പാലാ മെത്രാന്‍ ബിജെപിയെ ഞെട്ടിച്ചു; അന്തം വിട്ട് അച്ചന്‍മാരും വിശ്വാസികളും, നസ്രാണി കേന്ദ്രമായ പാലായില്‍ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് രാമക്ഷേത്രം പണിയാന്‍ ആര്‍എസ്എസിന് സംഭാവന നല്‍കിയതില്‍ മാനങ്ങളേറെ....

അര നൂറ്റാണ്ട് എംഎല്‍എയും മന്ത്രിയുമായ കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ രാഷ്ട്രീയതട്ടകത്തില്‍, അതിനപ്പുറം അറിയപ്പെടുന്ന നസ്രാണി കേന്ദ്രമായ പാലായില്‍ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് രാമക്ഷേത്രം പണിയാന്‍ ആര്‍എസ്എസിന് സംഭാവന നല്‍കിയതില്‍ മാനങ്ങളേറെ. ആര്‍എസ്എസ് ബിജെപി നേതാക്കളെ പാലാ ബിഷപ്‌സ് ഹൗസില്‍ ക്ഷണിച്ചിരുത്തി ചായ കൊടുത്ത് സല്‍കരിച്ചശേഷമാണ് ശ്രീരാമന് അഭിവാദ്യം അര്‍പ്പിച്ച് സംഭാവന അര്‍പ്പിച്ചത്.
മതസൗഹാര്‍ദത, ദേശീയത എന്നൊക്കെ ഈ സംഭാവന അര്‍പ്പണത്തെ നിര്‍വചിക്കാമെങ്കിലും പാലാ മെത്രാന്‍ ഇന്ത്യന്‍ കത്തോലിക്കാ സഭയിലും സീറോ മലബാര്‍ കത്തോലിക്കാ സഭയിലും ചില്ലറക്കാരനല്ല. ദൈവശാസ്ത്രജ്ഞനും മഹാപണ്ഡിതനും വാഗ്മിയുമായ ജോസഫ് കല്ലറങ്ങാട്ട് വടവാതൂര്‍ സെന്റ് തോമസ് മേജര്‍ സെമിനാരിയില്‍ പ്രഫസറും ആയിരക്കണക്കിന് വൈദികരുടെ ഗുരുനാഥനുമാണ്. ഭാരതീയ കത്തോലിക്കാ മെത്രാന്‍ സമിതിയിലെ പ്രധാനിയും ദൈവശാസ്ത്ര സംബന്ധമായ കമ്മീഷനില്‍ ദേശീയ മെത്രാന്‍സമിതിയുടെ ചെയര്‍മാനുമാണ് കല്ലറങ്ങാട്ട്. വന്‍നഗരങ്ങളില്‍ മാത്രം നടന്നിരുന്ന അഖിലേന്ത്യാ മെത്രാന്‍ സമിതി ദേശിയ സമ്മേളനം പാലാ പോലൊരു ചെറുപട്ടണത്തില്‍ എട്ടു വര്‍ഷം മുന്‍പ് വിജയകരമായി നടത്തി പേരെടുന്ന മെത്രാനാണ് ഇദ്ദേഹം. ആ സമ്മേളനത്തിനുമാത്രമായി ഒരു ആറു നില കെട്ടിടം മീനച്ചിലാറിന്റെ തീരത്ത് അദ്ദേഹം പണികഴിപ്പിക്കുകയും ചെയ്തു.
സര്‍വോപരി അടുത്ത സിബിസിഐ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കത്തോലിക്ക മെത്രാന്‍സമിതി പരിഗണിച്ചുവരുന്ന മെത്രാനുമാണ് കടുത്ത കല്‍ദായ സുറിയാനി പാരമ്പര്യവാദിയായ മാര്‍ കല്ലറങ്ങാട്ട്. പാലാ രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര്‍ സെബാസ്റ്റ്യന്‍ വയലിന്റെ പിതാമഹന്‍മാര്‍ പഴയ നാട്ടുരാജാക്കന്‍മാരായിരുന്ന മീനച്ചില്‍ കര്‍ത്താക്കന്‍മാരുടെ മന്ത്രിയും സൈന്യാധിപകരുമായിരുന്നു.
