പണിതീര്‍ന്ന വീട്... ആ വീട് ശാലുവിന് നല്‍കിയത് ദു:ഖം മാത്രം, വിഐപികള്‍ വന്നതിന്റെ പേരില്‍ പേരുദോഷം, പോലീസ് കൊണ്ടു പോയതും ആ വീട്ടില്‍ വച്ചുതന്നെ, വീടുവച്ചത് തന്റെ 75ലക്ഷം കൊണ്ടാണെന്ന് റാസിഖ്‌അലി

ശാലുമേനോന്‍ അടുത്തിടെ താമസമായ വീട് തന്റെ 75 ലക്ഷം രൂപ കൊണ്ടാണ് പണിതതെന്ന് തട്ടിപ്പു കേസിലെ പരാതിക്കാരനായ തിരുവനന്തപുരം സ്വദേശി റാസിഖ് അലി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. ഈ വീട്ടിലെ പാലുകാച്ചലാണ് അടുത്തിടെ ഏറെ വിവാദമുണ്ടാക്കിയത്. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ മുരളീധരന്‍ എന്നിവര്‍ പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സോളാര്‍ വിവാദം ശക്തിപ്പെട്ടപ്പോള്‍ പാലുകാച്ചലില്‍ ആഘോഷപൂര്‍വ്വം പങ്കെടുത്ത വിഐപിമാര്‍ തലയില്‍ മുണ്ടിടാന്‍ തുടങ്ങി. ചടങ്ങിലെ ഫോട്ടോകളും വീഡിയോയുമെല്ലാം ഇതിനിടെ പോലീസ് ഇടപെട്ട് നശിപ്പിക്കയായിരുന്നു. എന്നാല്‍ മനോരമ ചാനലില്‍ ആ ഫോട്ടോകള്‍ കാണിക്കാന്‍ തുടങ്ങിയതോടെയാണ് പാലുകാച്ചലിന്റെ വിഐപി മുഖം പുറത്തു വന്നത്. അതോടെ ആഭ്യന്തര മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പാലുകാച്ചലിലെ സാന്നിധ്യം ഏറ്റു പറഞ്ഞു. അങ്ങനെ കേരളം കണ്ട ഏറ്റവും വലിയ പാലുകാച്ചലായി ശാലുവിന്റെ വീട്.
മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വീടിനെപ്പറ്റി വാനോളം പുകഴ്‌ത്തിപ്പറഞ്ഞതിനുശേഷമാണ് സ്ഥലം വിട്ടത്. ആകര്‍ഷകമായ ഡിസൈനിംഗ്, വില കൂടിയ പെയിന്റിംഗ്, മനോഹരമായ ഇന്റീരിയല്‍ ഡിസൈനിംഗ്, കുലീനമായ ഫര്‍ണിച്ചറുകള്‍. എന്തായാലും ശാലു മേനോന് ആവീട്ടില്‍ സ്വസ്ഥമായി അധികകാലം താമസിക്കാന്‍ കഴിഞ്ഞില്ല. താമസമായി കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ബിജു രാധാകൃഷ്‌ണനെ അറസ്റ്റു ചെയ്യുകയായിരുന്നു. ഏതു നിമിഷവും പിടിക്കപ്പെടാമെന്ന അവസ്ഥയില്‍ വെന്തുരുകിയാണ് ശാലു ആ വീട്ടില്‍ കഴിഞ്ഞത്. ഇതിനിടയ്‌ക്ക് മാധ്യമങ്ങളുടെ മുന്നില്‍ വന്ന് താന്‍ കഷ്‌ടപ്പെട്ടുണ്ടാക്കിയ വീടാണെന്നും ശാലു പറഞ്ഞിരുന്നു. വിഐപികള്‍ ഏതുവിധേനയും തന്നെ രക്ഷിക്കുമെന്നു തന്നെയാണ് ശാലു കരുതിയത്. എന്നാല്‍ ആഭ്യന്തരമന്ത്രിതന്നെ വെട്ടിലായപ്പോള്‍ ഉള്ളൊന്നു കത്തി. അപ്പോഴേക്കും കോടതി വിധിയും വന്നു. അതോടെ ആ പ്രശസ്‌തമായ പാലുകാച്ചല്‍ വീട്ടില്‍ നിന്നുതന്നെ ശാലുവിനെ അറസ്റ്റും ചെയ്‌തു.
സോളാര്‍ തട്ടിപ്പ് കേസില്‍ നടി ശാലുമേനോന്‍ കുറ്റം സമ്മതിച്ചതായി പോലീസ്. എ. ഡി. ജി. പി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാലുമണിക്കൂറോളം ശാലുവിനെ ചോദ്യം ചെയ്തത്. പരാതിക്കാരനായ റാസിഖ് അലിയെയും ചോദ്യം ചെയ്യല്‍ നടന്ന എ. ഡി. ജി. പി ഓഫീസിലേക്ക് വിളിച്ച് വരുത്തിയിരുന്നു. തമിഴ്നാട്ടില്‍ കാറ്റാടിപ്പാടം തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് ബിജു രാധാകൃഷ്ണന്‍ മൂന്നുഘട്ടങ്ങളിലായി 75 ലക്ഷം രൂപ തട്ടിയെടുത്തെന്നും ഇതില്‍ 25 ലക്ഷം രൂപ വാങ്ങിയത് ബിജുവും ശാലുവും ചേര്‍ന്നാണെന്നും റാസിഖ് അലി അറിയിച്ചു.
തന്റെ അട്ടക്കുളങ്ങരയിലെ വീട്ടിലും കൊച്ചിയിലെ തുണിക്കടയിലും ഹോട്ടലിലും വച്ചാണ് പണം കൈമാറിയത്. ശാലുവിന് പത്തുലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജു രാധാകൃഷ്ണന്‍ അയച്ച എസ്എംഎസ് സന്ദേശങ്ങളും അദ്ദേഹം ഹാജരാക്കി. കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്നാണ് ശാലുവിനെ ബിജു പരിചയപ്പെടുത്തിയത്. ഇരുവരും വിവാഹിതരായെന്നും തന്നോട് പറഞ്ഞതായും റാസിഖ് അലി പൊലീസിന് മൊഴി നല്‍കി. എഡിജിപി എ ഹേമചന്ദ്രന്റെ ചോദ്യംചെയ്യലില്‍ ആരോപണങ്ങള്‍ ശാലു ആദ്യം നിഷേധിച്ചെങ്കിലും വിശദമായ ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിച്ചു. ബിജു രാധാകൃഷ്ണന്‍ തന്നെയും പറ്റിച്ചെന്നാണ് അവര്‍ ആദ്യം പറഞ്ഞത്. പണമിടപാടുസംബന്ധിച്ച എസ്എംഎസ് സന്ദേശങ്ങളും മറ്റും കാണിച്ചതോടെ, 25 ലക്ഷം വാങ്ങിയപ്പോള്‍ ബിജുവിനൊപ്പം ഉണ്ടായിരുന്നുവെന്നും വീട് നിര്‍മിക്കുന്നതിന് ബിജു പണം നല്‍കിയെന്നും ശാലു സമ്മതിച്ചു.
https://www.facebook.com/Malayalivartha