ആദ്യവിവാഹത്തിന്റെ വിവരം മറച്ചുവച്ച് യുവതിയെ വിവാഹം കഴിച്ചു വഞ്ചിച്ച കേസില്‍ യുവാവ് കസ്റ്റഡിയില്‍

ആദ്യവിവാഹത്തിന്റെ വിവരം മറച്ചുവച്ച് യുവതിയെ വിവാഹം കഴിച്ചു വഞ്ചിച്ച കേസില്‍ കാസര്‍കോട് സ്വദേശി വിനോദ് വിജയന്‍ (38) എന്ന യുവാവ് കസ്റ്റഡിയില്‍. കോട്ടയം ഓണംതുരുത്ത് സ്വദേശിനിയുടെ പരാതിയിലാണ് നടപടി.
വിനോദ് കല്യാണാലോചനയുമായി യുവതിയുടെ വീട്ടുകാരെ സമീപിച്ചത് ഓണ്‍ലൈന്‍ വിവാഹ വെബ്‌സൈറ്റ് വഴിയാണ്. 3 മാസം മുമ്പ് കുറുമുള്ളൂര്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്തിയതിനുശേഷം യുവതിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. കല്യാണ ഫോട്ടോ വിനോദ് സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും അയച്ചുകൊടുത്തിരുന്നു. ഇതില്‍ ചിലത് ആദ്യ ഭാര്യയായ ചെങ്ങന്നൂര്‍ സ്വദേശിനിക്കും ലഭിച്ചു. രണ്ടാം വിവാഹത്തിന്റെ കാര്യം ആദ്യ ഭാര്യ അറിഞ്ഞു എന്നു മനസ്സിലാക്കിയതോടെ രണ്ടാം ഭാര്യയുമായി വിനോദ് കാസര്‍കോട്ടേക്കു കടന്നു.
ഓണംതുരുത്തിലെ യുവതിയുടെ വീട്ടുകാരെ ആദ്യ ഭാര്യ സമീപിച്ചതോടെയാണു തട്ടിപ്പിനെക്കുറിച്ചു യുവതിയുടെ ബന്ധുക്കള്‍ അറിയുന്നത്. ഇതോടെ യുവതിയെ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കള്‍ ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് കാസര്‍കോട്ടു നിന്നു യുവതിയെയും വിനോദിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വിനോദ് മര്‍ദിച്ചെന്നും നഗ്‌നഫോട്ടോകള്‍ എടുത്ത് ഭീഷണിപ്പെടുത്തിയെന്നും സ്വര്‍ണവും കല്യാണത്തിനു വീട്ടില്‍ നിന്നു ലഭിച്ച 1,46,000 രൂപയും തട്ടിയെടുത്തെന്നും യുവതി മൊഴി നല്‍കി. വിനോദിനെതിരെ പട്ടികജാതി-വര്‍ഗ അതിക്രമം, പീഡനം എന്നിവയ്ക്കു കേസ് റജിസ്റ്റര്‍ ചെയ്‌തെന്നു പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























