തൊഴിലാളികൾ താഴെതട്ടിൽ, ഉദ്യോഗസ്ഥർക്ക് വച്ചടി കയറ്റം... മില്ലുകളിൽ കള്ളക്കണക്ക് കാണിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് ശമ്പളക്കയറ്റവും സ്ഥാനക്കയറ്റവും... അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിച്ച് സർക്കാർ...

തെരഞ്ഞെടുപ്പ് ചൂട് പിടിക്കുന്നതിനിടെ പലതരത്തിലുള്ള കള്ളകളികളാണ് പുറത്ത് വരുന്നത്. കേരളത്തിലെ ടെക്സ്റ്റൈൽ മില്ലുകൾ ഇപ്പോൾ നേടിയ ലാഭങ്ങളുടെ കഥയാണു പറയുന്നത്.
കേൾക്കാൻ നല്ല സുഖമുള്ള കണക്കാണിത്. എന്നാൽ ഈ കണക്കുകൾ യഥാർഥത്തിലുള്ളതല്ലെന്ന് അവിടെ ജോലി ചെയ്യുന്ന തൊഴിലാളികൾ തന്നെ തുറന്നു പറയുന്നുണ്ട്.
ഉന്നതോദ്യോഗസ്ഥർക്ക് ഉയർന്ന ശമ്പളവർധനവ് നേടിയെടുക്കാനുള്ള തന്ത്രം മാത്രമാണ് ഈ കണക്കിലെ ലാഭം എന്നും അവർ പരാമർശിക്കുന്നു. സർക്കാരിനാണെങ്കിൽ മുഖം മിനുക്കാൻ ഈ ലാഭക്കണക്കുകൾ നല്ല രീതിയിൽ പ്രയോജനം ചെയ്യുന്നുമുണ്ട്.
യഥാർഥത്തിൽ രേഖയിൽ പോലുമില്ലാത്ത ലാഭക്കഥകളുമായി നമ്മുടെ ടെക്സ്റ്റൈൽ മില്ലുകൾ മുന്നേറുമ്പോൾ മില്ലുകൾ പ്രവർത്തിക്കാൻ അഹോരാത്രം പ്രയത്നിക്കുന്ന സാധാരണ തൊഴിലാളികൾക്ക് അർഹമായ വേതന വർധനവിന് ഇനിയും സർക്കാർ തുനിഞ്ഞിട്ടില്ല.
നിയമനവിവാദം കൊഴുക്കുന്ന കേരളത്തിൽ, കള്ളക്കണക്കെഴുതുന്ന ഈ അക്കൗണ്ട്സ് ഓഫിസർമാരും സ്ഥിരനിയമന പട്ടികയിലാണെന്നും ആരോപണമുണ്ട്.
കോഴിക്കോട് തിരുവണ്ണൂരിലെ മലബാർ സ്പിന്നിങ് ആൻഡ് വീവിങ് മിൽ നവംബറിൽ 7 ലക്ഷം രൂപ ലാഭം നേടിയതായാണ് മിൽ മാനേജ്മെന്റിന്റെ പക്ഷം. രണ്ടു രീതിയിലാണ് ഈ കണക്കിലെ കളി.
ഒന്ന്, മുൻമാസങ്ങളിൽ വാങ്ങിവച്ച പരുത്തി ഉപയോഗിച്ച് നൂൽ നിർമിച്ചാൽ അതത് മാസം പരുത്തി വാങ്ങിയ ചെലവു കാണിക്കേണ്ടിവരില്ല. അപ്പോൾ നഷ്ടം സ്വാഹ.
മറ്റൊരു തന്ത്രം, വൈദ്യുതിയിനത്തിലും തൊഴിലാളികളുടെ പിഎഫ്, ഇഎസ്ഐ കുടിശിക ഇനങ്ങളിൽ വൻബാധ്യതയെക്കുറിച്ചു മിണ്ടാതിരുന്നും ഈ കണക്കുകൾ അവതരിപ്പിക്കാം.
ഇവിടെ ഈ രണ്ടു രീതിയിലും അവതരിപ്പിച്ച കണക്കുകൾ ഇതുവരെ ആരും ചോദ്യം ചെയ്തിട്ടില്ല. 7 ലക്ഷം രൂപ ലാഭം കാണിച്ച മാസം തിരുവണ്ണൂർ മില്ലിന്റെ യഥാർഥ സാമ്പത്തിക ബാധ്യത എത്രയെന്നാൽ, കെഎസ്ഇബിക്ക് നൽകാനുള്ളത്– 8.45 കോടി രൂപ, പിഎഫ് കുടിശ്ശിക– 2 കോടി രൂപ, ഇഎസ്ഐ കുടിശ്ശിക– 30 ലക്ഷം രൂപ.
ഇനി ലാഭം കൊണ്ടു നേട്ടമുണ്ടാക്കിയവർ ആരൊക്കെയെന്നു നോക്കാം. മില്ലുകളിലെ ജൂനിയർ മാനേജർ അസി. മാനേജർമാരായി മാറിക്കഴിഞ്ഞു. അസി. മാനേജർമാർ ഡപ്യൂട്ടി മാനേജർമാരായും ഡപ്യൂട്ടി മാനേജർമാർ ജനറൽ മാനേജർമാരുമായി മാറിക്കഴിഞ്ഞതാണ് ഈ കണക്കു കൊണ്ടുണ്ടായ നേട്ടം.
അതുവഴി കോടിക്കണക്കിനു രൂപ സർക്കാരിൽ നിന്ന് ഉന്നത ഉദ്യോഗസ്ഥരുടെ പോക്കറ്റുകളിലെത്തുകയും ചെയ്യും. എന്നും നഷ്ടങ്ങൾ സഹിക്കുന്നത് തൊഴിലാളികൾ മാത്രം.
സർക്കാർ ജീവനക്കാർക്ക് 5 വർഷം തോറും വേതനം വർധിപ്പിച്ചു കൊണ്ടിരിക്കുന്ന കേരളത്തിൽ കഴിഞ്ഞ 10 വർഷമായി വേതന പരിഷ്കാരത്തിന് അർഹതയില്ലാതെ കഴിയുന്ന വിഭാഗമാണ് ടെക്സ്റ്റൈൽ മില്ലുകളിലെ തൊഴിലാളി ജനത.
ഇവരുടെ വേതനം വർധിപ്പിക്കാൻ അധ്വാനഭാരം വർധിപ്പിക്കണമെന്ന പ്രത്യേക നിബന്ധന പണ്ടേ എഴുതിവച്ച് ദ്രോഹിക്കുകയാണെന്ന് തൊഴിലാളികൾ പറയുന്നു.
അതേസമയം, ഇതെഴുതിച്ചേർത്ത ഉന്നതദ്യോഗസ്ഥർക്ക് അധ്വാനഭാരം വർധിപ്പിക്കാതെ ശമ്പളവർധനവും ഉറപ്പുവരുത്തി. തൊഴിലാളി സർക്കാരെന്നു പറയുന്നവർ തൊഴിലാളികളുടെ ആവശ്യങ്ങൾക്കു
നേരേ കണ്ണടക്കുന്നത് ഭൂഷണമാണോ എന്നും അവർ ചോദിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വഞ്ചനാ പരമായ ചെയ്തികൾ ഇനിയും സർക്കാരും ഉന്നത അധികാരികളും കണ്ടില്ലെന്നു നടിക്കുകയാണ്.
https://www.facebook.com/Malayalivartha