മലബാര്‍ മേഖലയില്‍ തിരിച്ചടി പക്ഷേ..; തുടര്‍ ഭരണം ലഭിക്കും; ജി. സുകുമാരന്‍ നായരെ വന്ദിച്ച് പിണറായി: തങ്ങളുടെ പരിശ്രമം പാഴാവില്ലെന്നാണ് മുഖ്യമന്ത്രി; നടന്നത് കൃത്യമായ മാനേജ്മെന്റ്

കേരളത്തില്‍ ഇടതു തുടര്‍ ഭരണം വരുമെന്ന കണക്കുകൂട്ടലില്‍ സി പി എം. പിണറായി സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്ന് തെരഞ്ഞടുപ്പിന് ശേഷമുള്ള പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് സംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ആഹ്ലാദത്തില്‍ നിന്നും വ്യക്തമാണ്. തങ്ങളുടെ പരിശ്രമം പാഴാവില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
എന്നാല്‍ മലബാര്‍ മേഖലയില്‍ സി പി എമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ വോട്ടുകുറഞ്ഞത് ഇടതിന്റെ അപ്രമാദിത്വം ഇല്ലാതാക്കുമെന്ന സംശയവും ഇടതുമുനണിക്ക് ഇല്ലാതില്ല. ഇടതു കോട്ടകളായ സ്ഥലങ്ങളിലും വോട്ടു കുറഞ്ഞിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ വോട്ടുകള്‍ കൃത്യമായി ചെയ്യിപ്പിച്ചിട്ടുണ്ടെന്ന സമാധാനമാണ് സി പി. എം നേതാക്കള്‍ക്കുള്ളത്. കൃത്യമായ മാനേജ്മെന്റാണ് ഇക്കാര്യത്തിലുണ്ടായത്.
ഭരണതുടര്‍ച്ച ലഭിച്ചാല്‍ സി പി എം അതിന് കടപ്പെട്ടിരിക്കുന്നത് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരോടാണ്. വോട്ടെടുപ്പ് ദിവസം രാവിലെ തന്നെ ഇടതു മുന്നണിക്കെതിരെ അദ്ദേഹം രംഗത്തെത്തിയതോടെ ഇടതുമുന്നണിക്ക് അനുകൂലമായ സമുദായ ധ്രുവീകരണം ഉണ്ടായെന്നാണ് ഇടതുമുന്നണി കരുതുന്നത്. ഇതാണ് ഇടതുമുന്നണിയെ വിജയത്തിലേക്ക് നയിക്കുന്നതെന്നും അവര്‍ കരുതുന്നു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞടുപ്പിലും ജി. സുകുമാരന്‍ നായര്‍ ഇടതുമുന്നണിക്കെതിരെ ആഞടിച്ചിരുന്നു. അതിന്റെ ഫലം തെരഞ്ഞടുപ്പിലുണ്ടായി. ഇടതുമുന്നണി വലിയ വിജയമാണ് അന്ന് നേടിയത്. എന്‍ എസ് എസ് ആസ്ഥാനത്ത് പോലും ഇടതുമുന്നണി ജയിച്ചു കയറി.
അതിനിടെ ഇരട്ടവോട്ടുകള്‍ ഇല്ലാതായതാണ് പോളിംഗ് കുറയാന്‍ കാരണമെന്ന് കരുതുന്നവരും ധാരാളം. ഇരട്ട വോട്ടിനെതിരെ പട നയിച്ച ചെന്നിത്തലയുടെ വിജയമാണ് വാദിക്കുന്നവരാണ് ഇവര്‍.
സ്വാമി അയ്യപ്പന്‍ തന്നെയാണ് നിയമസഭാ തെരഞ്ഞടുപ്പില്‍ താരമായത്. ജി.സുകുമാരന്‍ നായരുടെ പ്രസ്താവനക്ക് അതേ നാണയത്തില്‍ തന്നെ മുഖ്യമന്ത്രി മറുപടി പറഞ്ഞതോടെയാണ് ശബരിമല വീണ്ടും ചര്‍ച്ചയായത്. സുകുമാരന്‍ നായര്‍ക്ക് മുഖ്യമന്ത്രി നല്‍കിയ മറുപടി മുന്‍കൂട്ടി തയ്യാറാക്കിയത് ആണെന്നാണ് വിലയിരുത്തപ്പെടുന്നത്.
യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ശബരിമല യുവതി പ്രവേശനത്തിനെതിരെ നിയമനിര്‍മ്മാണം നടത്തുമെന്ന യു ഡി എഫിന്റെ പ്രഖ്യാപനമാണ് സി പി എമ്മിനെ ആദ്യം പ്രതിസന്ധിയിലാക്കിയത്.. ഈ വാഗ്ദാനം പ്രകടന പത്രികയില്‍ മുന്നോട്ടു വയ്ക്കാന്‍ കോണ്‍ഗ്രസ്സില്‍ തീരുമാനിച്ചതോടെ സി പി എം കൂടുതല്‍ പ്രതിസന്ധിയിലായി. 19 സീറ്റ് നേടി പാര്‍ലെമെന്റ് തെരഞ്ഞടുപ്പില്‍ ആധിപത്യം ഉറപ്പിച്ച മട്ടില്‍ ഇക്കുറിയും ശബരിമല ഉയര്‍ത്തി കൊണ്ടുവരാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.
ശബരിമല സ്ത്രീപ്രവേശ വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളിലെ നിയമപ്രശ്നങ്ങളില്‍ വാദം കേള്‍ക്കാനുള്ള ഒമ്പതംഗ വിശാല ഭരണഘടനാ ബെഞ്ച് സുപ്രീം കോടതി ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് രൂപീകരിച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയാണ് ശബരിമല ബഞ്ചിന്റെ അധ്യക്ഷന്‍. ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍, നാഗേശ്വര്‍ റാവു, എം.ശാന്തനഗൗഡര്‍, ബി.ആര്‍.ഗവായ്, എസ്.അബ്ദുള്‍ നസീര്‍, ആര്‍.സുഭാഷ് റെഡ്ഡി, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ അംഗങ്ങള്‍ .
ശബരിമല ഉള്‍പ്പെടെ സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട സമാന വിഷയങ്ങളില്‍ ഒന്‍പതംഗ ബെഞ്ചില്‍നിന്നുണ്ടാകുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും പുനഃപരിശോധനാ ഹര്‍ജികള്‍ തീര്‍പ്പാക്കുക. നവംബര്‍ 14-നാണ് ശബരിമലവിഷയം അഞ്ചംഗബെഞ്ച് വിശാലബെഞ്ചിനുവിട്ടത്.
അന്നത്തെ വിധിയനുസരിച്ച് മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനം, അന്യമതസ്ഥരെ വിവാഹംകഴിച്ച പാഴ്സി സ്ത്രീകളുടെ ക്ഷേത്രപ്രവേശനം, ദാവൂദി ബോറ വിഭാഗത്തിലെ പെണ്‍കുട്ടികളിലെ ചേലാകര്‍മം എന്നീ വിഷയങ്ങള്‍കൂടി ഒന്‍പതംഗ ബെഞ്ച് പരിഗണിക്കേണ്ടതുണ്ട്. എന്നാല്‍, ആ കേസുകള്‍ മറ്റു ബെഞ്ചുകളുടെ പരിഗണനയിലിരിക്കുന്നതിനാല്‍ അവയെക്കുറിച്ച് നോട്ടീസില്‍ പറയുന്നില്ല.
പുനഃപരിശോധനാ ഹര്‍ജികളില്‍ നിന്ന് ഉയര്‍ന്നു വന്ന ചോദ്യങ്ങളില്‍ വിശാല ബെഞ്ച് തിരഞ്ഞെടുപ്പിന് മുന്‍പ് വാദം കേള്‍ക്കാത്ത സാഹചര്യത്തില്‍ ഇതിനുള്ള അവസരം പുതിയ സര്‍ക്കാരിന് ലഭിക്കും. പുതിയ സര്‍ക്കാരിന്റെ നിലപാട് വിധിയുടെ സ്വാധീനിക്കും.
മുമ്പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പത്തിനും അന്‍പതിനുമിടയിലുള്ള സ്ത്രീകളുടെ പ്രവേശനം ശബരിമലയില്‍ വിലക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഹര്‍ജി വാദത്തിന് വന്നത് ഇടതു സര്‍ക്കാരിന്റെ കാലത്താണ്. പത്തിനും അന്‍പതിനുമിടയ്ക്കുള്ള സ്ത്രീകള്‍ക്ക് ദര്‍ശനം നല്‍കണമെന്നാണ് പിണറായി സര്‍ക്കാര്‍ വാദിച്ചത്. അങ്ങനെയാണ് സര്‍ക്കാരിന് അനുകൂലമായ വിധി സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. ഭരണഘടനയുടെ പതിനാലാം അനുഛേദ പ്രകാരമുള്ള തുല്യതാവകാശം മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടാണ് എക്കാലവും കോണ്‍ഗ്രസും ഉമ്മന്‍ ചാണ്ടിയും കോടതിയില്‍ എടുത്തിട്ടുള്ളത്.
ശബരിമല ഏശിയിട്ടില്ലെന്ന നിപേടില്‍ തന്നെയാണ് ഇടതുമുന്നണിയും സര്‍ക്കാരുമുള്ളത്. അതു തന്നെയാണ് തിരികെ വരുമെന്ന പിണറായിയുടെ ഉറപ്പിന് പിന്നിലുള്ളത്.
"
https://www.facebook.com/Malayalivartha