ഇന്ന് അതി നിര്‍ണായകം... ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഇന്ന് ഹൈക്കോടതിയുടെ നിര്‍ണായക വിധി; വീട്ടില്‍ കയറി വിജയ് പി നായരെ കൈകാര്യം ചെയ്ത രീതി പരക്കെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പോലീസും കാലുമാറി; ജാമ്യ ഹര്‍ജി തള്ളിയാല്‍ ഒളിവിലായവരെ പൊക്കാനുറച്ച് തമ്പാനൂര്‍ പോലീസ്

യൂട്യൂബിലോടെ സ്ത്രീകളെ അപമാനിച്ച് വീഡിയോ പോസ്റ്റ് ചെയ്ത വിജയ് പി നായരെ വീട്ടില്‍ കയറി മര്‍ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും രണ്ട് സുഹൃത്തുക്കളും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുകയാണ്. ഭാഗ്യലക്ഷ്മിക്ക് പുറമെ ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവരാണ് ഹര്‍ജിക്കാര്‍. വീട്ടില്‍ കയറി വിജയ് പി നായരെ തല്ലി മുണ്ട് പറിച്ച് ചൊറിയണം ഇട്ട് കരിയോയില്‍ ഒഴിച്ച് മാപ്പ് പറയിപ്പിച്ച് വീഡിയോയിട്ട കേസിലാണ് നിര്‍ണായക വിധി വരുന്നത്. ബാക്കിയെല്ലാം പറഞ്ഞ് നില്‍ക്കാമെങ്കിലും ഇവര്‍ ലൈവായ് വീഡിയോയിട്ടതാണ് എല്ലാത്തിനും തെളിവായത്. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതോടെയാണ് ഇവര്‍ ഹൈക്കോടതിയിലെത്തിയത്. അതേസമയം സര്‍ക്കാരും പോലീസും നിയമം നിയമത്തിന്റെ വഴിക്കെന്ന തീരുമാനമെടുത്തതാണ് ഭാഗ്യലക്ഷ്മിയ്ക്കും കൂട്ടര്‍ക്കും വിനയായത്.
വിജയ് പി നായരുടെ മുറിയില്‍ അതിക്രമിച്ച് കയറി ആക്രമിച്ചിട്ടില്ല. പ്രശ്‌നം പറഞ്ഞ് പരിഹരിക്കാനാണ് പോയത്. എന്നാല്‍ വിജയ് പി നായര്‍ ഇങ്ങോട്ട് പ്രകോപനമുണ്ടാക്കുകയായിരുന്നു. ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പോലീസിന് കൈമാറിയിരുന്നെന്നും മോഷണം നടത്താനുള്ള ഉദ്ദേശത്തോടെയല്ല ഇത് കൊണ്ടുപോയതെന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ പോലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമുണ്ടെന്നും അത് തങ്ങള്‍ക്ക് സമൂഹത്തിലുള്ള അംഗീകാരത്തെ മോശമായി ബാധിക്കുമെന്നതിനാല്‍ അറസ്റ്റ് തടയണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ജാമ്യ ഹര്‍ജിയെ എതിര്‍ക്കുന്ന ശക്തമായ റിപ്പോര്‍ട്ടാണ് തമ്പാനൂര്‍ പോലീസ് എടുത്തിരിക്കുന്നത്. അതിനാല്‍ തന്നെ ജാമ്യം കിട്ടുക പ്രയാസമാണെന്നാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ഒളിവിലുള്ള ഇവരെ ഉടന്‍ തന്നെ പൊക്കുന്നതാണ്. ജാമ്യം കിട്ടിയാല്‍ ഉടന്‍ ചാനല്‍ ചര്‍ച്ചകളില്‍ വന്ന് ഇന്നത്തെ ദിനം സജീവമാക്കും. മാത്രമല്ല സര്‍ക്കാര്‍ പുതിയ നിയമ നിര്‍മ്മാണത്തിന് കടന്നത് തങ്ങളുടെ വിജയമായി ചിത്രീകരിക്കുകയും ചെയ്യും. ജാമ്യം കിട്ടിയില്ലെങ്കില്‍ രക്ത സാക്ഷികളായി ഇവര്‍ രംഗത്തു വരും. തങ്ങള്‍ ജയിലില്‍ പോയാലും പുതിയ നിയമം കൊണ്ടു വരാന്‍ കഴിഞ്ഞല്ലോ എന്നും വ്യാഖ്യാനിക്കും.
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയമം ശക്തിപ്പെടുത്താന്‍ നിയമഭേദഗതിക്ക് മന്ത്രിസഭ കഴിഞ്ഞ ദിവസമാണ് അംഗീകാരം നല്‍കിയത്. സംസ്ഥാന പൊലീസ് ആക്ടില്‍ ഭേദഗതി വരുത്താന്‍ ഓര്‍ഡിനന്‍സ് ഇറക്കും.
അതേസമയം ഭാഗ്യലക്ഷ്മി ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലീസ് റിപ്പോര്‍ട്ട് നല്‍കി. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹൈക്കോടതിയിലും നിലപാട് കടുപ്പിച്ച് തമ്പാനൂര്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണ്. ഭാഗ്യലക്ഷ്മിയും കൂട്ടരും വിജയ് പി. നായര്‍ക്ക് നേരെ നടത്തിയത് കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പോലീസ് പ്രധാനമായും ഉന്നയിക്കുന്നത്.
വാദപ്രതിവാദങ്ങള്‍ അക്രമത്തില്‍ കലാശിച്ചതല്ല. കരി ഓയിലടക്കമുള്ള വസ്തുക്കള്‍ കൈയ്യില്‍ കരുതിയത് അക്രമം ലക്ഷ്യമിട്ടാണ്. അതുകൊണ്ട് തന്നെ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇക്കാര്യങ്ങളൊക്കെ വീഡിയോ ചിത്രീകരിച്ച് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കണമെന്ന ഉദ്ദേശവും പ്രതികള്‍ക്ക് ഉണ്ടായിരുന്നുവെന്നും പോലീസ് ചൂണ്ടിക്കാട്ടി.
വിജയ് പി. നായരുടെ വീട് കാണിച്ചുകൊടുത്ത രണ്ടു പേര്‍ കൂടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അങ്ങനെയെങ്കില്‍ അവരെ കൂടി പിടികൂടേണ്ടതുണ്ട്. വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണും കണ്ടെത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് പോലീസിന്റെ വാദം. തമ്പാനൂര്‍ പോലീസിന്റെ ഈ കടുത്ത നിലപാടാണ് ഭാഗ്യ ലക്ഷ്മിയേയും കൂട്ടരേയും വെട്ടിലാക്കുന്നത്.
"
https://www.facebook.com/Malayalivartha