ക്ലൈമാക്‌സിലേക്കടുക്കുമ്പോള്‍... സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ വന്ന കേന്ദ്ര ഏജന്‍സികള്‍ പിടി മുറുക്കിയതോടെ വമ്പന്‍ പേരുകളിലേക്ക് സൂചന നല്‍കി സ്വപ്ന സുരേഷ്; സ്വപ്‌നയുടെ മൊഴി പുറത്തുവന്നതോടെ ജയിലില്‍ അവരുടെ ജീവനു ഭീഷണിയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ

എത്രവേഗമാ കാര്യങ്ങള്‍ മാറി മറിഞ്ഞത്. സ്വപ്നയെ വിശ്വസിച്ച് അന്വേഷണ ഏജന്‍സികളെ വെല്ലുവിളിച്ചവര്‍ ഇപ്പോള്‍ വെള്ളം കുടിക്കുകയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത പേരുകള്‍ സ്വപ്ന സുരേഷ് വെളിപ്പെടുത്തുമെന്ന് പലരും ഭയക്കുന്നു. ഇഡി കോടതിയില്‍ നല്‍കിയ രഹസ്യ റിപ്പോര്‍ട്ടില്‍ ചില പേരുകള്‍ ഉണ്ടെന്നും പറയുന്നു. ഇതിനിടെ ചിലരുടെ പേരുകള്‍ പുറത്താകുകയും ചെയ്തു.
ഉന്നതരുടെ പങ്ക് വെളിപ്പെടുത്തിയുള്ള സ്വപ്‌നയുടെ മൊഴി പുറത്തുവന്നതോടെ ജയിലില്‍ അവരുടെ ജീവനു ഭീഷണിയുണ്ടെന്നു കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി.) റിപ്പോര്‍ട്ട് നല്‍കി. ശിവശങ്കറടക്കമുള്ള ഉന്നതര്‍ക്കെതിരേ ശക്തമായ മൊഴിയാണു സ്വപ്‌നയുടേത്. എന്തിനാണ് ഇങ്ങനെ മൊഴി നല്‍കിയതെന്നു ചിലര്‍ ചോദിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. അതോടെ സ്വപ്‌ന കടുത്ത മാനസിക സമ്മര്‍ദത്തിലാണ്. അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുന്ന അവരുടെ സുരക്ഷ കൂട്ടുന്ന കാര്യത്തില്‍ ജയില്‍വകുപ്പാണു തീരുമാനമെടുക്കേണ്ടത്.
കെ ഫോണ്‍, ഡൗണ്‍ ടൗണ്‍, ഇമൊബിലിറ്റി, ലൈഫ് മിഷന്‍ പദ്ധതികളിലെ പല ഇടപാടുകളെപ്പറ്റിയും കഴിഞ്ഞ പത്തിനു സ്വപ്‌ന നല്‍കിയ മൊഴി ഉന്നതരായ പലരെയും കുടുക്കുന്നതാണെന്നാണു സൂചന. എല്ലാം തുറന്നുപറഞ്ഞ് സ്വപ്‌ന മാപ്പുസാക്ഷിയാകുമെന്ന ആശങ്കയുമുണ്ട്.
അതിനിടെ ശവശങ്കര്‍ സ്വപ്നയ്ക്കയച്ച വാട്‌സാപ്പും ഒന്നൊന്നര തെളിവായി മാറുന്നുണ്ട്. കെ ഫോണ്‍ പദ്ധതി കരാറില്‍ യൂണിടാക്ക് കമ്പനിയുടമ സന്തോഷ് ഈപ്പനെ തിരുകിക്കയറ്റാമോയെന്നു സ്വപ്‌ന സുരേഷിനോടു എം. ശിവശങ്കറിന്റെ ചോദ്യമാണ് പുറത്തായത്. വാട്ട്‌സ്ആപ്പിലൂടെയായിരുന്നു ആശയവിനിമയം. സന്തോഷ് ഈപ്പനുമായി ശിവശങ്കറിന്റെ ബന്ധം വ്യക്തമാക്കുന്ന സ്വപ്‌നയുടെ മൊഴികളും ചാറ്റിങ് വിവരങ്ങളുമടക്കമുള്ളവ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ മുദ്രവച്ച കവറില്‍ കോടതിക്കു കൈമാറി. സന്തോഷ് ഈപ്പനുമായി ശിവശങ്കറിന്റെ ബന്ധത്തിനു പിന്നില്‍ ലൈഫ് മിഷന്‍ കരാറില്‍നിന്നു ലഭിച്ച ഒരു കോടി രൂപ കോഴയാണെന്ന് ഇ.ഡി. വിശദീകരിച്ചു.
