അടുത്ത ലക്ഷ്യം വേറെ... ഇടത് വലത് മുന്നണികളെ നിലംതൊടീക്കാതെയുള്ള കിഴക്കമ്പലം ട്വന്റി-20യുടെ പ്രകടനം അമിത്ഷായുടെ ചെവികളിലുമെത്തി; ഇങ്ങനെ ബിജെപി വളര്‍ന്നിരുന്നെങ്കില്‍ സംസ്ഥാനം കൈയ്യിലിരുന്നേനെ; കിഴക്കമ്പലം മറ്റൊരു ആം ആദ്മിയായി മാറുമോയെന്ന ചോദ്യം ബാക്കി

കിഴക്കമ്പലം ട്വന്റി-20യുടെ വളര്‍ച്ച ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയേയും അമ്പരപ്പിക്കുന്നതാണ്. ഇടതു വലത് മുന്നണികള്‍ ഒപ്പം ചേര്‍ന്ന് പൊരുതിയിട്ടും കിഴക്കമ്പലം ട്വന്റി-20യുടെ രോമത്തില്‍ തൊടാനായില്ല. കിഴക്കമ്പലം ട്വന്റി-20യുടെ പ്രകടനം സാക്ഷാല്‍ അമിത്ഷായുടെ ചെവിയിലുമെത്തിയിട്ടുണ്ട്. ഇങ്ങനെ ബിജെപി വളര്‍ന്നിരുന്നെങ്കില്‍ സംസ്ഥാനം കൈയ്യിലിരുന്നേനെയെന്നാണ് പലരും ചിന്തിക്കുന്നത്. മാത്രമല്ല ഡല്‍ഹിയിലെ ആം ആദ്മി പോലെ കിഴക്കമ്പലം വളരുമോയെന്നാണ് എല്ലാവരും ചോദിക്കുന്നത്. എന്തായാലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു മത്സരം ഉറപ്പാണ്.
അദ്ഭുതകരമായ പ്രകടനമാണ് എറണാകുളം ജില്ലയില്‍ ട്വന്റി-20 കൂട്ടായ്മ കാഴ്ചവച്ചിരിക്കുന്നത്. രാഷ്ടീയ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കുമെതിരെ ഒറ്റയ്ക്കു നിന്നു കഴിഞ്ഞതവണ കിഴക്കമ്പലം പഞ്ചായത്തില്‍ അധികാരം പിടിച്ച ട്വന്റി-20 ഇക്കുറി 3 അയല്‍ പഞ്ചായത്തുകളും സ്വന്തമാക്കി. ഒരിടത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഇത്തവണ കിഴക്കമ്പലത്തിനു പുറമേ മഴുവന്നൂര്‍, ഐക്കരനാട്, കുന്നത്തുനാട് എന്നീ ഗ്രാമപ്പഞ്ചായത്തുകളാണു നേടിയത്. വെങ്ങോല പഞ്ചായത്തില്‍ 23ല്‍ 10 വാര്‍ഡുകളില്‍ ജയിച്ച് വലിയ ഒറ്റക്കക്ഷിയായി. ഐക്കരനാട് പഞ്ചായത്തില്‍ 14 ല്‍ 14 വാര്‍ഡും നേടിയാണു ജയം. വിജയത്തിന് പിന്നില്‍ ചുക്കാന്‍ പിടിച്ചത് ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു ജേക്കബാണ്.
കിഴക്കമ്പലം നിലനിര്‍ത്തിയതിനു പുറമേ മൂന്നു സമീപ ഗ്രാമപഞ്ചായത്തുകളിലും വെന്നിക്കൊടി പാറിച്ച് ട്വന്റി ട്വന്റി ജനകീയ മുന്നണി ചരിത്രവിജയം നേടിയതാണ് വാര്‍ത്ത ഡല്‍ഹിയിലുമെത്തിയത്. മൂന്നു മുന്നണിയെയും ബഹുദൂരം പിന്നിലാക്കിയാണു ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂര്‍ പഞ്ചായത്തുകളിലും ഭരണം പിടിച്ചെടുത്തത്.
വെങ്ങോല പഞ്ചായത്തില്‍ മത്സരിച്ച 11 സീറ്റില്‍ എട്ടിലും വിജയിച്ചു. പത്തു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ മത്സരിച്ചതില്‍ വാഴക്കുളം ബ്ലോക്കില്‍ നാലില്‍ മൂന്നിടത്തും വടവുകോട് ബ്ലോക്കില്‍ ആറില്‍ അഞ്ചു ഡിവിഷനുകളിലും വിജയിച്ചു. മത്സരിച്ച രണ്ടു ജില്ലാ പഞ്ചായത്ത് ഡിവിഷനുകളായ കോലഞ്ചേരിയിലും വെങ്ങോലയിലും അട്ടിമറി വിജയം നേടി.
