നടനെന്ന നിലയിലും തിളങ്ങി... പ്രശസ്ത നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രന്‍ അന്തരിച്ചു; ഉള്ളടക്കം, പവിത്രം, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ബാലചന്ദ്രന്‍; നാല്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു

മലയാള സിനിമയ്ക്ക് വലിയൊരു നഷ്ടമായി മറ്റൊരു വിയോഗം കൂടി. പ്രശസ്ത സിനിമാ നാടക പ്രവര്‍ത്തകനും അധ്യാപകനുമായ പി. ബാലചന്ദ്രന്‍ (69) അന്തരിച്ചു. തിരക്കഥാകൃത്ത്, നാടക സിനിമാ സംവിധായകന്‍, നാടക രചയിതാവ്, അധ്യാപകന്‍, അഭിനേതാവ്, നിരൂപകന്‍ തുടങ്ങിയ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ബാലചന്ദ്രന് വലിയൊരു ശിഷ്യ സമൂഹമുണ്ട്.
കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2012 ല്‍ മികച്ച രണ്ടാമത്തെ ചിത്രത്തിനുളള സംസ്ഥാന പുരസ്‌കാരം നേടിയ' ഇവന്‍ മേഘരൂപന്‍' എഴുതി സംവിധാനം ചെയ്തു. ഉള്ളടക്കം, പവിത്രം, പുനരധിവാസം, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. നാല്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.
കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് ജനനം. അച്ഛന്‍ പരേതനായ പത്മനാഭപിള്ള. അമ്മ സരസ്വതിഭായി. ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, കൊല്ലം കര്‍മലറാണി ട്രെയിനിങ് കോളേജ്, തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ എന്നിവിടങ്ങളില്‍ പഠനം. കുറച്ചുകാലം സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ഗസ്റ്റ് ലക്ചററായി പ്രവര്‍ത്തിച്ചു.
പിന്നീട് എം.ജി യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ അധ്യാപകനായി. 2012ല്‍ വിരമിച്ചു. വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും സ്‌നേഹപൂര്‍വം ബാലേട്ടന്‍ എന്നാണ് വിളിച്ചിരുന്നത്.
സ്‌കൂള്‍കാലത്തുതന്നെ അധ്യാപകര്‍ക്കൊപ്പം നാടകങ്ങളിലഭിനയിച്ചിരുന്നു. ഡിബി കോളജില്‍ ഡിഗ്രി ഒന്നാം വര്‍ഷം പഠിക്കുമ്പോഴാണ് ആദ്യ നാടകമെഴുതിയത്. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ സംവിധാനം പഠിക്കുന്ന കാലത്താണ് നാടകമെന്ന മാധ്യമത്തിന്റെ സാധ്യതകള്‍ പൂര്‍ണമായി തെളിഞ്ഞുകിട്ടിയതെന്ന് ബാലചന്ദ്രന്‍ പറഞ്ഞിട്ടുണ്ട്.
മലയാള നാടകവേദിയുടെ ചരിത്രത്തോടൊപ്പം ചേര്‍ന്ന പേരാണ് ബാലചന്ദ്രന്റേത്. മകുടി, പാവം ഉസ്മാന്‍, മായാസീതാങ്കം, കല്യാണ സൗഗന്ധികം, മാറാമറയാട്ടം, തുടങ്ങി നിരവധി നാടകങ്ങള്‍ രചിച്ചു. ഏകാകി, ലഗോ, തീയറ്റര്‍ തെറാപ്പി, ഒരു മധ്യവേനല്‍ പ്രണയരാവ്, ഗുഡ് വുമന്‍ ഓഫ് സെറ്റ്‌സ്വാന്‍ തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തു.
സിനിമയ്ക്കു തിരക്കഥയെഴുതാന്‍ നടത്തിയ ആദ്യ ശ്രമങ്ങള്‍ വിജയിച്ചില്ല. 1991 ല്‍ മോഹന്‍ലാല്‍ ചിത്രമായ അങ്കിള്‍ബണ്ണിനു തിരക്കഥയെഴുതിയാണ് സജീവ സിനിമാജീവിതത്തിനു തുടക്കമിട്ടത്. പിന്നാലെ ഉള്ളടക്കം, പവിത്രം, തച്ചോളി വര്‍ഗീസ് ചേകവര്‍, പുനരധിവാസം, അഗ്‌നിദേവന്‍, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങള്‍ക്കു തിരക്കഥയൊരുക്കി.
2019 ല്‍ പുറത്തിറങ്ങിയ എടക്കാട് ബറ്റാലിയനാണ് അവസാനം തിരക്കഥയെഴുതി പുറത്തിറങ്ങിയ ചിത്രം. മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഇവന്‍ മേഘരൂപന്‍ എന്ന ചിത്രം. അന്നയും റസൂലും, ട്രിവാന്‍ഡ്രം ലോഡ്ജ്, ബ്യൂട്ടിഫുള്‍, ഹോട്ടല്‍ കാലിഫോര്‍ണിയ, ഇമ്മാനുവല്‍, ചാര്‍ളി, കമ്മട്ടിപ്പാടം തുടങ്ങി നാല്‍പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.
1989 ലെ മികച്ച നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (പാവം ഉസ്മാന്‍), 1989ല്‍ കേരള സംസ്ഥാന പ്രഫഷനല്‍ നാടക അവാര്‍ഡ് (പ്രതിരൂപങ്ങള്‍), 1999 ലെ കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് (തിരക്കഥ പുനരധിവാസം), മികച്ച നാടക രചനയ്ക്കുള്ള 2009 ലെ കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചു.
ഭാര്യ: വൈക്കം നഗരസഭ മുന്‍ അധ്യക്ഷ ശ്രീലത ചന്ദ്രന്‍. മക്കള്‍: ശ്രീകാന്ത് ചന്ദ്രന്‍, പാര്‍വതി ചന്ദ്രന്‍.
https://www.facebook.com/Malayalivartha