താന്‍ കമ്മീഷന്‍ വാങ്ങിയതു മുഴുവന്‍ ശിവശങ്കര്‍ അറിഞ്ഞാണെന്നും ഒരു കോടി രൂപ ലോക്കറില്‍ സൂക്ഷിച്ചത് അദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ചാണെന്നും കഴിഞ്ഞ ചൊവ്വാഴ്ച സ്വപ്‌ന മൊഴി നല്‍കിയിരുന്നു. സന്തോഷിനു കെ ഫോണിലും ലൈഫ് മിഷനിലും ശിവശങ്കര്‍ കൂടുതല്‍ കരാറുകള്‍ വാഗ്ദാനം ചെയ്‌തെന്ന് ഇ.ഡി കണ്ടെത്തി. യൂണിടാക്കിന് ഉപകരാര്‍ നല്‍കാന്‍ ശിപാര്‍ശ നല്‍കുന്നതു ശിവശങ്കറിന്റെ ജോലിയല്ല. അതു പഴയ ഇടപാടുകളുടെ പ്രത്യുപകാരമാണെന്നു വ്യക്തമാണ്.
സന്തോഷിനു കൈമാറാനായി കെ ഫോണ്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ സ്വപ്‌ന ശിവശങ്കറിനോടു ചോദിച്ചിരുന്നു. വിശദാംശങ്ങള്‍ കിട്ടിയിട്ടില്ലെന്നും കിട്ടുമ്പോള്‍ നല്‍കാമെന്നും ശിവശങ്കര്‍ ചാറ്റിങ്ങില്‍ മറുപടി നല്‍കി. സന്തോഷുമായുള്ള ദീര്‍ഘകാല ഇടപാടുകളുടെ തെളിവായാണ് ഇ.ഡി. ഈ സന്ദേശങ്ങള്‍ സമര്‍പ്പിച്ചത്.
അന്വേഷണം വഴിതെറ്റിക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്നും ചാറ്റിങ്ങുകളടക്കം ഡിജിറ്റല്‍ തെളിവുകള്‍ നിരത്തിയതോടെയാണു സ്വപ്‌നയും ശിവശങ്കറും പലതും സമ്മതിച്ചതെന്ന് ഇ.ഡി വ്യക്തമാക്കുന്നു. ലോക്കറിലെ പണത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം നടക്കുകയാണ്. ലോക്കറിലെ പണം ശിവശങ്കറിന്റേതാണെന്നേ ഈ ഘട്ടത്തില്‍ കരുതാനാകൂ. സന്തോഷുമായുള്ള ശിവശങ്കറിന്റെ അടുപ്പം വലിയ തെളിവാണ്. പല ലൈഫ് കരാറുകളും യൂണിടാക്കിനു നല്‍കാന്‍ പദ്ധതിയിട്ടിരുന്നതായി സ്വപ്‌ന മൊഴി നല്‍കിയിട്ടുണ്ട്. ഇതു തെറ്റാണെന്നു തെളിയിക്കാന്‍ ശിവശങ്കറിനു കഴിഞ്ഞിട്ടില്ല. ശിവശങ്കറും സ്വപ്‌നയും സ്വര്‍ണക്കടത്തിനു മുമ്പും പല ഇടപാടുകളും നടത്തിയതിനു തെളിവു കിട്ടിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് അന്വേഷണത്തിനിടെയാണു ലോക്കര്‍ പരിശോധിച്ചതും പണവും സ്വര്‍ണവും കണ്ടെത്തിയതും. ഈ പണത്തിന്റെ ഉറവിടത്തെക്കുറിച്ചുള്ള അന്വേഷണം ലൈഫ് മിഷനിലെ കൈക്കൂലിയിലെത്തിച്ചു. കെ ഫോണ്‍, ഇമൊബിലിറ്റി, ഡൗണ്‍ടൗണ്‍ പദ്ധതികളെക്കുറിച്ചല്ല, ഈ പദ്ധതികളുടെ മറവില്‍ ശിവശങ്കര്‍ എന്ന വ്യക്തി നടത്തിയ ഇടപാടുകളെപ്പറ്റിയാണ് അന്വേഷിക്കുന്നതെന്ന് ഇ.ഡി. വിശദീകരിച്ചു. എന്തായാലും സ്വപ്നയുടെ മൊഴികള്‍ ചൂടുപിടിച്ചതോടെയുള്ള ഈ ഐബി റിപ്പോര്‍ട്ട് പോലീസ് കാര്യമായി തന്നെയെടുക്കും.
https://www.facebook.com/Malayalivartha