വീണ്ടും ജോര്‍ജ് തന്നെ താരം, മുഖ്യമന്ത്രിയോട് സഹതാപമുണ്ട്, കോണ്‍ഗ്രസിന്റെ ഗ്രൂപ്പു വഴക്കില്‍ ദു:ഖമുണ്ട്, പന്തിപ്പോള്‍ രമേശിന്റേയും ഉമ്മന്‍ചാണ്ടിയുടേയും കൈകളിലാണ്, അവര്‍ക്ക് ഇന്‍ ആക്കുകയോ ഔട്ട് ആക്കുകയോ ചെയ്യാം

കേരള കോണ്‍ഗ്രസിന്റെ വിലക്ക് വിശദീകരിക്കുന്ന സമയത്തും പിസി ജോര്‍ജിന് സ്വയം നിയന്ത്രിക്കാനായില്ല. തനിക്കു പറയാനുള്ള കാര്യങ്ങള്‍ അദ്ദേഹം തുറന്നു പറഞ്ഞു. തന്നെ മാത്രമായി പാര്‍ട്ടി താക്കീത് ചെയ്തിട്ടില്ലെന്ന് പി സി ജോര്‍ജ് പ്രതികരിച്ചു. പാര്‍ട്ടിയിലെ എല്ലാവരും ആലോചിച്ചാണ് കാര്യങ്ങള്‍ പറയുന്നതില്‍ സ്വയം വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് വഴക്ക് അതിരു വിടുന്നതില്‍ ദു:ഖമുണ്ട്. ഇനി മുതല്‍ കോണ്‍ഗ്രസിന്റെ കാര്യത്തില്‍ കേരളാ കോണ്‍ഗ്രസ് ഇടപെടില്ല. പ്രശ്നം ഉണ്ടാക്കിയത് കോണ്‍ഗ്രസ് തന്നെയാണ്. അത് അവര്‍ തന്നെ തീര്‍ക്കട്ടെ. ഉമ്മന്‍ ചാണ്ടിയോട് സഹതാപമാണുള്ളത്. പന്ത് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും കൈകളിലാണ്. അവര്‍ക്ക് തട്ടുകയോ തട്ടാതിരിക്കുകയോ ചെയ്യാം. ഇന്‍ ആവണോ ഔട്ട് ആവണോ എന്ന് അവര്‍ക്കു തന്നെ തീരുമാനിക്കാമെന്നും പിസി ജോര്‍ജ് പറഞ്ഞു.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് വിവാദ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് പി.സി. ജോര്‍ജിനോട് കേരളാ കോണ്‍ഗ്രസ് പറഞ്ഞിരുന്നു. മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന പി സി ജോര്‍ജിന്റെ വിവാദ പ്രസ്താവനകള്‍ നിയമസഭയ്ക്കകത്തും പുറത്തും സര്‍ക്കാരിന് കനത്ത വെല്ലുവിളിയായതോടെയാണ് കേരള കോണ്‍ഗ്രസ് അദ്ദേഹത്തെ താക്കീത് ചെയ്തത്. സര്‍ക്കാറിന് അനുകൂലമായി മാത്രം സംസാരിക്കണം. വിവാദങ്ങളില്‍ നിന്ന് വിട്ടുനല്‍ക്കണമെന്നും മുന്നണിയെ ബാധിക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ ഇറക്കരുതെന്നും കേരളാ കോണ്‍ഗ്രസ് പിസി ജോര്‍ജിനോട് പറഞ്ഞു.
പിസി ജോര്‍ജ് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പ്രതിപക്ഷം ഏറ്റെടുത്തത് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരുന്നു.
https://www.facebook.com/Malayalivartha