ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല

ആഗോള അയ്യപ്പ സംഗമത്തില്‍നിന്നും വിട്ടുനില്‍ക്കുമെന്ന് പന്തളം കൊട്ടാരം പ്രതിനിധികള്‍ അറിയിച്ചു. ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് ഉപകാരപ്രദമായ വികസനങ്ങള്‍ വരുന്നതിന് പന്തളം കൊട്ടാരത്തിന് അഭിപ്രായ വിത്യാസമില്ലെന്നും കൊട്ടാരത്തിലെ അംഗങ്ങളുടെ നിര്യാണം മൂലമുണ്ടായ അശുദ്ധി മൂലമാണ് പരിപാടിയില്‍ പങ്കെടുക്കാതെന്നും പ്രതിനിധികള്‍ അറിയിച്ചു.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് നേരിട്ട് ക്ഷണിച്ചിട്ടും കൊട്ടാരത്തിലെ വലിയ തമ്പുരാനുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നാണ് നേരത്തെ കൊട്ടാരം അറിയിച്ചിരുന്നത്. 2018ലെ കേസുകളുടെ കാര്യങ്ങളില്‍ അത് പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ വേണ്ടപ്പെട്ട അധികാരികളുമായി ആലോചിച്ച് ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന ബോഡിന്റെ വാക്ക് വിലക്കെടുത്താണ് കൊട്ടാരം മുന്നോട്ടുപോയിരുന്നത്. എന്നാല്‍ യുവതീപ്രവേശന കേസുകള്‍ ഉടന്‍ പിന്‍വലിക്കില്ലെന്നാണ് മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞത്. സുപ്രീംകോടതിയിലുള്ള കേസുകളിലും മുന്‍പുണ്ടായിരുന്ന നിലപാടുതന്നെ ആവര്‍ത്തിച്ച സര്‍ക്കാര്‍ തീരുമാനം പ്രതിഷേധാത്മകവും, ഭക്തജനങ്ങള്‍ക്ക് വേദനാജനകവുമാണ്.
കേസുകള്‍ പിന്‍വലിക്കുക എന്നതായിരുന്നു പന്തളം കൊട്ടാരം പ്രധാനമായും ആവശ്യപ്പെട്ട കാര്യം. സര്‍ക്കാറും ദേവസ്വം ബോഡും ക്ഷേത്രാചാരങ്ങളില്‍ മാറ്റം വരുത്താതെ വിശ്വാസികളെയും അവരുടെ വിശ്വാസങ്ങളെയും സംരക്ഷിച്ചു കൊണ്ടു മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. മറിച്ചുള്ള തീരുമാനങ്ങളോട് യോജിക്കാനാകില്ല. കൊട്ടാരത്തിലെ അംഗങ്ങളുടെ നിര്യാണം മൂലമുണ്ടായ അശുദ്ധി സെപ്റ്റംബര്‍ 27നു മാത്രമേ കഴിയുകയുള്ളു. അതുവരെ ഇതുപോലെ ഉള്ള ചടങ്ങില്‍ നിന്നും കൊട്ടാരം വിട്ടുനില്‍ക്കുമെന്നും പ്രതിനിധികള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha