വേലി തന്നെ വിളവ് തിന്നുന്നോ? കണ്ണൂര്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ സമിതി അധ്യക്ഷനെതിരെ പോക്സോ കേസ്; കേസ് രജിസ്റ്റര്‍ ചെയ്തത് പെണ്‍കുട്ടി മജിസ്ട്രേറ്റിന് നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍; ആരോപണം നിഷേധിച്ച് അധ്യക്ഷന്‍
ലൈംഗിക പീഡനത്തിനിരയായി കൗണ്‍സിലിംഗിനെത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറി. കണ്ണൂരില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ സമിതി അധ്യക്ഷനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ സമിതി അധ്യക്ഷന്‍ ഇ ഡി ജോസഫിനെതിരായാണ് കേസ്. പെണ്‍കുട്ടി മജിസ്ട്രേറ്റിന് നല്കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് തലശ്ശേരി പോലീസ് കേസെടുത്തിരിക്കുന്നത്. കൗണ്‍സിലിംഗിനായി എത്തിയ 17 വയസ്സുകാരിയോട് ഇയാള്‍ മോശമായി പെരുമാറിയെന്നാണ് കേസ്. കുട്ടികള്‍ക്കെതിരായ പീഡനക്കേസുകള്‍ പരിഗണിക്കുകയും പ്രശ്നപരിഹാരം നിര്‍ദേശിക്കുകയും ചെയ്യേണ്ട ജില്ലാതലത്തിലെ അതോറിറ്റിയാണ് ശിശുക്ഷേമസമിതി.
ഒക്ടോബര്‍ 21-ന് പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനായി തലശ്ശേരി എരഞ്ഞോളിയിലെ ശിശുക്ഷേമ സമിതിയുടെ ഓഫീസിലെത്തിച്ചിരുന്നു. ഈ സമിതിയ്ക്ക് മുമ്പാകെ കൗണ്‍സിംഗിന് ഹാജരായപ്പോള്‍ തന്നോട് ഇ ഡി ജോസഫ് മോശമായി പെരുമാറിയെന്നാണ് മജിസ്ട്രേറ്റിനോട് 17 വയസ്സുകാരിയായ പെണ്‍കുട്ടി രഹസ്യമൊഴിയില്‍ പറഞ്ഞിരിക്കുന്നത്. കേസ് പരിഗണിക്കുന്നതിനിടെ, ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പരിഹസിക്കുന്ന ഭാഷയിലാണ് സംസാരിച്ചതെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. കണ്ണൂര്‍ കുടിയാന്മല പോലീസ് സ്റ്റേഷന് പരിധിയില്‍ റജിസ്റ്റര്‍ ചെയ്ത പോക്സോ കേസുമായി ബന്ധപ്പെട്ട് ശിശുക്ഷേമസമിതിയ്ക്ക് മുന്നില്‍ കൗണ്‍സിലിംഗിനായാണ് ഈ പെണ്‍കുട്ടി എത്തിയത്.
എന്നാല്‍ താന്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും, വനിതാ കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവര്‍ക്കൊപ്പം ഇരുന്നാണ് പെണ്‍കുട്ടിയോട് സംസാരിച്ചതെന്നും, എന്താണ് സംഭവിച്ചതെന്ന് ചോദിച്ച് മനസ്സിലാക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഇ ഡി ജോസഫ് വിശദീകരിക്കുന്നത്. കേസ് റജിസ്റ്റര്‍ ചെയ്ത കുടിയാന്മല പോലീസ് സ്റ്റേഷനില്‍ നിന്ന് വിവരങ്ങള്‍ തേടിയെന്നും ചൈല്‍ഡ് വെല്‍ഫെയര്‍ സമിതി അധ്യക്ഷനില്‍ നിന്ന് മൊഴിയെടുക്കുമെന്നും തലശ്ശേരി പോലീസും വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha