സ്വപ്ന പാവാട്ടോ... ശിവശങ്കറിന് കുരുക്ക് മുറുക്കി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴി; ശിവശങ്കറും സ്വപ്നയും ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ വീട്ടിലെത്തിയത് ബാഗ് നിറയെ പണവുമായി; വേണുഗോപാലിനെ മാപ്പുസാക്ഷിയാക്കി കടുപ്പിക്കും; ഇഡി അറസ്റ്റ് ചെയ്താല്‍ മൂന്നു മുതല്‍ ആറുമാസം വരെ ജാമ്യംകിട്ടില്ല

അറസ്റ്റില്‍ നിന്നും കുതറിയോടി കണ്ണില്‍ കരടായ സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ പൊക്കാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ്. ബിനാമി ആക്ട്, ഇന്‍കം ടാക്‌സ് ആക്ട്, ആന്റി മണിലോണ്ടറിംഗ് ആക്ട്, വിദേശത്ത് ഹവാലാ ഇടപാട് നടന്നതിനാല്‍ ഫെമ (ഫോറിന്‍മണി മാനേജ്‌മെന്റ് ആക്ട്) എന്നീ വകുപ്പുകള്‍ ഇഡിക്ക് ചുമത്താനാകും. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ മാപ്പുസാക്ഷിയാക്കിയാല്‍ കേസ് കടുക്കും. ഇ.ഡി അറസ്റ്റ് ചെയ്താല്‍ മൂന്നു മുതല്‍ ആറുമാസം വരെ ജാമ്യംകിട്ടില്ല.
ഒരു ബാഗ് നിറയെ പണവുമായി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ വീട്ടില്‍ സ്വപ്ന സുരേഷിനൊപ്പം എം. ശിവശങ്കര്‍ എത്തിയെന്ന് ഇഡി വെളിപ്പെടുത്തിയതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുനനത്. ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണത്തിലാണ് ഈ വിവരം.
ബാഗില്‍ 30 ലക്ഷം രൂപയുമായി ഇരുവരും എത്തിയെന്നും ആ പണം കൈകാര്യം ചെയ്യാന്‍ താന്‍ മടിച്ചെന്നും വേണുഗോപാല്‍ പറഞ്ഞതായി ഇഡി അറിയിച്ചു. പണം സത്യമായ സ്രോതസ്സില്‍ നിന്നാണെന്നു വിശദീകരിക്കാന്‍ സ്വപ്ന ശ്രമിച്ചെന്നും ലോക്കറില്‍ വയ്ക്കണമെന്ന് അഭ്യര്‍ഥിച്ചെന്നും വേണുഗോപാല്‍ അറിയിച്ചതായി ഇഡി പറയുന്നു. ഈ ചര്‍ച്ചയെല്ലാം ശിവശങ്കറിന്റെ സാന്നിധ്യത്തിലാണ് നടന്നതെന്നും അസി. ഡയറക്ടര്‍ പി. രാധാകൃഷ്ണന്‍ നല്‍കിയ വിശദീകരണത്തിലുണ്ട്.
സാമ്പത്തികം കൈകാര്യം ചെയ്യാന്‍ സ്വപ്നയെ സഹായിക്കണമെന്ന്, തനിക്ക് 20 വര്‍ഷത്തിലേറെയായി പരിചയമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനു നിര്‍ദേശം നല്‍കിയിരുന്നതായി ശിവശങ്കറിന്റെ മൊഴിയിലും സമ്മതിച്ചിട്ടുണ്ട്.
സ്വപ്നയുമായി ശിവശങ്കര്‍ ഓഫിസില്‍ വന്നെന്നും അവരെ തനിക്കു പരിചയപ്പെടുത്തിയെന്നും സാമ്പത്തിക കാര്യങ്ങളില്‍ ഉപദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടെന്നും വേണുഗോപാലും വ്യക്തമാക്കിയിട്ടുണ്ട്.
സ്വപ്നയുമായി ചേര്‍ന്ന് ജോയിന്റ് ലോക്കര്‍ ആരംഭിക്കാന്‍ ശിവശങ്കര്‍ ആവശ്യപ്പെട്ടെന്നും അതനുസരിച്ച് തിരുവനന്തപുരം എസ്ബിഐയില്‍ സ്വപ്നയുമായി ചേര്‍ന്ന് ലോക്കര്‍ തുറന്നെന്നുമാണ് വേണുഗോപാല്‍ വിശദീകരിച്ചത് ഇഡി അറിയിച്ചു.
സ്വപ്നയുടെ സാമ്പത്തിക അവസ്ഥ മോശമായിരുന്നെന്നും സഹായിക്കാന്‍ പരമാവധി ശ്രമിച്ചെന്നും ജോലി ലഭ്യമാക്കാന്‍ ശ്രമിച്ചെന്നും ശിവശങ്കര്‍ മൊഴിയില്‍ സമ്മതിച്ചിട്ടുണ്ട്. അതേസമയം ഡെലീറ്റ് ചെയ്ത വാട്‌സാപ്പ് സന്ദേശങ്ങള്‍ വീണ്ടെടുത്തതും ശിവശങ്കറിന് തിരിച്ചടിയായി. സ്വപ്നയുമായി വളരെയേറെ അടുപ്പമുണ്ടായിരുന്ന ശിവശങ്കര്‍ ദിവസം മുഴുവന്‍ അവര്‍ക്ക് വാട്‌സാപ് സന്ദേശങ്ങള്‍ അയയ്ക്കുമായിരുന്നു. ശിവശങ്കറുമായി സ്വപ്ന എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു. ഇതെല്ലാം ഇഡി കണ്ടെടുത്തു.
അതിനാല്‍, സ്വര്‍ണക്കള്ളക്കടത്ത്, കോണ്‍സുലേറ്റ് കരാറിലെ കമ്മിഷന്‍ അല്ലെങ്കില്‍ കൈക്കൂലി എന്നിവ വഴി സ്വപ്ന പണമുണ്ടാക്കുന്നെന്നത് ശിവശങ്കര്‍ അറിഞ്ഞില്ലെന്നു വരാന്‍ സാധ്യതയില്ല. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ഒട്ടേറെ വസ്തുതകള്‍ പുറത്തുവരാനുണ്ടെന്നാണ് ഇഡി വിശദീകരിക്കുന്നത്.
ഇക്കാര്യങ്ങള്‍ ഇഡി കണ്ടുപിടിച്ചെന്ന് മനസിലാക്കിയ ശേഷമാണ് ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ മുന്‍കൂര്‍ ജാമ്യത്തിന് പോയത്. സ്വപ്നയുമായുള്ള അതിരുവിട്ട ബന്ധമാണ് പലതിനും കൂട്ടുനില്‍ക്കാന്‍ ശിവശങ്കറെ പ്രേരിപ്പിച്ചത്. അതെനെല്ലാം തെളിവില്ലാതായതോടെയാണ് ശിവശങ്കര്‍ ഇത്രയും നാള്‍ പുറത്ത് നിന്നത്. എന്നാല്‍ ഡിജിറ്റല്‍ തെളിവുകള്‍ കൂടി ലഭിച്ചതോടെ ശിവശങ്കര്‍ ശരിക്കും പെട്ട അവസ്ഥയിലാണ്. കൂടാതെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴിയും കൂടിയായപ്പോള്‍ എല്ലാം ഓക്കെയായി.
"
https://www.facebook.com/Malayalivartha