തലയില്‍ കൈവച്ച് വിവിഐപികള്‍... ലൈഫ് മിഷന്‍ കരാര്‍ ലഭിച്ചാല്‍ സ്വപ്നയടക്കമുള്ള വിവിഐപികള്‍ക്ക് 30% കമ്മിഷന്‍ നല്‍കാമെന്ന് ഉറപ്പിച്ചിരുന്നതായി സന്തോഷ് ഈപ്പന്‍; ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലില്‍ നടത്തിയ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലുകളില്‍ അമ്പരന്ന് സ്വപ്നയും വിവിഐപികളും

നാട്ടില്‍ മേലനങ്ങാതെ ഏറ്റവും അധികം വരുമാനം ലഭിക്കുന്ന ഒന്നാണ് വട്ടിപ്പലശയ്ക്ക് കൊടുക്കുന്ന ഏര്‍പ്പാട്. 5 മുതല്‍ 10 ശതമാനം വരെ പലിശയ്ക്ക് കൊടുക്കുന്നവരാണ് അധികവും. മറ്റൊരു ഈടും നല്‍കാതെ ഈസിയായി ഉടന്‍ പണം കിട്ടുന്നതിനാല്‍ ഈ വട്ടിപലിശക്കാരില്‍ നിന്നും പണം കടം വാങ്ങാത്ത മലയാളി ഉണ്ടാവില്ല. വലിയ തുകയ്ക്ക് ആര്‍സി ബുക്ക് പ്രമാണം തുടങ്ങിയവയും വാങ്ങും. പലിശ കൃത്യമായി കൊടുത്താല്‍ പ്രശ്‌നമില്ല. ഇല്ലെങ്കില്‍ വീട്ടിലെത്തി നാണക്കേടുണ്ടാക്കും. ആ നാണക്കേട് നാണക്കേടായ് എടുക്കുന്നവര്‍ വീട് വിറ്റും പണം നല്‍കും. കൊടുത്തില്ലെങ്കിലോ ഇരുട്ടടിയില്‍ അവസാനിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ പണം ഇരട്ടിക്കുന്നതാണ് ഈ വട്ടിപ്പലിശ.
എന്നാല്‍ ഈ വട്ടി പലിശയേക്കാള്‍ വെല്ലുന്ന ബിസിനസാണ് സ്വപ്നയുടേതെന്നാണ് കണ്ടെത്തിയത്. അതായത് 30 ശതമാനം കമ്മീഷന്‍. മേലനങ്ങാതെ 100 രൂപയ്ക്ക് 30 രൂപ. 100 കോടിയ്ക്ക് 30 കോടി എന്ന രീതിയില്‍ എത്ര കിട്ടുന്നോ അതിന്റെ 30 ശതമാനം കിട്ടും.
യൂണിടാക് ഉടമ സന്തോഷ് ഈപ്പനാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്ക് പുറത്ത് വിട്ടത്. ലൈഫ് മിഷന്‍ കരാര്‍ ലഭിച്ചാല്‍ സ്വപ്നയടക്കമുള്ളവര്‍ക്കു 30% കമ്മിഷന്‍ നല്‍കാന്‍ തുടക്കത്തില്‍ ധാരണയുണ്ടായിരുന്നെന്ന് സന്തോഷ് ഈപ്പന്‍ പറഞ്ഞത്. ഒരു കോടി യുഎഇ ദിര്‍ഹം അതായത് ഏകദേശം 20 കോടി രൂപ ചെലവിട്ട് 100 ഫ്‌ലാറ്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതി ചര്‍ച്ച ചെയ്തപ്പോഴാണിതെന്നും സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പിന് ഇന്നലെ സന്തോഷ് മൊഴി നല്‍കി.
