സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി ലഭിച്ചു... എറണാകുളം സിജെഎം കോടതി അനുമതി നൽകിയത്...

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അനുമതി. സിആർപിസി 164 അനുസരിച്ച് മൊഴി രേഖപ്പെടുത്താനാണ് എറണാകുളം സിജെഎം കോടതി അനുമതി നൽകിയിട്ടുള്ളത്.
ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കോടതി നടപടിയെടുത്തത്. ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം സന്ദീപിൻ്റെ മൊഴി ജയിലിലെത്തി രേഖപ്പെടുത്തിയിരുന്നു.
സന്ദീപിനെ അഞ്ച് മണിക്കൂർ നേരമാണ് ക്രൈംബ്രാഞ്ച് ജയിലിൽ ചോദ്യം ചെയ്തത്. മുഖ്യമന്ത്രിയുടെയും ഉന്നതരുടെയും പേര് പറയാൻ നിർബന്ധിച്ചുവെന്ന് സന്ദീപ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു.
മുഖ്യമന്ത്രി, സ്പീക്കർ, കെ. ടി. ജലീൽ, ബിനീഷ് കോടിയേരി എന്നിവരുടെ പേര് പറയാൻ നിർബന്ധിച്ചുവെന്നാണ് സന്ദീപ് നൽകിയ മൊഴി. കസ്റ്റഡിയിലും ജയിലിലും ചോദ്യം ചെയ്തപ്പോൾ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്നും സന്ദീപ് പറയുന്നു.
എൻഫോഴ്സ്മെന്റ് അറിയാതെയാണ് സന്ദീപ് നായരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. കോടതിയിൽ നൽകിയ അപേക്ഷയുടെ പകർപ്പ് ഇഡിയ്ക്ക് മുൻപാകെ നൽകിയിട്ടില്ല.
ഇഡിയുടെ വിശദീകരണം കേൾക്കാതെയാണ് ചോദ്യം ചെയ്യാനുള്ള അനുമതി വാങ്ങിയതെന്നും കോടതിയെ ക്രൈംബ്രാഞ്ച് കബളിപ്പിച്ചു എന്നുമാണ് ഇഡിയുടെ വാദം. ക്രൈംബ്രാഞ്ച് നടപടി സംശയാസ്പദമാണെന്ന് എൻഫോഴ്സ്മെന്റ് വൃത്തങ്ങൾ ആരോപിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha