ലക്ഷം ലക്ഷം പിന്നാലെ... ഇന്നലെ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയും പരാജയപ്പെട്ടതോടെ കര്‍ഷക സമരം കൈവിടുന്നു; കേന്ദ്ര സര്‍ക്കാരിന് വലിയ തലവേദനയായി മാറിയിരിക്കുന്ന കര്‍ഷക സമരം പ്രധാനമന്ത്രി ഇടപെട്ടിട്ടും തീര്‍ന്നില്ല; രാജ്യത്തിന് നാണക്കേടായി റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടറുകളുമായി രാജ്പഥിലേക്ക് പ്രകടനം നടത്തും

കര്‍ഷക സംഘടനാ നേതാക്കളുമായുള്ള യോഗത്തിലെ കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന കര്‍ഷകര്‍ തള്ളിക്കളഞ്ഞതോടെ കാര്യങ്ങള്‍ സങ്കീര്‍ണമാകുകയാണ്. വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന നിലപാട് മയപ്പെടുത്തണമെന്ന ആവശ്യവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയെങ്കിലും സംഘടനകള്‍ അയഞ്ഞില്ല. എട്ട് ഭേദഗതികള്‍ വരുത്താമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. അതേസമയം നിയമത്തില്‍ ഭേദഗതി വരുത്താമെന്ന നിലപാട് തങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമെന്ന് കര്‍ഷക സംഘടന നേതാക്കള്‍ പറഞ്ഞു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ വിവിധ കാര്‍ഷിക സംഘടനകള്‍ നടത്തുന്ന സമരം ഒരാഴ്ച പിന്നിടുമ്‌ബോള്‍ കേന്ദ്രസര്‍ക്കാര്‍ ഒറ്റപ്പെടുകയാണ്. ഡല്‍ഹിയിലേയ്ക്കുള്ള വഴികള്‍ ഉപരോധിച്ച് ആയിരക്കണക്കിന് കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പേര്‍ രംഗത്തെത്തുകയാണ്. അത് കൊണ്ടുതന്നെ എത്രയും വേഗം സമരം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ വിഷയത്തില്‍ നിലപാട് കടുപ്പിക്കുകയാണ് കര്‍ഷകര്‍.
വിവാദ നിയമങ്ങള്‍ പിന്‍വലിക്കാതെയുള്ള ഒരു ഒത്തുതീര്‍പ്പുമില്ലെന്നു കര്‍ഷകര്‍ തീര്‍ത്തു പറഞ്ഞതോടെയാണ് കേന്ദ്ര സര്‍ക്കാരുമായുള്ള അഞ്ചാം ചര്‍ച്ചയും അലസിപ്പിരിഞ്ഞത്. ഡല്‍ഹി അതിര്‍ത്തികളില്‍ 10 ദിവസം പിന്നിട്ട പ്രക്ഷോഭം ശക്തമാക്കുമെന്നും റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന ജനുവരി 26നു ട്രാക്ടറുകളുമായി രാജ്പഥിലേക്കു പ്രകടനം നടത്തുമെന്നും കര്‍ഷകര്‍ പ്രഖ്യാപിച്ചു. ആവശ്യങ്ങള്‍ പരിശോധിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും 9നു രാവിലെ 11നു വീണ്ടും ചര്‍ച്ച നടത്താമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതില്‍ പങ്കെടുക്കണോയെന്നു തീരുമാനിക്കാന്‍ ഡല്‍ഹി, ഹരിയാന അതിര്‍ത്തിയിലുള്ള സിംഘുവില്‍ കര്‍ഷക സംഘടനകള്‍ ഇന്നു യോഗം ചേരും. പ്രക്ഷോഭം തുടങ്ങുംമുന്‍പ് 2 തവണയും അതിനുശേഷം ഒരാഴ്ചക്കിടെ മാത്രം 3 തവണയുമാണ് കേന്ദ്രവും കര്‍ഷകരും തമ്മില്‍ ചര്‍ച്ച നടത്തിയത്.