പിന്നീട് ഫ്‌ലാറ്റുകളുടെ എണ്ണം 140 ആക്കിയതോടെ 20% കമ്മിഷന്‍ നല്‍കാമെന്ന ധാരണയിലെത്തി. അപ്പോഴും ലാഭമാണു പ്രതീക്ഷിച്ചത്. കമ്മിഷന്‍ തുക ചെലവിനത്തില്‍ കാണിക്കാമെന്നു വിചാരിച്ചു. എന്നാല്‍ കരാറിനെ പറ്റി വിവിധ ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയതോടെ അതു തകിടം മറിഞ്ഞുവെന്നും സന്തോഷ് ഈപ്പന്‍ പറഞ്ഞു. 4.48 കോടി രൂപ കമ്മിഷനെ പറ്റി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു നല്‍കിയ മൊഴി അദ്ദേഹം ആവര്‍ത്തിക്കുകയും ചെയ്തു.
ലൈഫ് മിഷന്‍ ഇടപാടു സംബന്ധിച്ച കേസ് പരിഗണിക്കുന്നതു നേരത്തേയാക്കണമെന്ന സിബിഐ ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് തള്ളിയത്. കേസില്‍ സിബിഐ എതിര്‍ സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. കേസ് വാദിക്കുന്നത് അഡീഷനല്‍ സോളിസിറ്റര്‍ ജനറലായിരിക്കുമെന്നും ഇതുസംബന്ധിച്ച ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും സിബിഐ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു.
അഡീഷനല്‍ സോളിസിറ്റര്‍ ജനറലിനു സൗകര്യ പ്രദമായ ദിവസം അറിഞ്ഞശേഷം കേസ് നേരത്തേയാക്കാനുള്ള ഹര്‍ജി സിബിഐക്കു നല്‍കാം എന്നു കോടതി ഉത്തരവിട്ടു. ലൈഫ് മിഷന്‍ ഇടപാടില്‍ സിബിഐ അന്വേഷണത്തിനെതിരെ നല്‍കിയ ഹര്‍ജിയില്‍ മിഷന്‍ സിഇഒയ്‌ക്കെതിരെയുള്ള നടപടികള്‍ 13 ന് ഹൈക്കോടതി 2 മാസത്തേക്ക് സ്‌റ്റേ ചെയ്തിരുന്നു. ഇതുമൂലം അന്വേഷണം തടസ്സപ്പെട്ടെന്നും കേസ് എത്രയും വേഗം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സിബിഐ ഹര്‍ജി.
എതിര്‍സത്യവാങ്മൂലം പോലും നല്‍കാതെ കേസ് നേരത്തേയാക്കണമെന്ന ഹര്‍ജി നല്‍കിയതു മാധ്യമശ്രദ്ധ നേടാനാണെന്നു ലൈഫ് മിഷനു വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കെ.വി വിശ്വനാഥന്‍ പറഞ്ഞു. എതിര്‍സത്യവാങ്മൂലം നല്‍കാതെ ഹര്‍ജി നല്‍കിയതെന്തുകൊണ്ടെന്ന് സിബിഐ അഭിഭാഷകനോട് കോടതി ആരാഞ്ഞു. എതിര്‍ സത്യവാങ്മൂലം തയാറാക്കിയിട്ടുണ്ടെന്നും കേന്ദ്ര ഓഫിസിലേക്ക് അയച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ അറിയിച്ചു. കേന്ദ്ര, സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ കെണിയില്‍ പെട്ടെന്നും ബിസിനസ് തകരുകയാണെന്നും കേസ് നേരത്തേയാക്കണമെന്നും യൂണിടാക് ഉടമ സന്തോഷ് ഈപ്പനും ആവശ്യപ്പെട്ടു. അതിനിടയിലാണ് ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലും സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലും വന്നത്. ഇതിന്‍മേല്‍ അന്വേഷണം വന്നാല്‍ നെഞ്ചിടിക്കുന്നത് വിവിഐപികളുടേതാണ്.
"
https://www.facebook.com/Malayalivartha