കിഴക്കമ്പലം പഞ്ചായത്തില്‍ 2015ല്‍ 19 ല്‍ 17 സീറ്റാണു ട്വന്റി ട്വന്റി നേടിയതെങ്കില്‍ ഇത്തവണ 18 സീറ്റും നേടി. ഐക്കരനാട്ടില്‍ 14 സീറ്റും ട്വന്റി ട്വന്റി തൂത്തുവാരി. കുന്നത്തുനാട്ടിലും മഴുവന്നൂരിലും 18 സീറ്റില്‍ 11 വീതം നേടി. പലയിടത്തും എല്‍.ഡി.എഫും യു.ഡി.എഫും ധാരണയുണ്ടാക്കിയാണു മത്സരിച്ചത്. അവിടങ്ങളില്‍ വന്‍ ഭൂരിപക്ഷമാണു ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥികള്‍ക്കു ലഭിച്ചത്. മുന്നണി ഭരണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും തുറന്നുകാട്ടിയായിരുന്നു ട്വന്റി ട്വന്റി പ്രചാരണം നടത്തിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ കൂടുതല്‍ വോട്ടും സീറ്റും ഉറപ്പിച്ചാണ് ഇത്തവണ ട്വന്റിട്വന്റി കളത്തില്‍ ഇറങ്ങിയത്. വളരെ നേരത്തെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സംഘടന പ്രചാരണ രംഗത്ത് സജീവമായിരുന്നു.
എറണാകുളം ജില്ലയിലെ ഐക്കരനാട് ഗ്രാമപഞ്ചായത്തില്‍ ട്വന്റി ട്വന്റി മുഴുവന്‍ സീറ്റും നേടി. മൂന്നു മുന്നണികളെയും ക്ലീന്‍ ബൗള്‍ഡാക്കിയാണു മിന്നുന്ന വിജയം നേടിയത്. സംസ്ഥാനത്തു പ്രതിപക്ഷമില്ലാത്ത ഏകപഞ്ചായത്താകുമിത്.
കിഴക്കമ്പലം ട്വന്റി-20യുമായി ബന്ധമില്ലെങ്കിലും തീരദേശ പഞ്ചായത്തായ ചെല്ലാനത്തെ ട്വന്റി-20 കൂട്ടായ്മ മുഖ്യ പ്രതിപക്ഷമെന്ന നേട്ടമുണ്ടാക്കി. കൊച്ചി കോര്‍പറേഷനില്‍ മത്സരിച്ച വി 4 കൂട്ടായ്മ 3 ഡിവിഷനുകളില്‍ രണ്ടാം സ്ഥാനത്തെത്തി.
പാലക്കാട് ജില്ലയില്‍ പട്ടാമ്പി നഗരസഭയില്‍ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെട്ട ടി.പി. ഷാജിയുടെ 'വി ഫോര്‍ പട്ടാമ്പി' മത്സരിച്ച 6 സീറ്റിലും വിജയിച്ചു. അതേസമയം തിരുവനന്തപുരം കോര്‍പറേഷനില്‍ 14 വാര്‍ഡുകളില്‍ മത്സരത്തിനിറങ്ങിയ തിരുവനന്തപുരം വികസന മുന്നേറ്റത്തിന് (ടിവിഎം) ഒരു സീറ്റും കിട്ടിയില്ല. കണ്ണൂരില്‍ തളിപ്പറമ്പ് നഗരസഭ കീഴാറ്റൂര്‍ വാര്‍ഡില്‍ സിപിഎമ്മിനെതിരെ മത്സരത്തിനിറങ്ങിയ വയല്‍ക്കിളികള്‍ക്കും പരാജയം. ഈ കൂട്ടായ്മകളില്‍ ഏറ്റവും തിളങ്ങുന്ന വിജയമാണ് കിഴക്കമ്പലം ട്വന്റി-20ക്കുള്ളത്. അതിനാല്‍ തന്നെ ട്വന്റി-20യുടെ വിജയം പഠിക്കാനുള്ള ശ്രമത്തിലാണ് മറ്റുള്ളവര്‍.
https://www.facebook.com/Malayalivartha