മൃഗസ്നേഹിയായ പ്ലസ് വണ്‍ വിദ്യാര്‍ഥി പേവിഷബാധയേറ്റ് മരിച്ചു...

മൃഗസ്നേഹിയായ പ്ലസ് വണ്‍ വിദ്യാര്‍ഥി പേവിഷബാധയേറ്റ് മരിച്ചു. തകഴി ഗ്രാമപ്പഞ്ചായത്ത് ഒന്നാംവാര്‍ഡ് കരുമാടി കിഴക്കേമുറി പുഷ്പമംഗലം വീട്ടില്‍ ശരത്കുമാറിന്റെ മകന്‍ എസ്. സൂരജ് (17) ആണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.
തകഴി ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ കൊമേഴ്‌സ് വിദ്യാര്‍ഥിയായിരുന്നു. ഉമിനീരും രക്തവും പരിശോധിച്ച് മരണകാരണം പേവിഷബാധയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
കഴിഞ്ഞമാസം 20-ന് ബന്ധുവീട്ടില്‍വെച്ച് വളര്‍ത്തുനായയില്‍നിന്ന് കഴുത്തിനു പോറലേറ്റതായി സംശയിക്കുന്നു. പേവിഷ പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നില്ല. ചൊവ്വാഴ്ചയാണ് കുട്ടിക്ക് അസ്വസ്ഥത തുടങ്ങിയത്. ജിംനേഷ്യത്തില്‍ നിന്നു വന്നപ്പോള്‍ നടുവേദനയുണ്ടായി. തുടര്‍ന്ന് തകഴിയിലെ സ്വകാര്യ ആശുപത്രിയില്‍ പോയി. പിറ്റേന്ന് പേവിഷബാധയുടെ ലക്ഷണം കണ്ടതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു.
ബുധനാഴ്ച രാവിലെ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെത്തിച്ച കുട്ടിയെ പരിശോധനയ്ക്കുശേഷം തീവ്രപരിചരണവിഭാഗത്തിലെ ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റി. വെള്ളിയാഴ്ച രാവിലെ മരിച്ചു.
പേവിഷബാധയ്ക്കു കാരണമായെന്നു കരുതുന്ന വളര്‍ത്തുനായയ്ക്ക് പ്രതിരോധകുത്തിവെപ്പ് എടുത്തതാണ്. നായ ജീവനോടെയുണ്ട്. സൂരജിന് മറ്റു നായകള്‍, പൂച്ചകള്‍ എന്നിവയുമായും സമ്പര്‍ക്കമുണ്ടായിരുന്നു. അച്ഛന്‍ തകഴി ക്ഷേത്രത്തിനു സമീപത്തെ ഗീതാ കഫേ ഉടമയാണ്. അമ്മ: ഗീത. സഹോദരന്‍: സഹജ്. മൃതദേഹം വൈകുന്നേരം നാലുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌കാരചടങ്ങുകള്‍ നടന്നു.
https://www.facebook.com/Malayalivartha