ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്: സരിതക്കെതിരെ വഞ്ചനാ കേസിൽ എഫ്ഐആർ കോടതിയിൽ

സോളാർ തട്ടിപ്പ് കേസ് പ്രതി സരിത നായർക്കെതിരെ വഞ്ചനാ കേസിൽ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. നെയ്യാറ്റിൻകര ഒന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയിലാണ് നെയ്യാറ്റിൻകര പോലീസ് രണ്ട് എഫ് ഐ ആറുകൾ സമർപ്പിച്ചത്.
ബിവറേജസ് കോർപ്പറേഷനിലും കേരളാ ടൂറിസ്റ്റ് ഡെവലപ്പ്മെൻറ് കോർപ്പറേഷനിലും ജോലി വാഗ്ദാദാനം ചെയ്ത് രണ്ടു യുവാക്കളിൽ നിന്നായി പതിനാറു ലക്ഷം രൂപ വഞ്ചിച്ചെടുത്ത് വ്യാജ നിയമന ഉത്തരവ് നൽകിയെന്നാണ് കേസ്. അഞ്ചു ലക്ഷം രൂപ തട്ടിയെടുത്തെന്ന ഓലത്താന്നി സ്വദേശി അരുണിൻ്റെയും പതിനൊന്നു ലക്ഷം രൂപ തട്ടിയെടുത്തെന്ന തിരുപുറം നിവാസി അരുണിൻ്റെയും പരാതിയിലാണ് രണ്ടു കേസുകളെടുത്തത്.
കുന്നത്തുകാൽ പഞ്ചായത്ത് പാലിയോട് വാർഡ് സി പി എം സ്ഥാനാർത്ഥി രതീഷാണ് കേസുകളിൽ ഒന്നാം പ്രതി. സരിത നായർ രണ്ടാം പ്രതിയും ഷാജു പാലിയോട് എന്നയാൾ മൂന്നാം പ്രതിയുമാണ്. തിരുപുറം സ്വദേശി അരുണിൻ്റെ സഹോദരന് ബെവ്കോയിൽ സ്റ്റോർസ് അസിസ്റ്റൻറ് തസ്തികയിൽ ജോലി വാങ്ങി നൽകാമെന്ന് പ്രലോഭിപ്പിച്ച് 11 ലക്ഷം രൂപ വഞ്ചിച്ചെടുത്തുവെന്നാണ് ഒരു കേസ്.
വ്യാജ നിയമന ഉത്തരവിൻ്റെ പകർപ്പും സരിതാ നായർ അരുണിനോട് മൊബൈലിൽ സംസാരിച്ചതിൻ്റെ വോയ്സ് ക്ലിപ്പും പരാതിക്കൊപ്പം ആവലാതിക്കാരൻ ഹാജരാക്കിയിരുന്നു. നെയ്യാറ്റിൻകര സ്റ്റേഷൻ ഹൗസ് ഓഫീസറായ സർക്കിൾ ഇൻസ്പെക്ടർ ശ്രീകുമാരൻ നായരാണ് കേസ് അന്വേഷണം നടത്തുന്നത്.
"
https://www.facebook.com/Malayalivartha