വീണ്ടും ഉഴിച്ചില്‍ വേണം... കസ്റ്റംസിന്റെ അറസ്റ്റില്‍ നിന്നും ബോധക്കേടിലൂടെ ഭാര്യയുടെ ആശുപത്രിയിലൂടെ ഐസിയുവിലായ ശിവശങ്കറിന് കുരിക്കിട്ട് എന്‍ഫോഴ്‌സ്‌മെന്റ്; ലോക്കര്‍ സംബന്ധിച്ചുള്ള ഇഡിയുടെ ഒന്നൊന്നര തെളിവില്‍ മുന്‍കൂര്‍ ജാമ്യം ഒഴിവാക്കാന്‍ സാധ്യത; അങ്ങനെയെങ്കില്‍ ശിവശങ്കറിന്റെ അറസ്റ്റ് ഉടന്‍

സ്വര്‍ണക്കടത്ത് പ്രതികളുടെയും സംരക്ഷകരുടെയും ബിനാമി, കള്ളപ്പണ ഇടപാടുകള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അഥവാ ഇഡി അന്വേഷണം കടുപ്പിക്കുകയാണ്. ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഒഴിവാക്കാനുള്ള ശക്തമായ തെളിവുകളാണ് ഇഡി നിരത്തുന്നത്.
സ്വപ്നയുമായി ജോയിന്റ് അക്കൗണ്ടില്‍ ബാങ്ക് ലോക്കര്‍ എടുത്തത് എം.ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നെന്നും പണവുമായി അദ്ദേഹം തന്റെ വീട്ടിലെത്തിയെന്നും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ വെളിപ്പെടുത്തിയതോടെ കള്ളപ്പണ ഇടപാടു കേസില്‍ ശിവശങ്കറിന്റെ അറസ്റ്റ് ഉറപ്പായിരിക്കുകയാണ്. അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.
വേണുഗോപാലിന്റെ മൊഴികളില്‍ നിന്ന് ശിവശങ്കറിന് കള്ളപ്പണ ഇടപാടില്‍ പങ്കുണ്ടായിരുന്നെന്നും സ്വപ്നയുടെ ഇടപാടുകളെല്ലാം ശിവശങ്കര്‍ അറിഞ്ഞിരുന്നെന്നുമാണ് ഇ.ഡി വിലയിരുത്തുന്നത്. സ്വപ്നയുടെ കള്ളപ്പണ ഇടപാടുകള്‍ക്ക് ശിവശങ്കര്‍ സഹായം നല്‍കിയതിന്റെ തെളിവുകള്‍ സീല്‍വച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചശേഷം അറസ്റ്റിനുള്ള അനുമതി ആവശ്യപ്പെടും. 23വരെ ശിവശങ്കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. യു.എ.ഇ കോണ്‍സുല്‍ ജനറല്‍ സ്വപ്നയ്ക്ക് സമ്മാനമായി നല്‍കിയ 30ലക്ഷം രൂപ സൂക്ഷിക്കാനാണ് ലോക്കര്‍ തുറന്നതെന്നാണ് ശിവശങ്കറിന്റെ മൊഴി. ഇത് കളവാണെന്ന് ഇ.ഡി പറയുന്നു.
2017ഏപ്രിലിലും 2018ഏപ്രിലിലും ഒക്ടോബറിലും യു.എ.ഇയിലേക്കും ഒമാനിലേക്കും നടത്തിയ യാത്രകളില്‍ സ്വപ്‌നയുമായി ഗൂഢാലോചന നടത്തിയ ശിവശങ്കര്‍, പ്രളയസഹായത്തിന്റെ മറവില്‍ കോഴ തട്ടാനുള്ള പദ്ധതിയൊരുക്കിയെന്ന വിവരവും ഇ.ഡി അന്വേഷിക്കുന്നുണ്ട്. സെക്രട്ടേറിയറ്റിനടുത്ത് എസ്.ബി.ഐ സിറ്റി ബ്രാഞ്ചിലെ ലോക്കറില്‍ നിന്ന് 64 ലക്ഷം രൂപയും 982.5ഗ്രാം സ്വര്‍ണവും ഫെഡറല്‍ബാങ്കിന്റെ സ്റ്റാച്യു ബ്രാഞ്ചിലെ ലോക്കറില്‍ നിന്ന് 36.5ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്.
