദേഹത്തിന്റെ വിശ്വാസം. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് പിണറായി പലവട്ടം സര്‍ക്കാര്‍ ജീവനക്കാരെ ഓര്‍മ്മിപ്പിച്ചിരുന്നു. ഫയലുകള്‍ താമസിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ അഗ്രഗണ്യന്‍മാരാണെന്നാണ് മുഖ്യന്ത്രിയുടെ വിശ്വാസം ഇതെല്ലാം ശരിവയ്ക്കുന്ന പരാമര്‍ശമാണ് കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
കോടതിയുടെയും സര്‍ക്കാരിന്റെയും നിഗമനങ്ങള്‍ ഒരു പരിധി വരെ ശരിയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നില്ലെന്ന കാര്യം നാട്ടില്‍ പാട്ടാണ്.
കേരളത്തില്‍ മാത്രമാണ് നാലര വര്‍ഷം കുടുമ്പോള്‍ ശമ്പള പരിഷ്‌കരണം നടത്തുന്നതെന്നും സംഘടിത വോട്ട് ബാങ്കിനെ ഭയന്നാണ് സര്‍ക്കാര്‍ നീക്കമെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് ശമ്പള പരിഷ്‌ക്കരണ കമ്മീഷനായിരുന്ന ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ 10 വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ശമ്പളം പരിഷ്‌ക്കരിക്കാവൂ എന്ന് ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടി അക്കാര്യം മന്ത്രിസഭയുടെ പരിഗണനക്ക് കൊണ്ടു വന്ന ശേഷം ഒരു തീരുമാനവും എടുക്കാതെ മാറ്റിവച്ചു. ഇതാണ് ഹൈക്കോടതി ഓര്‍മ്മിപ്പിച്ചിരിക്കുന്നത്.
നിലംനികത്തല്‍ ക്രമപ്പെടുത്തലുമായി ബന്ധപ്പെട്ട ഒരു കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. സാധാരണകാര്‍ക്ക് അനുകൂലമായ നിരവധി വിധി ന്യായങ്ങളിലൂടെ ശ്രദ്ധേയനാണ് ജസ്റ്റിസ് തോമസ്. ലണ്ടനില്‍ നിന്നും നിയമത്തില്‍ പരിശീലനം കിട്ടിയ വ്യക്തിയാണ് അദ്ദേഹം. ജഡ്ജിയാകുന്നതിന് മുമ്പ് അദ്ദേഹം സര്‍ക്കാര്‍ പ്രോസിക്യൂട്ടറായിരുന്നു.
സാധാരണക്കാരെ പിഴിഞ്ഞ് സര്‍ക്കാര്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ആറും എട്ടും വര്‍ഷം കൂടുമ്പോഴാണ് ശമ്പളം പരിഷ്‌കരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഇത് നാലര വര്‍ഷം കൂടുമ്പോള്‍ നടത്തുന്നു. സാഹചര്യം മനസിലാക്കുന്നതിന് പകരം സര്‍ക്കാര്‍ സംഘടിത വോട്ട് ബാങ്കിനെ ഭയക്കുകയാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ഇക്കാര്യം തുറന്നുപറയാന്‍ ധൈര്യപ്പെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ശമ്പള പരിഷ്‌കരണത്തിനായി ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍ മറ്റു മാര്‍ഗങ്ങളിലൂടെ സാധാരണക്കാരെ പിഴിയുന്നതെന്നും കോടതി പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഇതിന്റെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വേണ്ടി വന്നാല്‍ ശമ്പള പരിഷ്‌കരണത്തില്‍ ഇടപെടുമെന്ന മുന്നറിയിപ്പ് കൂടി ഹൈക്കോടതി നല്‍കി.
രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും സര്‍ക്കാര്‍ ജീവനക്കാരെ ഭയമാണെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് ഐസ്‌ക്രീം കേസില്‍ വി.എസിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും പിന്‍മാറിയ ജഡ്ജിയാണ് അദ്ദേഹം. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ തുറന്നു പറയുന്ന വ്യക്തിയുമാണ് അദ്ദേഹം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഹൈക്കോടതി തീരുമാനങ്ങള്‍ യഥാസമയം നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയപ്പോള്‍ ജസ്റ്റിസ് തോമസ് സര്‍ക്കാരിനും അഡ്വക്കേറ്റ് ജനറലിനുമെതിരെ രംഗത്തെത്തിയിരുന്നു. അന്ന് മുഖ്യമന്ത്രിയും ജഡ്ജിയും തമ്മില്‍ വലിയ കൊമ്പുകോര്‍ക്കലാണ് നടന്നത്. ഒടുവില്‍ മുഖ്യമന്ത്രി സുല്ല് പറഞ്ഞു.
ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരുങ്ങുന്ന ഘട്ടത്തിലാണ് ഹൈക്കോടതി വടിയെടുത്തത്. ഇനി കോടതിയുടെ പേരു പറഞ്ഞത് സര്‍ക്കാരിന് രക്ഷപ്പെടാം. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വെറുപ്പ് കോടതിയുടെ തലയില്ല സര്‍ക്കാരിന്റെ തലയില്‍ തന്നെ പതിക്കും.
https://www.facebook.com/Malayalivartha