'പ്രദീപ് ഉറക്കെ പറഞ്ഞ പലതും നിങ്ങളെ പലരെയും പ്രകോപിപ്പിച്ചിട്ടുണ്ടാകാം. പക്ഷെ ഒരു കാര്യം നിങ്ങളറിയണം. അവൻ അഴിമതിയുടെ കറപുരളാതെ 4 പതിറ്റാണ്ട് ജീവിച്ചു. ആരെയും ചതിക്കുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ല...' സനൽ കുമാർ ശശിധരൻ കുറിക്കുന്നു

മാധ്യമപ്രവർത്തകൻ എസ്.വി പ്രദീപിന്‍റെ അപകട മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം ഉന്നയിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്ത് എത്തുന്നത് . അപകടമുണ്ടാക്കിയത് പ്രദീപിന്‍റെ പിന്നില്‍ വന്ന ടിപ്പറാണെന്ന് സൂചിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നു. സംഭവത്തിൽ കടുത്ത ദുഃഖം രേഖപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകനായ സനൽ കുമാർ ശശിധരൻ. 'ഭീരുക്കൾ പട്ടാപ്പകൽ വൺവേ റോഡിൽ പിന്നിൽ നിന്ന് ഇടിച്ചു കൊന്നപ്പോൾ പട്ടി ചത്തു എന്ന് കമെന്റെഴുതുന്ന കൃമികൾ ജീവിക്കുന്ന ഈ പുഴുത്ത സമൂഹത്തിനു വേണ്ടിയായിരുന്നു. അവന്റെ ലളിതമായ ജീവിതവും സത്യസന്ധതയും ആയിരുന്നു അവന്റെ രാഷ്ട്രീയം. അത് മാത്രമാണ് സത്യം. പ്രദീപ് മരിച്ചു എന്നത് വെറും തോന്നലാണ്. അവൻ ഇവിടെയുണ്ട്. ഇനിയവനെ ആർക്കും കൊല്ലാൻ കഴിയില്ലെന്ന് മാത്രം'- എന്നും അദ്ദേഹം കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
എസ്. വി. പ്രദീപ് ഉറക്കെ പറഞ്ഞ പലതും നിങ്ങളെ പലരെയും പ്രകോപിപ്പിച്ചിട്ടുണ്ടാകാം. പക്ഷെ ഒരു കാര്യം നിങ്ങളറിയണം. അവൻ അഴിമതിയുടെ കറപുരളാതെ 4 പതിറ്റാണ്ട് ജീവിച്ചു. ആരെയും ചതിക്കുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ല. അവന് വേണമെങ്കിൽ പണം സമ്പാദിക്കാനായി മൗനം പാലിക്കാമായിരുന്നു. അല്ലെങ്കിൽ അധികാരത്തിന്റെ പൊട്ടും പൊടിയും നേടാൻ പലരും ചെയ്യുന്നപോലെ ആർക്കെങ്കിലും വേണ്ടി ഒച്ചയുണ്ടാക്കാമായിരുന്നു. ഒന്നാന്തരം വാഗ്മിയായിരുന്നു അവൻ. നല്ല അഭിഭാഷകനാകുമായിരുന്നു. നാടക പ്രവർത്തകനായിരുന്നു. കറകളഞ്ഞ കമ്യൂണിസ്റ്റായിരുന്നു. ധീരനായിരുന്നു. വധഭീഷണികൾ വകവെക്കാതെ സധൈര്യം ജീവിച്ച പോരാളിയായിരുന്നു.
അവന്റെ ശൈലിയിൽ എനിക്കുൾപ്പെടെ ധാരാളം പേർക്ക് വിയോജിപ്പുണ്ടായിരുന്നു. പക്ഷെ അവന്റെ സ്വാതന്ത്ര്യ ബോധത്തെ അസൂയയോടെ മാത്രമേ നോക്കികാണാൻ പോലും എനിക്ക് കഴിഞിട്ടുള്ളൂ. ഏറാന്മൂളിയാകാൻ സമ്മതമാകുമായിരുന്നെങ്കിൽ ഏത് രാഷ്ട്രീയ പാർട്ടിയിലും അവന് സ്ഥാനം ലഭിക്കുമായിരുന്നു. എത്ര വേണമെങ്കിലും പണമുണ്ടാക്കാമായിരുന്നു. പിന്നിൽ വന്ന് ഇടിച്ചുവീഴ്ത്താൻ കഴിയാത്തവിധം ഒരു നാലുചക്രവാഹനമെങ്കിലും സമ്പാദിക്കാമായിരുന്നു. തനിക്ക് കിട്ടുന്നപണമല്ലായിരുന്നു അവന്റെ സംതൃപ്തി. തനിക്ക് ശരിയെന്ന് വിശ്വാസമുള്ളത് വിളിച്ചു പറയുന്നതിൽ അവനു ഹരമായിരുന്നു. പക്ഷെ അതൊന്നും അവനുവേണ്ടിയോ കുടുംബത്തിനുവേണ്ടിയോ അവന്റെ പറക്കമുറ്റാത്ത മകന് വേണ്ടിയോ ആയിരുന്നില്ല.
ഭീരുക്കൾ പട്ടാപ്പകൽ വൺവേ റോഡിൽ പിന്നിൽ നിന്ന് ഇടിച്ചു കൊന്നപ്പോൾ പട്ടി ചത്തു എന്ന് കമെന്റെഴുതുന്ന കൃമികൾ ജീവിക്കുന്ന ഈ പുഴുത്ത സമൂഹത്തിനു വേണ്ടിയായിരുന്നു. അവന്റെ ലളിതമായ ജീവിതവും സത്യസന്ധതയും ആയിരുന്നു അവന്റെ രാഷ്ട്രീയം. അത് മാത്രമാണ് സത്യം. പ്രദീപ് മരിച്ചു എന്നത് വെറും തോന്നലാണ്. അവൻ ഇവിടെയുണ്ട്. ഇനിയവനെ ആർക്കും കൊല്ലാൻ കഴിയില്ലെന്ന് മാത്രം.
https://www.facebook.com/Malayalivartha