കോടികൾ തട്ടിയവർ അഴിക്കുള്ളിലേക്ക് ....ടെക്സ്റ്റയില്‍സ് ഉടമയായ പ്രവാസിയെ ചതിച്ച് 1.04കോടി രൂപ തട്ടിയെടുത്ത സോളാര്‍ തട്ടിപ്പ് കേസ് : ബിജു രാധാകൃഷ്ണന് പതിമൂന്നു വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു:ശാലു മേനോനും മാതാവിനും എതിരായ കേസ് തുടരും:ഇരുവരും നവംബര്‍ 2 ന് ഹാജരാകണം: ഒന്നാം സാക്ഷി പ്രവാസിയടക്കം 3 സാക്ഷികള്‍ മൊഴി നല്‍കാന്‍ നവംബര്‍ 2 ന് ഹാജരാകാന്‍ കോടതി ഉത്തരവ്

കെ എസ് ഇ ബിയുടെ ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ലില്‍ നിന്ന് രക്ഷ നേടാന്‍ സോളാര്‍ പാനലും തമിഴ്‌നാട്ടില്‍ വിന്‍ഡ് മില്ലും സ്ഥാപിച്ചു നല്‍കാമെന്ന് വിശ്വസിപ്പിച്ച് ടെക്സ്റ്റയില്‍ ഉടമയായ പ്രവാസിയെ കബളിപ്പിച്ച് 1.04 കോടി രൂപ വഞ്ചിച്ചെടുത്ത കേസില്‍ ഒന്നാം പ്രതിയായ ബിജു രാധാകൃഷ്ണന് വഞ്ചനയടക്കം വിവിധ വകുപ്പുകളിലായി 13 വര്‍ഷം തടവും പതിനായിരം രൂപ പിഴയും തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി ശിക്ഷ വിധിച്ചു. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്ന് കോടതി വിധിന്യായത്തില്‍ ഉത്തരവിട്ടതിനാല്‍ മൂന്നു വര്‍ഷം തടവും പതിനായിരം രൂപ പിഴയും ഒടുക്കണം. വിചാരണ തടവുകാരനായി ജയിലില്‍ കിടന്ന കാലയളവ് തടവുശിക്ഷയില്‍ തട്ടിക്കിടിച്ച് സെറ്റ് ഓഫ് ചെയ്യാനും കോടതി ഉത്തരവിട്ടു. ബുധനാഴ്ച കേസ് വിചാരണക്കായി പരിഗണിച്ചപ്പോള്‍ കുറ്റസമ്മത ഹര്‍ജി ബിജു സമര്‍പ്പിക്കുകയായിരുന്നു.
രണ്ടും മൂന്നും പ്രതികളായ ചലച്ചിത്ര താരം ശാലു മേനോന്‍ , മാതാവ് കലാ ദേവി എന്നിവര്‍ക്കെതിരായ കേസ് തുടരാനും ഉത്തരവിട്ട കോടതി ഇരുവരും നവംബര്‍ 2 ന് ഹാജരാകാനും ഉത്തരവിട്ടു. പ്രോസിക്യൂഷന്‍ ഭാഗം സാക്ഷി വിസ്താരത്തിനായി സാക്ഷിമൊഴി നല്‍കാനായി പരാതിക്കാരനും ഒന്നാം സാക്ഷിയുമായ പ്രവാസി റാസിക് അലിയടക്കം 3 സാക്ഷികളെ സംബര്‍ 2 ന് ഹാജരാക്കാനും കോടതി ഉത്തരവിട്ടു. കേസിന്റെ വിചാരണ വിലക്കിക്കൊണ്ടുണ്ടായിരുന്ന ഹൈക്കോടതി സ്റ്റേ നീക്കം ചെയ്തതിന്റെ വെളിച്ചത്തിലാണ് കേസ് വിചാരണ ആരംഭിക്കുന്നത്.
2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വിസ് സോളാര്‍ ടെക്‌നോളജീസ് എന്ന കമ്പനിയുടെ നടത്തിപ്പുകാരായ ഡോ. ആര്‍.ബി. നായരെന്ന ബിജു രാധാകൃഷ്ണന്‍ , സിനിമാ-സീരിയല്‍ താരം ശാലു മേനോന്‍ എന്ന ശാലു വേണുഗോപാല്‍ , ശാലുവിന്റെ മാതാവ് കലാ ദേവി എന്നിവരാണ് വഞ്ചനാ കേസിലെ 1 മുതല്‍ 3 വരെയുള്ള പ്രതികള്‍.
സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡിന്റെ വൈദ്യുതി ബില്‍ ലാഭിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സോളാര്‍ വൈദ്യുതിയുടെ പേരില്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയ പ്രവാസിയായ റാസിഖ് അലിയില്‍ നിന്നും 1,04,60,000 രൂപ പണമായും ചെക്ക് ലീഫായും കൈപ്പറ്റിയാണ് സോളാര്‍ തട്ടിപ്പിനിരയാക്കിയത്.
കെ എസ് ഇ ബിയുടെ അമിത വൈദ്യുതി ബില്‍ നിരക്കില്‍ നിന്ന് മുക്തി നേടുന്നതിന് വൈദ്യുതി പുതുക്കി ഉപയോഗിക്കാവുന്ന സോളാര്‍ പാനലും വിന്‍ഡ്മില്ലുകളും സ്ഥാപിച്ചു നല്‍കാമെന്ന് പറഞ്ഞ് പത്രപ്പരസ്യം നല്‍കിയാണ് പ്രതികള്‍ തട്ടിപ്പിന് കളമൊരുക്കിയത്. പരസ്യത്തില്‍ ആകൃഷ്ടനായ പ്രവാസി പരസ്യത്തില്‍ കൊടുത്ത ഫോണ്‍ നമ്പരില്‍ വിളിച്ചു. കൂടിക്കാഴ്ചക്ക് മുന്‍ കൂട്ടി തീയതിയും സമയവും നിശ്ചയിച്ച് പ്രതികള്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി പ്രേരിപ്പിച്ച് സോളാര്‍ പാനലും തമിഴ്‌നാട്ടില്‍ വിന്‍ഡ് മില്ലുകളും സ്ഥാപിച്ചു നല്‍കാമെന്നും വിശ്വസിപ്പിച്ച് 1, 04 , 60,000 രൂപ വഞ്ചിച്ചെടുത്തുവെന്നാണ് കേസ്. താന്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഊര്‍ജമന്ത്രാലയത്തിലെ മുഖ്യ ഉപദേഷ്ടാവാണെന്നും തനിക്ക് കേന്ദ്ര ധനകാര്യ മന്ത്രിയുമായി അടുത്ത ബന്ധമുളളതായും ബിജു അവകാശപ്പെട്ടതായും അലി പോലീസിന് മൊഴി നല്‍കി. പിന്നീടാണ് താന്‍ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞത്. താന്‍ നടത്തിയ അന്വേഷണത്തില്‍ ബിജു രാധാകൃഷ്ണന്‍ ഓഫീസ് പൂട്ടി മുങ്ങിയതായി വെളിപ്പെട്ടതായും ആരോപിച്ചു.
പ്രവാസിയുടെ പരാതിയില്‍ തമ്പാനൂര്‍ പോലീസ് 2013 ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് സോളാര്‍ തട്ടിപ്പു കേസുകള്‍ അന്വേഷിക്കാനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കുകയായിരുന്നു. 2013 നവംബര്‍ 30 ന് കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 406 ( വിശ്വാസ ലംഘനം ) , 419 ( ചതിക്കുന്നതിലേക്കായുള്ള ആള്‍മാറാട്ടം ) , 420 ( ചതിക്കുകയും ചതിക്കപ്പെട്ടയാളെ വഞ്ചനാപരമായി പ്രേരിപ്പിച്ചും കബളിപ്പിച്ചും പണം വാങ്ങുകയും ചെയ്യല്‍ ) , 471 ( വ്യാജ നിര്‍മ്മിത രേഖകള്‍ അസ്സല്‍ പോലെ ഉപയോഗിക്കല്‍ ) , 212 ( കുറ്റക്കാര്‍ക്ക് അഭയം കൊടുത്ത് ഒളിവില്‍ പാര്‍പ്പിക്കല്‍ ) , 34 ( കൂട്ടായ്മ ) എന്നീ കുറ്റങ്ങളാണ് വിചാരണക്ക് മുന്നോടിയായി പ്രതികള്‍ക്ക് മേല്‍ കോടതി ചുമത്തിയിട്ടുള്ളത്.
" f
https://www.facebook.com/Malayalivartha