അതേസമയം വേണുഗോപാലിന്റെ മൊഴിയും കുരുക്കാകുന്നുണ്ട്. ലോക്കറില്‍ 30 ലക്ഷം സൂക്ഷിച്ചത് ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു. മൂന്നോ നാലോ തവണ ലോക്കര്‍ തുറന്ന് പണം സ്വപ്‌നയ്ക്ക് എടുത്തു നല്‍കിയപ്പോഴെല്ലാം ശിവശങ്കറിനെ അറിയിച്ചു. 35 ലക്ഷം ലോക്കറില്‍ വയ്ക്കണമെന്ന് ശിവശങ്കര്‍ വാട്‌സാപ്പില്‍ അറിയിച്ചെങ്കിലും 30 ലക്ഷമേ എത്തിച്ചുള്ളൂ. പണമടങ്ങിയ ബാഗുമായി സ്വപ്ന തന്റെ വീട്ടിലെത്തിയപ്പോള്‍ ശിവശങ്കര്‍ ഒപ്പമുണ്ടായിരുന്നു. സെക്രട്ടേറിയറ്റിനടുത്ത് ശാന്തി നഗറില്‍ വച്ച് സ്വപ്നയെ പരിചയപ്പെടുത്തിയ ശേഷം മടങ്ങിയെന്ന ശിവശങ്കറിന്റെ മൊഴി കളവാണ്. ലോക്കറില്‍ പണം വച്ച വിവരം അപ്പോള്‍തന്നെ ശിവശങ്കറിനെ അറിയിച്ചിരുന്നു.
ഇതാണ് ശിവശങ്കറിന് വിനയാകുന്നത്. പിടിവിടാത്ത ഇ.ഡി. മുന്നോട്ട് പോകുകയാണ്. കള്ളപ്പണ കേസില്‍ പ്രതിയാക്കിയാല്‍ നിരപരാധിത്വം തെളിയിക്കേണ്ടത് കുറ്റാരോപിതനാണ്. ഇ.ഡി അറസ്റ്റ് ചെയ്താല്‍ മൂന്നു മുതല്‍ ആറുമാസം വരെ ജാമ്യംകിട്ടില്ല. ബിനാമി ആക്ട്, ഇന്‍കം ടാക്‌സ് ആക്ട്, ആന്റി മണിലോണ്ടറിംഗ് ആക്ട്, വിദേശത്ത് ഹവാലാ ഇടപാട് നടന്നതിനാല്‍ ഫെമ (ഫോറിന്‍മണി മാനേജ്‌മെന്റ് ആക്ട്) എന്നീ വകുപ്പുകള്‍ ചുമത്താം. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ മാപ്പുസാക്ഷിയാക്കിയാല്‍ കേസ് കടുക്കും.
എന്തായാലും ശിവശങ്കറിനെ സംബന്ധിച്ച് അത്ര ശുഭകരമല്ലാതെയാണ് കാര്യങ്ങള്‍ പോകുന്നത്. കോടതിയില്‍ നിന്നും ഒരു വാക്ക് കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് കസ്റ്റംസും ഇഡിയും. വെള്ളിയാഴ്ചയാണ് രണ്ട് കേസിലും മുന്‍കൂര്‍ ജാമ്യത്തിന്റെ കാലാവധി. രണ്ട് കേസിലേയും മുന്‍കൂര്‍ ജാമ്യം തള്ളുമോയെന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്.
"
https://www.facebook.com/Malayalivartha