കുറ്റാന്വേഷണത്തില്‍ മികവ് തെളിയിക്കാത്തവരെയും ക്രിമിനല്‍ അഴിമതിക്കേസില്‍ ഉള്‍പ്പെടുന്നവരെയും പൊലീസില്‍ നിന്നും പുറംതള്ളണം: ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍

പൊലീസ് - ജയില്‍ പരിഷ്‌കരണത്തിന് ശുപാര്‍ശ സമര്‍പ്പിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മിഷന്‍ സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ കുറ്റാന്വേഷണത്തില്‍ മികവു തെളിയിക്കാത്തവരെയും ക്രിമിനല്‍- അഴിമതിക്കേസില്‍ ഉള്‍പ്പെടുന്നവരെയും സര്‍വീസില്‍ നിന്നു പിരിച്ചുവിടുന്നതടക്കമുള്ള അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ശുപാര്‍ശ ചെയ്തു.
കുറ്റകൃത്യം തടയുന്നതും കേസുകള്‍ തെളിയിക്കുന്നതുമാണ് പൊലീസിന്റെ പ്രധാന കടമ. അതിന് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്ക് സമയം നല്‍കണം. കുറ്റകൃത്യം മുന്‍കൂട്ടി കണ്ടെത്തി തടയുന്നതിനു തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സേവനം പൊലീസ് തേടണം. 16 ലക്ഷത്തിലേറെ കേസുകളാണ് സംസ്ഥാനത്തു തെളിയിക്കാനുള്ളതെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
കമ്മിഷന്റെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇപ്രകാരമാണ്: കേസ് തെളിയിക്കാന്‍ പരമാവധി സൈബര്‍ തെളിവുകള്‍ കണ്ടെത്തണം. ക്രമസമാധാന പരിപാലനത്തിനും ട്രാഫിക് ഡ്യൂട്ടിക്കും സായുധ സേനാ ക്യാംപുകളിലെ പൊലീസുകാരെ വിനിയോഗിക്കണം. സിവില്‍ കേസുകള്‍ പൊലീസ് കയ്യൊഴിയരുത്. കോടതിയുടെ മറവില്‍ പൊലീസ് സ്വന്തം ജോലി ഒഴിവാക്കരുത്. കോടതിയില്‍ തോല്‍ക്കുന്ന കേസുകളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ വിധി പഠിച്ചു കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. സാക്ഷികളെ പ്രതികള്‍ സ്വാധീനിക്കാതെ സംരക്ഷിക്കണം. കേസുകള്‍ തെളിയിക്കാത്തവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കരുത്. വീഴ്ച ഉദ്യോഗസ്ഥരുടെ സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തണം.
മുന്‍ ജയില്‍ മേധാവി അലക്‌സാണ്ടര്‍ ജേക്കബ്, പി.വിനോദ് ഭട്ടതിരിപ്പാട് എന്നിവര്‍ കമ്മിഷന്‍ അംഗങ്ങളാണ്. സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചും ജയില്‍ പരിഷ്‌കരണത്തെക്കുറിച്ചും പ്രത്യേക ശുപാര്‍ശകളും നല്‍കി. തടവുകാരുടെ ശിക്ഷാ ഇളവിനായി സംസ്ഥാനതലത്തില്‍ റിട്ട. ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതി രൂപീകരിക്കണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു. നിലവില്‍ ജില്ലാതല ഉപദേശക സമിതികളാണ് തടവുകാരുടെ ശിക്ഷാ ഇളവിനും മോചനത്തിനും ശുപാര്‍ശ ചെയ്യുന്നത്. എന്നാല്‍ ഈ സമിതികളെക്കുറിച്ചു തടവുകാരില്‍ നിന്ന് കമ്മിഷനു പരാതി ലഭിച്ചു. അതിനാലാണ് സംസ്ഥാനതല സമിതി വേണമെന്ന് ശുപാര്‍ശ ചെയ്തത്.
https://www.facebook.com/Malayalivartha