കത്തെങ്ങനെ പൊക്കി... ഇടതുപക്ഷ അനുഭാവമുള്ളവരെ ചലച്ചിത്ര അക്കാദമിയില്‍ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി എ.കെ. ബാലന് അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ അയച്ച കത്ത് ചോര്‍ന്നതിനെ കുറിച്ച് ആഭ്യന്തര അന്വേഷണം

കമല്‍ അയച്ച കത്ത് ചോര്‍ന്നതിനെ കുറിച്ച് ആഭ്യന്തര അനേനടത്തുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കത്ത് നിയമസഭയില്‍ പുറത്തുവിട്ടത്. കത്ത് മന്ത്രി എ.കെ. ബാലന്റെ ഓഫീസിലേക്ക് കമല്‍ നേരിട്ട് കൊടുത്തയക്കുകയായിരുന്നു. ഇത്തരമൊരു കത്ത് ചോര്‍ന്നതെങ്ങനെയാണെന്നാണ് അന്വേഷണം.
നാല് താല്‍ക്കാലിക ജീവനക്കാരെ സ്ഥരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കമല്‍ നല്‍കിയ കത്തിന്റെ പകര്‍പ്പാണ് പുറത്തുവന്നത്. കഴിഞ്ഞ ഓഗസ്റ്റ് മാസമാണ് കമല്‍ ഇത്തരമൊരു കത്ത് മന്ത്രിക്ക് നല്‍കിയത്. ഷാജി എച്ച്. (ഡെപ്യൂട്ടി ഡയറക്ടര്‍, ഫെസ്റ്റിവല്‍), റിജോയ് കെ.ജെ. (പ്രോഗ്രാം മാനേജര്‍, ഫെസ്റ്റിവല്‍), എന്‍.പി. സജീഷ് (ഡെപ്യൂട്ടി ഡയറക്ടര്‍, പ്രോഗ്രാംസ്), വിമല്‍ കുമാര്‍ വി. പി. (പ്രോഗ്രാം മാനേജര്‍, പ്രോഗ്രാംസ്) എന്നിവരെ സ്ഥിരപ്പെടുത്തണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥിരപ്പെടുത്തുന്നതിനുള്ള കാരണങ്ങളുടെ കൂട്ടത്തില്‍ രണ്ടാം പേജിലെ അഞ്ചാം ഖണ്ഡികയിലാണ് ഇവരുടെ ഇടതുപക്ഷ ബന്ധം വിവരിച്ചിരിക്കുന്നത്.
ഇടതുപക്ഷ അനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളില്‍ ഊന്നിയ സാംസ്‌കാരിക പ്രവര്‍ത്തന രംഗത്ത് നിലകൊള്ളുന്നവരുമാണ് ഈ ജീവനക്കാര്‍. കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നതിന് ഇത് സാഹയകരമായിരിക്കുമെന്നാണ് കമല്‍ കത്തില്‍ പറയുന്നു.
കത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍നിരത്തിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. ഇടതുപക്ഷാനുഭാവികളെ തിരുകിക്കയറ്റുന്നത് നഗ്‌നമായ ചട്ടലംഘനമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇതേ മാതൃകയിലാണ് വിവിധ വകുപ്പുകളില്‍ പിന്‍വാതില്‍ നിയമനം നടക്കുന്ന വാദമാണ് പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്നത്. ഇതിനൊടുവിലാണ് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയത്.
സംസ്ഥാനത്തിന്റെ വിവിധ ഓഫീസുകളില്‍ ഇടതുപക്ഷ സ്വഭാവം നിലനിര്‍ത്തുന്നവരെ സ്ഥിരപ്പെടുത്തുന്നുണ്ട്. ഇതില്‍ തെറ്റിയും തെറിച്ചും കോണ്‍ഗ്രസുകാരും സ്ഥിരമാകുന്നുണ്ട്. എന്നാല്‍ ലോക്കല്‍ കമ്മിറ്റികള്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്കാണ് മുന്‍ഗണന. ലോക്കല്‍ കമ്മിറ്റികളില്‍ നിന്നും ഏരിയ കമ്മിറ്റി വഴി ജില്ലാ കമ്മിറ്റിയിലെത്തുന്ന കത്തുകള്‍ അതീവ രഹസ്യമായാണ് അതത് മന്ത്രിമാരുടെ ഓഫീസുകളിലെത്തുന്നത്. അത്തരത്തിലാണ് ബാലന്റെ ഓഫീസിലേക്കും കമലിന്റെ കത്ത് എത്തിയത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കത്ത് ചോര്‍ന്നു. ആയിര കണക്കിന് കത്തുകളാണ് മന്ത്രിയുടെ ഓഫീസില്‍ എത്തുന്നത്.
കത്ത് മന്ത്രിയുടെ ഓഫീസില്‍ നിന്ന് ചോര്‍ന്നതല്ലെന്നാണ് ഓഫീസ് വൃത്തങ്ങള്‍ പറയുന്നത്. ചലച്ചിത്ര അക്കാദമിയില്‍ അതീവ രഹസ്യമായി തയ്യാറാക്കിയ കത്താണ് ഇത്. കത്ത് തന്റെ ഓഫീസില്‍ നിന്ന് ചോരാനുള്ള സാഹചര്യം കമല്‍ നിഷേധിക്കുന്നു. കമലുമായി അടുപ്പമുള്ള വൃത്തങ്ങള്‍ പറയുന്നത് കത്ത് ചോര്‍ന്നത് മന്ത്രിയുടെ ഓഫീസില്‍ നിന്നാണ് എന്നാണ്. മന്ത്രി കത്ത് സെക്ഷനിലേക്ക് നല്‍കിയോ എന്നും അന്വേഷക്കുന്നുണ്ട്.
സെക്രട്ടേറിയറ്റില്‍ ചെന്നിത്തലക്ക് വേണ്ടി ഒരു സ്ലീപ്പിംഗ് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കഴിഞ്ഞ കുറെ നാളുകളായി സംശയിക്കുന്നുണ്ട്. അവര്‍ കൃത്യ സമയത്ത് രഹസൃ രേഖകള്‍ ചോര്‍ത്തി ചെന്നിത്തലക്ക് നല്‍കുന്നുണ്ട്. ഇത്തരക്കാരെ കണ്ടെത്താന്‍ കുറെ നാളായി ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല. കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള സംഘടനാ പ്രവര്‍ത്തകരാണ് ചെന്നിത്തലയെ സെക്രട്ടേറിയറ്റില്‍ സഹായിക്കുന്നത്. ഇവരുടെ യോഗങ്ങളും ചെന്നിത്തല നടത്താറുണ്ട്. ചലച്ചിത്ര അക്കാദമിയിലെ കത്ത് ഇത്തരത്തില്‍ ചോര്‍ന്നതാണോ എന്ന സംശയം സര്‍ക്കാരിനുണ്ട്. ചലച്ചിത്ര അക്കാദമി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഏതായാലും കാലാവധി അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമുള്ള സാഹചര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രതയിലാണ്. ഇത്തരത്തില്‍ കിട്ടുന്ന കത്തുകളെല്ലാം രഹസ്യ അറയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇല്ലെങ്കില്‍ കാര്യങ്ങള്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്നാണ് കരുതുന്നത്.
ഇപ്പോള്‍ സ്ഥിരപ്പെടുത്തുന്നവരുടെ കണക്ക് ചെന്നിത്തലയുടെ നേതൃത്വത്തില്‍ എടുക്കുന്നുണ്ട്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഇവരുടെയെല്ലാം പണി പുറത്താകും.
"
https://www.facebook.com/Malayalivartha

