വിജ്ഞാന്‍ ഭവനില്‍ ഇന്നലെ ഉച്ചയ്ക്ക് 2 മുതല്‍ 7 വരെ നടന്ന ചര്‍ച്ചയിലും നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, നരേന്ദ്ര സിങ് തോമര്‍ എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം തീരുമാനിച്ചിരുന്നു. എതിര്‍പ്പുള്ള വ്യവസ്ഥകളില്‍ ഭേദഗതി വരുത്താമെന്ന മുന്‍ നിലപാട് കേന്ദ്രം ആവര്‍ത്തിച്ചു. താങ്ങുവില നിര്‍ത്തലാക്കില്ല, നിലവിലുള്ള പ്രാദേശിക ചന്തകള്‍ക്ക് സ്വകാര്യ ചന്തകള്‍ക്കുള്ള അതേ പരിഗണന, കര്‍ഷക, വ്യാപാരി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേട്ടിനു പകരം സിവില്‍ കോടതി എന്നിവ സംബന്ധിച്ച ഉറപ്പുകള്‍ എഴുതിനല്‍കാമെന്നു കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറും വാണിജ്യ, റെയില്‍ മന്ത്രി പീയൂഷ് ഗോയലും അറിയിച്ചു.
ഭേദഗതികള്‍ വിശദീകരിച്ചു സമയം കളയേണ്ടെന്നും നിയമങ്ങള്‍ പിന്‍വലിക്കുക എന്ന ഏക ആവശ്യമാണു തങ്ങള്‍ക്കുള്ളതെന്നും കര്‍ഷകര്‍ മറുപടി നല്‍കി. സര്‍ക്കാരിന്റെ നിലപാടുകള്‍ പഞ്ചാബി ഭാഷയില്‍ അവതരിപ്പിക്കാന്‍ പഞ്ചാബില്‍ നിന്നുള്ള എംപിയും വാണിജ്യ സഹമന്ത്രിയുമായ സോം പ്രകാശും സന്നിഹിതനായിരുന്നു.
ചര്‍ച്ച പരാജയപ്പെട്ടതോടെ ഹരിയാന, യുപി എന്നിവിടങ്ങളില്‍ നിന്നു ഡല്‍ഹിയിലേക്കുള്ള ദേശീയപാതകള്‍ അടച്ചു. സുരക്ഷ ശക്തമാക്കി. സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ച ചൊവ്വാഴ്ചത്തെ ഭാരത് ബന്ദിനു സിപിഎം, സിപിഐ അടക്കമുള്ള ഇടതു പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചു.
ചര്‍ച്ചയില്‍ കര്‍ഷകര്‍ മൗനവ്രതവും ആയുധമാക്കി. മന്ത്രിമാര്‍ ഭേദഗതി നിര്‍ദേശം മുന്നോട്ടുവച്ചപ്പോഴാണ് കര്‍ഷകര്‍ വേറിട്ട പ്രതിഷേധരീതി പുറത്തെടുത്തത്. ഇനി സംസാരിച്ചിട്ടു കാര്യമില്ലെന്നും നിയമം പിന്‍വലിക്കുമോ ഇല്ലയോ എന്നു പറയണമെന്നും വ്യക്തമാക്കി 'യെസ് ഓര്‍ നോ' ബോര്‍ഡുകള്‍ ഉയര്‍ത്തി. പ്രക്ഷോഭം അവസാനിപ്പിക്കണമെന്നു മന്ത്രിമാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോള്‍ മൗനം പാലിച്ച് ബോര്‍ഡുകളുമായി ഇരുന്നു. തുടര്‍ന്ന് മന്ത്രിമാര്‍ ചര്‍ച്ച അവസാനിപ്പിച്ചു.
സര്‍ക്കാരിന്റെ ഭക്ഷണവും ചായയും ഇത്തവണയും കര്‍ഷകര്‍ നിരസിച്ചു. ഡല്‍ഹിയിലെ ഗുരുദ്വാരയില്‍ നിന്നെത്തിച്ച ഭക്ഷണം അവര്‍ വിജ്ഞാന്‍ ഭവനില്‍ നിലത്തിരുന്നു കഴിച്ചു. സമരസ്ഥലത്തു തയാറാക്കിയ ലസ്സിയുമായാണു ചിലരെത്തിയത്. അങ്ങനെ വേറിട്ട സമരം കൈവിടുകയാണ്.
https://www.facebook.com/Malayalivartha