കര്‍ത്താക്കന്‍മാരെ കാത്തുപോന്ന പഴയ സൈനിക ഉടവാള്‍ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ മെത്രാനായ കാലത്തും പൂജ്യമായി സൂക്ഷിച്ച പാരമ്പര്യമുണ്ട്. മെത്രാനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇതെ വയലില്‍ മെത്രാനെ കര്‍ത്താക്കന്‍മാരുടെ അന്നത്തെ തലമുറ ഉടവാളും പട്ടും മാലയും അണിയിച്ച് സ്വീകരിച്ച ചരിത്രവുമുണ്ട്. പോരെങ്കില്‍ പാലാ സെന്റ് തോമസ് കത്തീഡ്രല്‍ സ്ഥിതി ചെയ്യുന്ന ഇടം മീനച്ചില്‍ കര്‍ത്താക്കന്‍മാര്‍ പഴയകാലത്ത് പാലാ രൂപതയ്ക്ക് ദാനം നല്‍കിയതുമാണ്.
ഇപ്പോഴത്തെ സംഗതി അതൊന്നുമല്ല, നിലവിലെ മെത്രാന്‍ പാലാ ചേര്‍പ്പുങ്കലില്‍ മാര്‍ ശ്ലീവാ മെഡി സിറ്റി എന്ന കൂറ്റന്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി പണിത് ആകെ കടം കയറി നില്‍പ്പാണ്. ഇത്തരത്തില്‍ കടം വാങ്ങിയും വിശ്വാസികളെ പിഴിഞ്ഞും ആശുപത്രിയുണ്ടാക്കിയതിന്റെ പേരില്‍ കുഞ്ഞാടുകള്‍ ബിഷപ്പിനെതിരെ ആകെ വിമര്‍ശനത്തിലുമാണ്. ആര്‍ഭാടം നിറഞ്ഞ് ആത്മീയത മറന്നുള്ള പാലാ രൂപതയുടെ പോക്കില്‍ സങ്കടം സഹിക്കവയ്യാതെ കല്ലറങ്ങാട്ടിന്റെ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ബിഷപ് സ്ഥാനം ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കാന്‍ തീരുമാനമെടുത്തു നില്‍ക്കുന്നു. അടുത്ത വര്‍ഷം ഇദ്ദേഹം മെത്രാന്‍ സ്ഥാനം ഉപേക്ഷിച്ച് അദ്ദേഹത്തിന്റെ പഴയ ഗുരുഭൂതനായ സേവ്യര്‍ കൂടപ്പുഴയച്ചന്റെ നല്ലതണ്ണിയിലെ മാര്‍ത്തോമ ശ്ലീഹ ആശ്രമത്തില്‍ തപസ് അനുഷ്ഠിക്കാന്‍ പുറപ്പെടുകയുമാണ്.
ഈ ഒഴിവില്‍ പൈകക്കാരനും ഇപ്പോള്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ ബിഷപ്പുമായ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വന്നുചേരുമെന്നാണ് കേള്‍വി. നിര്‍മാണത്തിലും സാമ്പത്തിക കാര്യത്തിലും കല്ലറങ്ങാടിന് പറ്റിയ ആള്‍ സ്രാമ്പിക്കലാണെന്ന് പണ്ടേ കേള്‍വിയുണ്ട്. ചേര്‍പ്പുങ്കലില്‍ ആശുപത്രി പണിയിച്ചും മെത്രാന്‍ സമ്മേളനം നടത്തിയും കടംകയറിയ മാര്‍ കല്ലറങ്ങാട്ട് കടം വീട്ടാന്‍ കണ്ടെത്തിയ ഉപായത്തിനെതിരെ പാലാ രൂപതയില്‍ ഉയര്‍ന്ന പ്രതിഷേധം അവസാനിച്ചിട്ടില്ല. പാലാ നഗരത്തില്‍ പഴയ കാലത്ത് പാലായിലെ വന്‍കിട സമ്പന്ന പ്രഭു കുടുംബങ്ങള്‍ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ ബിഷപിന് സംഭാവന നല്‍കിയ ആറിടത്തെ സ്ഥലങ്ങള്‍ വില്‍ക്കാണ് കല്ലറങ്ങാട്ടിന്റെ തീരുമാനം. ഇത്തരത്തില്‍ സ്ഥലം വില്‍പന സംബന്ധിച്ച് രണ്ടു പത്രങ്ങളില്‍ പാലാ രൂപ പരസ്യം നല്‍കിയകതോടെ വിശ്വാസികള്‍ ഇളകി. വിശ്വാസികള്‍ സംഘടിച്ചതോടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി വില്‍പനക്ക് നിരോധനം പ്രഖ്യാപിച്ചു. കൊച്ചിയിലെ സഭയിലെ സ്ഥലം വില്‍പന വിവാദത്തിനു പിന്നാലെ പാലായില്‍ നടന്ന സ്ഥലം വില്‍പന നീക്കം വന്‍വിവാദത്തിനാണ് തീ കൊളുത്തിയത്.
ഇതിനിടെയിലാണ് കര്‍ദിനാള്‍മാരായ ആലഞ്ചേരിയും ബസേലിയോസ് ക്ലീമീസും ഓസ്വാള്‍ഡ് ഗ്രേഷ്യസും ചേര്‍ന്ന് രണ്ടു മാസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചത്. മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ളയായിരുന്നു ഇതിന്റെ ഇടനിലക്കാരന്‍. ഫ്രാന്‍സിസ് മാര്‍പ്പാപ്പെയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്നും ഇന്ത്യയില്‍ കേരളത്തില്‍ ഉള്‍പ്പെടെ ആറിടത്ത് സ്വീകരണം നല്‍കണമെന്നും കര്‍ദിനാള്‍മാര്‍ മോദിയോട് ആവശ്യപ്പെട്ടപ്പോള്‍ കോവിഡ് മഹാമാരിയുട തീവ്രത കുറഞ്ഞാലുടന്‍ പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.
ഇത്തരത്തിള്ള പ്രീണനത്തിന്റെ ഭാഗമാണ് പാലാ മെത്രാന്‍ രാമക്ഷേത്രത്തിനുനല്‍കിയ ലക്ഷം സംഭാവന. ഇതിനൊപ്പം നസ്രാണികളായ ജോര്‍ജ് കുര്യന്‍, അല്‍ഫോന്‍സ് കണ്ണന്താനം മുന്‍ ഡിജിപി ജേക്കബ് തോമസ്, പിസി തോമസ് എന്നിവരൊക്കെ പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പാലാ മണ്ഡലങ്ങളിലൊക്കെ നിയമസഭയിലേക്ക് മത്സരിക്കാന്‍ കോപ്പുകൂട്ടി വരികയുമാണ്. ചേര്‍പ്പുങ്കല്‍ മാര്‍ ശ്ലീവ ആശുപത്രിയില്‍ ഹിന്ദുരോഗികളെ ആകര്‍ഷിക്കുകയെന്നതിനേക്കാള്‍ മാര്‍ കല്ലറങ്ങാട്ട് ദേശീയ തലത്തില്‍ ശ്രദ്ധ നേടാവുന്നതും ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയാകാവുന്നതുമായ ഒരു വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നു ശ്രീരാമക്ഷേത്രത്തിലേക്കുള്ള സംഭാവനയിലൂടെ. പുരാതനമായ പാലാ കടപ്പാട്ടൂര്‍ ക്ഷേത്രത്തിലെ വെടിവഴിപാടും ഭജനയും നാമജപവും എന്നും കേട്ടുണരുന്ന കല്ലറങ്ങാട്ട് മെത്രാനച്ചന്റെ മഹാമനസ്തതയെ മഹത്തരം എന്ന് സഭ വിശേഷിപ്പിക്കും. മാര്‍ ക്ലീമീസും മാര്‍ ആലഞ്ചേരിയും സംഭാവന അര്‍പ്പണത്തെ വിമര്‍ശിക്കാന്‍ ഒരു സാധ്യതയുമില്ല.
https://www.facebook.com/Malayalivartha